ഗുരുചിത്തിന് വേണ്ടി നാട് ഒരുമിക്കുന്നു: നന്മയുള്ള നാട് കരുണയോടെ കൈ നീട്ടി ഗുരുചിത്തിനൊപ്പം നിൽക്കാൻ
സ്വന്തം ലേഖകൻ
കോട്ടയം: എസ്.എം.എ രോഗ ബാധിതനായ ഗുരുചിത്തിന് വേണ്ടി നാട് ഒന്നിയ്ക്കുന്നു. ഗുരുതര രോഗം ബാധിച്ച് വീൽച്ചെയറിൽ തന്നെ കഴിയുന്ന ഗുരുചിത് എന്ന എട്ടു വയസുകാരനു വേണ്ടിയാണ് നാട് ഒന്നിച്ചു മുന്നിൽ നിൽക്കാനൊരുങ്ങുന്നത്.
രോഗബാധിതനായി വീൽച്ചെയറിൽ കഴിയുന്ന ഗുരുചിത്തിനെ സാധാരണ ജീവിതത്തിലേയ്ക്കു മടക്കികൊണ്ടു വരണമെങ്കിൽ വർഷം പ്രതി മരുന്നിനു മാത്രം വേണ്ടി വരുന്നത് 75 ലക്ഷം രൂപയാണ്. ഈ തുക കുട്ടിയ്ക്കും കുടുംബത്തിനും താങ്ങാനാവുന്നതിലും വലിയ തുകയായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് കുട്ടിയുടെ ചികിത്സയ്ക്കു തുക കണ്ടെത്തുന്നതിനായി നാട്ടുകാരും കുടുംബത്തിന് ഒപ്പം കൈ കോർക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ എസ്.എം.എ മരുന്നിനു ജി.എസ്.ടി.യിൽ കേന്ദ്ര സർക്കാർ കുറവ് വരുത്തിയിരുന്നു. എന്നാൽ, ഈ ചെറിയ കുറവ് കൊണ്ട് മരുന്ന് വിലയിൽ കാര്യമായ മാറ്റമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം തിരുവാതുക്കൽ മസ്ജിദനൂർ ജുമാ മസ്ജിദ് മദ്രസ ഹാളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ സഹായ സമിതി യോഗം ചേർന്നു.
ഇതിനായി നാട്ടുകാരുടെ സഹായത്തോടെ ഗുരുചിത്തിന്റെ ചികിത്സയ്ക്കു പണം കണ്ടെത്തുന്നതിനായാണ് ഇപ്പോൾ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കുട്ടിയുടെ ചികിത്സയ്ക്കു പണം കണ്ടെത്തുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ സമിതിയും രൂപീകരിച്ചിട്ടുണ്ട്.
മന്ത്രി വി.എൻ വാസവൻ യോഗം ഉദ്ഘാടനം ചെയ്തു.
സി.പി.എമ്മിൻ്റെ അഭയം ചാരിറ്റബിൾ ട്രസ്റ്റിൽ നിന്നും ഒരു ലക്ഷം രൂപ കുട്ടിയുടെ സഹായത്തിനായി നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യ പ്രഭാഷണം നടത്തി.
കോട്ടയം നഗരസഭ ആക്ടിങ്ങ് ചെയർമാൻ ബി.ഗോപകുമാർ വാർഡ് കൗൺസിലർ അഡ്വ.ടോം കോര അഞ്ചേരിൽ, താഴത്തങ്ങാടി ഇമാം ഷംസുദ്ദീൻ, ഫാദർ ജോൺ വി ഡേവിഡ്, സ്വാമി അർച്ചിത് ജനതപസ്വി ശാന്തിഗിരി, നഗരസഭ അംഗങ്ങളായ റീബാവർക്കി,ജാൻസിജേക്കബ്,സന്തോഷ്‌കുമാർ, ജയകൃഷ്ണൻ,ജിഷജോഷി,മനോജ് ടി എൻ,സി ജി രഞ്ജിത്,ഷീബാ, ഷീല സതീഷ് എന്നിവർ പ്രസംഗിച്ചു.
പൗരപ്രമുഖർ, പ്രദേശവാസികൾ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
നേരത്തെ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയോട് ഗുരുചിത്തിൻ്റെ കുടുംബം അഭ്യർത്ഥിച്ചത് പ്രകാരം മന്ത്രി റോഷി അഗസ്റ്റിൻ, നിയമസഭാ ചീഫ് വിപ്പ് എൻ.ജയരാജ്, തോമസ് ചാഴികാടൻ എം.പി എന്നിവർ ഗുരുചിത്തിന്റെ വീട്ടിലെത്തിയതോടെയാണ് കുട്ടിയുടെ അവസ്ഥ പുറം ലോകം അറിഞ്ഞത്.
തുടർന്ന്, കുടുംബാംങ്ങളുടെ അഭ്യർത്ഥന പ്രകാരം തോമസ് ചാഴികാടൻ എം.പി പാർലമെന്റിൽ വിഷയം അവതരിപ്പിച്ചതോടെയാണ് , കുട്ടിയുടെ ചികിത്സയ്ക്കുള്ള മരുന്നിനുള്ള ജി.എസ്.ടി കേന്ദ്ര സർക്കാർ ഒഴിവാക്കിയത്.