വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന, ഒപ്പം വന്നവരുടെ വസ്ത്രം മാറി ധരിക്കേണ്ടി വന്നു; നീറ്റ് പരീക്ഷയ്ക്കെതിരെ വ്യാപക പരാതി.
സ്വന്തം ലേഖകൻ
മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലുമാണ് നീറ്റ് പ്രവേശന പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് തങ്ങള്‍ ധരിച്ചിരുന്ന വസ്ത്രം കൂടെ വന്ന രക്ഷിതാക്കളുമായി മാറേണ്ട അവസ്ഥ വരെ ഉണ്ടായതെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ചിലരോട് ധരിച്ചിരുന്ന വസ്ത്രം പുറം തിരിച്ച് ധരിക്കാനും ദേഹപരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചെന്നാണ് റിപ്പോര്‍ട്ട്. പശ്ചിമ ബംഗാളില്‍ അടിവസ്ത്രം മാത്രം ധരിച്ച് പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥിനികള്‍ നിര്‍ബന്ധിതരായെന്നും ആരോപണമുണ്ട്. തങ്ങള്‍ക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് വിദ്യാര്‍ത്ഥിനികള്‍ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിലര്‍ക്ക് പരീക്ഷാ കേന്ദ്രത്തിന് സമീപമുള്ള കടകളില്‍ നിന്ന് പുതിയ വസ്ത്രം വാങ്ങി ധരിക്കേണ്ട അവസ്ഥ ഉണ്ടായെന്നും ഇവര്‍ പറഞ്ഞു.
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ഡ്രസ് കോഡ് പാലിക്കാനായി ദേഹ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ കര്‍ശന നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് ഇത്തരം സംഭവങ്ങളെന്നാണ് റിപ്പോര്‍ട്ട്.
ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് ലഭിച്ചിട്ടുള്ളത്. പെണ്‍കുട്ടികളോട് ഇത്തരത്തില്‍ രൂക്ഷമായ ദേഹപരിശോധനാ നയങ്ങള്‍ സ്വീകരിക്കരുതെന്ന് നിര്‍ദേശം നല്‍കുമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വ്യക്തമാക്കി.
നിരവധി രക്ഷിതാക്കള്‍ ഈ സംഭവത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതാന്‍ എത്തുമ്ബോള്‍ ഇത്തരം ദേഹപരിശോധനകള്‍ കടുത്ത മാനസിക അസ്വസ്ഥതകള്‍ ഉണ്ടാക്കുമെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം കൊല്ലം ആയൂരിലെ കോളേജില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടായത് ഏറെ വിവാദമായിരുന്നു.