പ്രളയകാലത്തെ രക്ഷാ പ്രവർത്തനത്തിന് നന്ദിമാത്രം പോര: 113 കോടി കൂടി വേണമെന്ന് വ്യോമസേന; ഞെട്ടിവിറച്ച് കേരളം

പ്രളയകാലത്തെ രക്ഷാ പ്രവർത്തനത്തിന് നന്ദിമാത്രം പോര: 113 കോടി കൂടി വേണമെന്ന് വ്യോമസേന; ഞെട്ടിവിറച്ച് കേരളം

സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രളയകാലത്ത് ആകാശത്ത് ഉയർന്നു പറന്ന് മലയാളികളുടെ ജീവനും ജീവിതവും തിരികെ നൽകിയ വ്യോമസേനയ്ക്ക് നന്ദിമാത്രം പോരെന്ന് കേരളത്തെ അറിയിച്ചു. പ്രളയ കാല രക്ഷാ പ്രവർത്തനങ്ങളുടെ തുകയായി 113 കോടി രൂപ വ്യോമസേനയ്ക്ക് കേരളം അടയ്ക്കണമെന്ന നിർദേശമാണ് ഇപ്പോൾ സംസ്ഥാന സർക്കാരിന് നൽകിയിരിക്കുന്നത്.  113,69,34,8999 രൂപ സംസ്ഥാനം നൽകണം എന്നാവശ്യപ്പെട്ടാണ് സർക്കാരിന് വ്യോമ സേന കത്ത് അയച്ചിരിക്കുന്നത്. സംസ്ഥാനത്തെ ദുരിതത്തിലാക്കിയ മഹാപ്രളയത്തിന്റെ നഷ്ടങ്ങൾ കേരളം പരിഹരിച്ച് വരുന്നതിനിടെയെത്തിയ കോടികളുടെ ബിൽ കേരളത്തിന് ഇരുട്ടടിയായി മാറി. പ്രളയ സമയത്ത് കേരളത്തിൽ രക്ഷാപ്രവർത്തനം നടത്തിയതിനാണ് വ്യോമ സേന പണം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ തുക നൽകുന്നതിൽ നിന്നും കേരളത്തെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് കത്ത് നൽകി. പ്രളയം തകർത്ത കേരളത്തിന് ഇത്രയും തുക കണ്ടെത്താൻ ബുദ്ധിമുട്ടാണ് എന്ന് കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
ഓഗസ്റ്റ് 15 മുതൽ നാല് ദിവസമാണ് വ്യോമ സേന കേരളത്തിൽ പ്രളയ രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനം നടത്തുന്നതിന് വിമാനങ്ങളും ഹെലികോപ്റ്ററുകളും മറ്റും ഉപയോഗിച്ചതിനുളള ചിലവാണ് വ്യോമസേന ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഓഖി ദുരന്ത സമയത്ത് നടത്തിയ രക്ഷാ പ്രവർത്തനത്തിനും സംസ്ഥാനത്തിന് ഇത്തരത്തിൽ കോടികളുടെ ബിൽ ലഭിച്ചിരുന്നു.
26 കോടിയുടെ ബില്ലാണ് അന്ന് കേരളത്തിന് വ്യോമ സേന അയച്ചത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചു. കേന്ദ്രം സംസ്ഥാനത്തിന് നൽകിയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും ഈ തുക ഈടാക്കും എന്നാണ് കേന്ദ്രം അന്ന് മറുപടി നൽകിയത്. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും ലഭിച്ച 2904.85 കോടി പ്രളയാനന്തര പുനർ നിർമ്മാണത്തിന് അപര്യാപ്തമാണെന്ന് സംസ്ഥാനം ചൂണ്ടിക്കാട്ടുന്നു. 31,000 കോടി രൂപയാണ് കേരളത്തിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമുളളത്.
കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ ഒരു മാസത്തെ ശമ്പളം വീതം നൽകിയാണ് ഇത്തരത്തിൽ കേരളത്തെ പ്രളയത്തിൽ നിന്നും കരകയറ്റുന്നത്. ഇതിനിടെയാണ് സഹായിക്കാതെ കേന്ദ്രം ഇത്തരത്തിൽ ബില്ലയക്കുന്നത്.