റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ കുമരകത്ത്: ഓസ്‌ട്രേലിയൻ ചിത്രമായ 2040 ഉദ്ഘാടന ചിത്രം; 24 ന് പ്രകൃതി സംരക്ഷക പദ്മശ്രീ സാലുമരാഡ തിമ്മക്ക ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും

റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ കുമരകത്ത്: ഓസ്‌ട്രേലിയൻ ചിത്രമായ 2040 ഉദ്ഘാടന ചിത്രം; 24 ന് പ്രകൃതി സംരക്ഷക പദ്മശ്രീ സാലുമരാഡ തിമ്മക്ക ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

കോട്ടയം : കുമരകത്ത് 2020 ജനുവരി 24 മുതൽ 26 വരെ നടക്കുന്ന രണ്ടാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിൽ ഓസ്‌ട്രേലിയൻ സംവിധായകൻ ഡെമോൺ ഗേമുവിന്റെ ചിത്രം ‘ 2040’ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. 2019 ബർലിൻ ചലച്ചിത്ര മേള അടക്കം നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രമാണ് ‘ 2040’.

 

24 ന് രാവിലെ പത്തിന് കാർഷിക സർവകലാശാലയുടെ കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തിലെ വേമ്പനാട്ട് വേദിയിൽ ഫെസ്റ്റിവൽ മുഖ്യരക്ഷാധികാരി മുൻ എം.എൽ.എ വി.എൻ വാസവന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ രാവിലെ 10 ന് പ്രകൃതി സംരക്ഷക പദ്മശ്രീ സാലു മറാഡ തിമ്മക്ക ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. ജൂറി ചെയർമാൻ മറാത്തി സംവിധായിക സുമിത്ര ഭാവേ ചടങ്ങിൽ മുഖ്യാതിത്ഥിയായി പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്ഘാടനത്തിന് ശേഷം , പ്രകൃതി പുരസ്‌കാരം സാലു മറാഡ തിമ്മക്കയ്ക്ക് ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാൻ കെ.സുരേഷ് കുറുപ്പ് എം.എൽ.എ സമ്മാനിക്കും. തുടർന്ന് കോട്ടയം ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനം പ്രശസ്ത സംവിധായകൻ ജി.അരവിന്ദന്റെ പത്‌നി കൗമുദി അരവിന്ദൻ നിർവഹിക്കും.

ഒന്നാം വേദിയോട് ചേർന്നുള്ള പ്രദർശന ഹാളിൽ വനം വന്യജീവി ഫോട്ടോഗ്രാഫറായ ഡോ.അപർണയുടെ ഫോട്ടോകളുടെ പ്രദർശനം 11.15 ന് ചലച്ചിത്രകാരൻ സുബ്ബയ്യ നല്ല മുത്തു ഉദ്ഘാടനം ചെയ്യും. രണ്ടാം വേദിയായ അഷ്ടമുടിയിൽ, 11.30 ന് വന്യ ജീവി ഫിലിം മേക്കറായ സുബ്ബയ്യ നല്ലമുത്തുവിന്റെ ചിത്രങ്ങളുടെ റിട്രോസ്‌പെക്ടീവ് ഉദ്ഘാടനം ചെയ്യും. സുബ്ബയ്യ നല്ല മുത്തുവിന്റെ വേൾഡ് മോസ്റ്റ് ഫേമസ് ടൈഗർ എന്ന ചിത്രം വേദിയിൽ പ്രദർശിപ്പിക്കും.

ഉച്ചയ്ക്ക് ഒന്നരയ്ക്ക് കോട്ടയം പ്രസ് ക്ലബിലെ നേച്ചർ ക്ലബിന്റെ നേതൃത്വത്തിൽ സാലു മറാഡ തിമ്മക്കയുമായി മുഖാമുഖം നടക്കും. 24 ന് രാത്രി ഏഴിന് കായലോരത്തെ തുറന്ന സ്‌ക്രീനിൽ ലബനൻ സംവിധായകൻ ഖ്വാലിദ് മോനസിന്റെ ഷോട്ട് ഫിലിം ‘ ദ റൈഫിൾ ദ ജക്കാൾ ദ വൂൾഫ് ആൻഡ് ദ ബോയി ‘ എന്ന ചിത്രം പ്രദർശിപ്പിക്കും. തുടർന്ന് അതിഥികൾക്കായി കലാപരിപാടികൾ വേദിയിൽ അരങ്ങേറും.

ഫെസ്റ്റിവലിൽ പ്രവേശനം സൗജന്യമാണ്. ഫെസ്റ്റിവലിനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള അതിഥികൾ എത്തിത്തുടങ്ങിയതായി മേളയുടെ ജനറൽ കൺവീനർ മുൻ എം.എൽ.എ വി.എൻ വാസവൻ , സംവിധായകനും ഫെസ്റ്റിവൽ ഡയറക്ടറുമായ ജയരാജ്, കോട്ടയം ഫിലിം സൊസൈറ്റി സെക്രട്ടറി പ്രദീപ് നായർ, ജെസിഐ ഇന്ത്യ സോൺ 22 സോൺ വൈസ് പ്രസിഡന്റ് ദിവ്യ മധു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഫെസ്റ്റിവലിനായി പ്രതിനിധികളും അതിഥികളും കുമരകത്ത് എത്തിത്തുടങ്ങി. സ്‌പെയിനിൽ നിന്നുള്ള ഖ്വാസി അബ്ദുൾ റെഹിം ജപ്പാനിൽ നിന്നുള്ള ക്യോക്കോ ഡാൻ എന്നിവരാണ് കഴിഞ്ഞ ദിവസം എത്തിയത്. ആർട്ടിസ്റ്റ് സുജാതന്റെ നേതൃത്വത്തിൽ സ്റ്റേജ് ക്രമീകരിക്കുകയും , പോസ്റ്ററുകളും കമാനങ്ങളും ഒരുക്കുകയും ചെയ്തിട്ടുണ്ട്.

മൂന്ന് ദിവസങ്ങളിലായി എഴുപത് ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. ബേർഡ്‌സ് ക്ലബ് ഇൻർനാഷണൽ, കുമരകം ഗ്രാമപഞ്ചായത്ത്, കോട്ടയം ഫിലിം സൊസൈറ്റി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, മാക്ട, സംസ്ഥാന ടൂറിസം വകുപ്പ് , ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കേരള കാർഷിക സർവകലാശാലയുടെ കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രം, കോട്ടയം പ്രസ് ക്ലബ് നേച്ചർ ക്ലബ്, കാനറാ ബാങ്ക് , ജെ.സി.ഐ സോൺ 22 , കോട്ടയം സി.എം.എസ് കോളേജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.