അമ്പൂരിയിലെ രാഖിയുടെ കൊലപാതകം: അഖിലും രാഖിയും ഭാര്യാ ഭർത്താക്കന്മാരെ പോലെ ഒന്നിച്ച് താമസിച്ചത് നാലു മാസം; മറ്റൊരു പെൺകുട്ടിയുമായി അഖിൽ അടുത്തതോടെ ഒഴിവാക്കാനുള്ള ശ്രമം കൊലപാതകത്തിൽ കലാശിച്ചു

അമ്പൂരിയിലെ രാഖിയുടെ കൊലപാതകം: അഖിലും രാഖിയും ഭാര്യാ ഭർത്താക്കന്മാരെ പോലെ ഒന്നിച്ച് താമസിച്ചത് നാലു മാസം; മറ്റൊരു പെൺകുട്ടിയുമായി അഖിൽ അടുത്തതോടെ ഒഴിവാക്കാനുള്ള ശ്രമം കൊലപാതകത്തിൽ കലാശിച്ചു

സ്വന്തം ലേഖകൻ
തിരുവനന്തപുരം: അമ്പൂരിയിൽ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയ രാഖിയും കേസിൽ പ്രതി ചേർക്കപ്പെട്ട സൈനികൻ അഖിലും നാലു മാസത്തോളം വിവാഹം കഴിച്ച് ഒന്നിച്ച് താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. അമ്പൂരിയിൽ കൊല്ലപ്പെട്ട രാഖിയും പ്രതി അഖിലും വിവാഹിതരായിരുന്നതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇരുവരും എറണാകുളത്ത് ഒരു ക്ഷേത്രത്തിൽവെച്ച് ഇരുവരും വിവാഹം ചെയ്തതായി പൊലീസ് കണ്ടെത്തി. യുവതിയുടെ മൃതദേഹത്തിൽ നിന്നും താലി കണ്ടെത്തി. കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ ഉള്ളത്.
അഖിലിന്റെ നേതൃത്വത്തിലെ സംഘം കാറിൽ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. രാഖിയെ കൊലപ്പെടുത്തിയത് അഖിലും സഹോദരൻ രാഹുലും ചേർന്നെന്നും റിപ്പോർട്ടിലുണ്ട്. രാഹുൽ കഴുത്ത് ഞെരിച്ചു ബോധം കെടുത്തിയശേഷം അഖിൽ കയറുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. അതിനിടെ പ്രതി അഖിൽ കാർ കൊണ്ടുപോയിരുന്നതായി കാറുടമ വ്യക്തമാക്കി. ഹ്യുണ്ടായി ഐ 10 കാറാണ് അഖിൽ ഉപയോഗിച്ചത്. 24 ന് മടക്കി കൊണ്ടു വരാമെന്നു പറഞ്ഞെങ്കിലും കാറ് തിരികെ കൊണ്ടു വന്നത് അഖിലിന്റെ സഹോദരൻ രാഹുലെന്നും കാറുടമ പറഞ്ഞു. ഭാര്യാ ഭർത്താക്കൻമാരായി കഴിയുന്നതിനിടെ അഖിലിന്റെ മറ്റൊരു വിവാഹത്തിനുള്ള ശ്രമം രാഖി തടഞ്ഞതാണ് കൊലയ്ക്ക് കാരണമായത്.
അതേസമയം, കൊലപാതക ദിവസം രാഖി നെയ്യാറ്റിൻകരയിലെത്തിയെന്ന് സ്ഥിരീകരിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വൈകിട്ട് ആറേമുക്കാലോട് കൂടി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തൂടെ നടക്കുന്ന ദൃശ്യങ്ങളാണ് ശേഖരിച്ചത്.
കൊല്ലപ്പെട്ട രാഖി നെയ്യാറ്റിൻകര ബസ് സ്റ്റാൻ്ഡ് പരിസരത്തുകൂടെ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ദൃശ്യങ്ങളിൽ കാണുന്നത് മകൾ രാഖി തന്നെയാണെന്നും 21 ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ധരിച്ചിരുന്ന വേഷം തന്നെയാണ് ദൃശ്യങ്ങളിലുള്ളതെന്നും അച്ഛൻ സ്ഥിരീകരിച്ചു. കേസിൽ വഴിത്തിരിവാകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
എറണാകുളത്തേയ്ക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ രാഖി, സുഹൃത്തായ അഖിലിനെ കാണാൻ പോകുന്നതിന്റെ ദൃശ്യങ്ങളാണിതെന്ന് പൊലീസ് പറയുന്നു. എറണാകുളത്തേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ രാഖിയെ കാണാനില്ലെന്ന് കാണിച്ചായിരുന്നു ബന്ധുക്കളുടെ പരാതി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരിയിലെ അഖിലിന്റെ വീടിനോട് ചേർന്ന പറമ്പിൽ നിന്ന് ഒരുമാസം പഴക്കമുള്ള മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെടുത്തത്. ഫോൺകോളുകളും മറ്റും പിന്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
അതേസമയം പൊലീസ് തിരയുന്ന സൈനികൻ അഖിൽ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടപ്പോൾ അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാനായി ഉന്നതാധികാരികളുടെ അടുത്ത് ഇയാൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അറിയിച്ചതെന്ന് പൊലീസ് പറയുന്നു. അതുകൊണ്ട് തന്നെ ലഡാക്കിലെ സൈനികകേന്ദ്രത്തിൽ നിന്നെന്ന മട്ടിൽ അഖിൽ ഫോണിൽ സംസാരിച്ചത് പൊലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല.
