ക്ഷണക്കത്ത് തപാലിലൂടെ, സൽക്കാരത്തിന് ദോശയും ചമ്മന്തിയും ചായയും മാത്രം ; വിവാഹം ലളിതമാക്കാനൊരുങ്ങി എൽദോ എബ്രഹാം എം.എൽ.എ

ക്ഷണക്കത്ത് തപാലിലൂടെ, സൽക്കാരത്തിന് ദോശയും ചമ്മന്തിയും ചായയും മാത്രം ; വിവാഹം ലളിതമാക്കാനൊരുങ്ങി എൽദോ എബ്രഹാം എം.എൽ.എ

 

സ്വന്തം ലേഖകൻ

കൊച്ചി: ക്ഷണക്കത്ത് തപാലിലൂടെ, വിവാഹസൽക്കാരത്തിന് ദോശയും ചമ്മന്തിയും ചായയും. വിവാഹം ലളിതമാക്കാനൊരുങ്ങുകയാണ് മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ തന്നെ വിവാഹത്തിന് ക്ഷണിച്ചവർക്കെല്ലാം തപാലിൽ ക്ഷണക്കത്ത് അയക്കാനാണ് തീരുമാനം. ഇങ്ങനെ കണ്ടെത്തിയ 4800 പേർക്ക് വിവാഹക്ഷണത്തുകൾ അയക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വിവാഹാഘോഷത്തിന് വേറിട്ട മാതൃക പിന്തുടരനാണ് എൽദോ എബ്രഹാം തീരുമാനിച്ചിരിക്കുന്നത്.

ജനുവരി 12നാണ് എൽദോയുടെ വിവാഹം.എറണാകുളം കല്ലൂർക്കാട് സ്വദേശി ഡോക്ടർ ആഗി മേരി അഗസ്റ്റിനാണ് വധു. മൂത്ത സഹോദരിയുടെ വിവാഹത്തിന് കുറി അടിക്കാനുള്ള പണം കയ്യിലില്ലാതിരുന്നതിനെ തുടർന്ന് സ്വന്തമായി തയ്യാറാക്കിയ കുറി ഉപയോഗിച്ചാണ് വിവാഹം ക്ഷണിച്ചത്. അന്ന് മുതലാണ് കിട്ടുന്ന കല്യാണക്കുറികൾ എല്ലാം എൽദോ സൂക്ഷിച്ച് വക്കാൻ തുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷണക്കത്ത് നൽകാത്തവരെയും കല്യാണത്തിന് വിളിക്കുന്നുണ്ട്. മുമ്പ് പഞ്ചായത്ത് അംഗമായിരുന്ന രണ്ട് വാർഡുകളിലെ എല്ലാ വീട്ടിലും നേരിട്ട് പോയി വിളിച്ചു. ജനുവരി 12ന് എറണാകുളം കുന്നുകുരുടി സെന്റ് ജോർജ് പള്ളിയിലാണ് വിവാഹം. തുടർന്ന് വൈകീട്ട് മൂന്ന് മുതൽ മൂവാറ്റുപുഴ മുനിസിപ്പൽ മൈതാനത്താണ് വിരുന്ന് സൽക്കാരം. മന്ത്രിമാരടക്കമുള്ളവർ വിവാഹത്തിനെത്തും. മണ്ഡലത്തിലുടനീളം ക്ഷണിച്ചിട്ടുള്ളതിനാൽ 20,000 പേരെങ്കിലും വിവാഹത്തിന് എത്തുമെന്നാണ് എൽദോയുടെ കണക്കുകൂട്ടൽ