ആ മാഫിയ മലയാള സിനിമയിൽ ഇപ്പോഴും ഉണ്ട്: നട്ടെല്ല് നിവർത്തി നീരജ് മാധവ്: അമ്മയ്ക്ക് വിശദീകരണം നൽകി

ആ മാഫിയ മലയാള സിനിമയിൽ ഇപ്പോഴും ഉണ്ട്: നട്ടെല്ല് നിവർത്തി നീരജ് മാധവ്: അമ്മയ്ക്ക് വിശദീകരണം നൽകി

സ്വന്തം ലേഖകൻ

കൊച്ചി: മലയാള സിനിമാ രംഗത്ത് നിഗൂഢസംഘമുണ്ടെന്ന വാദത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് ആവർത്തിച്ച് നടൻ നീരജ് മാധവ്. മലയാള സിനിമയിൽ നിലനിൽക്കുന്ന അലിഖിത നിയമങ്ങളെ പരാമർശിച്ച് എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് വിവാദമായ പശ്ചാത്തലത്തിലാണ് അദ്ദേഹം താരസംഘടനയായ അമ്മയ്ക്ക് വിശദീകരണം നൽകിയത്.

സിനിമയിൽ നിഗൂഢസംഘമുണ്ടെന്ന് പറഞ്ഞത് അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വിശദീകരണ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം നീരജിന്റെ വാക്കുകൾ എല്ലാവരെയും സംശയത്തിന്റെ മുനയിൽ നിർത്തുന്നതാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നവരുടെ പേരുകൾ എടുത്ത് പറയണമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ആരോപണങ്ങൾ അമ്മ സംഘടനയ്ക്ക് നൽകിയ കത്തിലും നീരജ് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ ആരുടെയും പേരെടുത്ത് പറയാതെയാണ് നീരജിന്റെ വിശദീകരണം നൽകിയിരിക്കുന്നത്.

ഇന്ത്യൻ സിനിമാ രംഗത്തെ ഞെട്ടലിലാക്കിയ ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടായിരുന്നു നീരജ് വിവാദ കുറിപ്പ് എഴുതിയിരുന്നത്. വളർന്ന് വരുന്ന നടൻമാരെ മുളയിലേ നുള്ളിക്കളയുന്ന പ്രവണത മലയാള സിനിമയിലുണ്ടെന്ന വിമർശനമാണ് നീരജ് പറഞ്ഞിരുന്നത്.

അതേസമയം നീരജ് ആരോപണം ആവർത്തിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് പിന്തുണ നൽകുന്നതായി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. മുഴുവൻ സിനിമാ സംഘടനകളും ഈ വിഷയം ചർച്ച ചെയ്യണമെന്ന് വ്യക്തമാക്കിയ ഉണ്ണികൃഷ്ണൻ വിഷയത്തിൽ വിശദമായ ചർച്ച ആവശ്യപ്പെട്ട് ഫെഫ്കയിലെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയനും സംവിധായകരുടെയും എഴുത്തുകാരുടെയും യൂണിയനും കത്ത് അയക്കുമെന്നും അറിയിച്ചിട്ടുണ്ട്.