രാഖിയെ കൊന്നിട്ടില്ലെന്നും താൻ ഒളിവിലല്ലെന്നും ലഡാക്കിലെ സൈനിക കേന്ദ്രത്തിലുണ്ടെന്നുമായിരുന്നു ഫോണിൽ ബന്ധപ്പെട്ട മാധ്യമപ്രവർത്തകനോട് അഖിൽ നൽകിയ വിശദീകരണം. അവധി ലഭിച്ചിട്ടുണ്ടെന്നും നാട്ടിലെത്തിയാലുടൻ പൊലീസിന് മുന്നിൽ ഹാജരാകുമെന്നുമാണ് അഖിൽ പറഞ്ഞത്. ആറുവർഷം പ്രണയിച്ച പെൺകുട്ടിയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനുള്ള ശ്രമമാണ് അമ്പൂരി കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കാമുകനായ സൈനികൻ കഴുത്തു ഞെരിച്ചാണ് കൃത്യംനടത്തിയതെന്നും അന്വേഷണസംഘം കണ്ടെത്തി. കൃത്യത്തിലുൾപ്പെട്ട മൂന്നാം പ്രതിയുടെ മൊഴിയും പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടുമാണ് ഇതിനു തെളിവായി പൊലീസ് പറയുന്നത്. രാഖിയെ കാറിൽ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് കണ്ടെത്തി. മൃതദേഹം മറവു ചെയ്യാനുള്ള കുഴി നേരത്തെ തയാറാക്കിയിരുന്നു. ഷാളോ, കയറോ പോലുള്ള വസ്തുവാണു കഴുത്തുമുറുക്കാൻ ഉപയോഗിച്ചതെന്നാണു പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറിൽ നിന്നുള്ള സൂചനയെന്നും പൊലീസ് പറഞ്ഞു.
പ്രതികളെ കണ്ടെത്താനായി പൊലീസ് സംഘം ഡൽഹിയിൽ എത്തി സംഭവത്തെ തുടർന്ന് ഒളിവിൽ കഴിയുന്ന സൈനികനായ അഖിലിനേയും സഹോദരൻ രാഹുലിനേയും കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസ് സംഘംഡൽഹിയിലെത്തിയത്. സൈനിക ഉദ്യോഗസ്ഥന്റെ വീട്ടിലാണ് അഖിൽ ജോലി ചെയ്തിരുന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. അഖിൽ ലഡാക്കിലുണ്ടെന്ന് പൊലീസിന് സ്ഥിരീകരണം കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംഘം ഡൽഹിയിലെത്തിയത്. കൊലയ്ക്കു ശേഷം പൂർണനഗ്നയാക്കി കുഴിച്ചുമൂടിയ രാഖിയുടെ വസ്ത്രങ്ങൾ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇതിന് അഖിലിനെ കസ്റ്റഡിയിൽ എടുക്കേണ്ടതുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
നാലടി താഴ്ചയുള്ള കുഴിയാണ് മൃതദേഹം മറവുചെയ്യാനായി പ്രതികളെടുത്തത്. കൊല നടത്തിയത് ജൂൺ 21-ന് രാത്രി എട്ടരയ്ക്ക് ശേഷമായിരിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കൃത്യത്തിനു ശേഷം പ്രതികൾ രാഖിയുടെ മൊബൈൽ ഫോണിൽ നിന്ന് വീട്ടുകാർക്ക് സന്ദേശവുമയച്ചിരുന്നു. താൻ ചെന്നൈയിലേക്കു പോകുന്നെന്നായിരുന്നു രാഖിയുടെ പേരിലുള്ള സന്ദേശം. ഇതെല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമായിരിക്കുമെന്നാണ് പൊലീസ് കരുതുന്നത്. 21-ന് വൈകീട്ട് വീട്ടിൽനിന്നും ജോലിസ്ഥലത്ത് പോകുന്നെന്നാണ് രാഖി അച്ഛനോട് പറഞ്ഞത്. എന്നാൽ യുവതി അഖിലിനെ കാണാനാണ് പോയത്. അഖിൽ തളിയൽ സ്വദേശിയായ സുഹൃത്തിന്റെ കാറിൽ എത്തി രാഖിയെ വീട്ടിൽ കൊണ്ടുപോയി. എന്നാൽ, പിന്നീട് വീട്ടുകാരോട് ഫോണിൽ വിളിച്ചുപറഞ്ഞത് തിരിച്ച് രാഖിയെ ധനുവച്ചപുരത്തുകൊണ്ടുവിട്ടെന്നും അവിടെ നിന്ന് പോയെന്നുമാണ്.
അഖിൽ രാഖിയെ കഴുത്ത് ഞെരിക്കുന്നതുകണ്ടെന്ന് അഖിലിന്റെ സുഹൃത്ത് ആദർശ് മൊഴി നൽകി. കേസിലെ മൂന്നാം പ്രതിയാണ് ആദർശ്. ഒന്നാംപ്രതിയായ അഖിൽ കരസേനയിലെ ഡ്രൈവർ കം മെക്കാനിക്കായി ലഡാക്കിലാണ് ജോലി ചെയ്യുന്നത്. അഖിലിന്റെ ജ്യേഷ്ഠൻ രാഹുലാണ് കേസിലെ രണ്ടാംപ്രതി.