മുസ്ലീം പേരിന്റെ പേരിൽ റഹിം രണ്ടു ദിവസം അനുഭവിച്ചത് ക്രൂരമായ പീഡനങ്ങൾ: രണ്ടു ദിവസങ്ങൾ നീണ്ട സമ്മർദത്തിനൊടുവിൽ എൻ.ഐ.എ കണ്ടെത്തി റഹിം നിരപരാധി; റഹിമിനെ തീവ്രവാദിയാക്കിയ മാധ്യമങ്ങൾ ഇനി തെറ്റ് തിരുത്തുമോ..?

മുസ്ലീം പേരിന്റെ പേരിൽ റഹിം രണ്ടു ദിവസം അനുഭവിച്ചത് ക്രൂരമായ പീഡനങ്ങൾ: രണ്ടു ദിവസങ്ങൾ നീണ്ട സമ്മർദത്തിനൊടുവിൽ എൻ.ഐ.എ കണ്ടെത്തി റഹിം നിരപരാധി; റഹിമിനെ തീവ്രവാദിയാക്കിയ മാധ്യമങ്ങൾ ഇനി തെറ്റ് തിരുത്തുമോ..?

സ്വന്തം ലേഖകൻ
കൊച്ചി: ഒരു മനുഷ്യനെ രണ്ടു ദിവസത്തോളം തീവ്രവാദിയാക്കി ആരോപണത്തിന്റെ മുൾ മുനയിൽ നിർത്തുക. രണ്ടു ദിവസത്തോളം മാധ്യമങ്ങളുടെ തലക്കെട്ടിൽ നിറയ്ക്കുക. ഇല്ലാത്ത തീവ്രവാദ ബന്ധവും, കടൽകടന്നെത്തിയ തീവ്രവാദിയുടെ സഹായിയുമാക്കുക. റഹിം എന്ന മുസ്ലീം പേരിന്റെ പേരിൽ കൊടുങ്ങല്ലൂർ സ്വദേശി അനുഭവിച്ചത് കൊടിയ മാനസിക പീഡനം. മാധ്യമങ്ങളിൽ ചിത്രം സഹിതം വാർത്ത വന്നു എന്നത് മാത്രമല്ല, രാജ്യത്തേയ്ക്കുള്ള തീവ്രവാദികളുടെ കടന്നു വരവിന് പായവിരിക്കുന്നത് റഹിം ആണെന്ന രീതിയിലായിരുന്നു പ്രചാരണങ്ങളെല്ലാം.
എന്നാൽ, ഒരു ദിവസം മുഴുവൻ ചോദ്യം ചെയ്തിട്ടും സംശയാസ്പദമായ തെളിവുകളൊന്നും  ലഭിക്കാത്തതിനെ തുടർന്ന് തീവ്രവാദ ബന്ധം സംശയിച്ച് പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ഖാദർ റഹീമിനെ വിട്ടയക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഈ രണ്ടു ദിവസത്തിനിടെ രാജ്യത്തെ എല്ലാ മാധ്യമങ്ങളും റഹീമിന്റെ ചിത്രം സഹിതം ഇദ്ദേഹത്തെ തീവ്രവാദിയാക്കി ചിത്രീകരിക്കുകയും ചെയ്തു.  പൊലീസും എൻഐഎയും തമിഴ്നാട് ക്യു ബ്രാഞ്ചും മിലിട്ടറി ഇന്റലിജൻസും 24 മണിക്കൂറാണ് ഖാദർ റഹീമിനെ ചോദ്യം ചെയ്തത്. എന്നാൽ, തുടർച്ചയായ ചോദ്യം ചെയ്യലിൽ ഖാദർ റഹീമിന് തീവ്രവാദികളുമായി ബന്ധമുണ്ട് എന്നതിന്റെ യാതൊരു സൂചനകളും ലഭിച്ചില്ല. ഇതിനെത്തുടർന്നാണ് അബ്ദുൽ ഖാദർ റഹീമിനെ കസ്റ്റഡിയിൽ നിന്ന് വിട്ടയക്കാൻ തീരുമാനിച്ചത്. അതേസമയം, ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
ഇന്നലെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാകാനെത്തിയപ്പോഴാണ് അബ്ദുൾ ഖാദർ റഹീമിനെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തത്. തനിക്ക് തീവ്രവാദ സംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്ന് അബ്ദുൾ ഖാദർ റഹീം അന്വേഷണ സംഘത്തോട് ആവർത്തിച്ചിരുന്നു. ശ്രീലങ്കയിലോ പാക്കിസ്ഥാനിലോ പോയിട്ടില്ലെന്നും ലഷ്‌കർ കമാൻഡർ എന്ന് കേന്ദ്ര ഏജൻസികൾ പറയുന്ന അബു ഇല്യാസിനെ പരിചയമില്ലെന്നും റഹീം ആവർത്തിച്ചു. ഇന്ത്യയിലേക്ക് പോരും മുമ്പ് ബഹ്റൈൻ പൊലീസ് ചോദ്യം ചെയ്തിരുന്നതായും ഇയാൾ പൊലീസിനെ അറിയിച്ചു.
ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ എട്ട് വരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിനെ തുടർന്നാണ് അബ്ദുൾ ഖാദർ റഹീമിനെ കസ്റ്റഡിയിൽ എടുത്തത്. ഒരു യുവതിക്കൊപ്പം കൊച്ചിയിൽ വിമാനമിറങ്ങിയ റഹീമിനെ തേടി സംസ്ഥാന വ്യാപകമായി പൊലീസ് തെരച്ചിൽ നടത്തി വരികയായിരുന്നു. ഇന്നലെ രാവിലെ ഈ യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചയോടെ റഹീം എറണാകുളം സിജെഎം കോടതിയിൽ കീഴടങ്ങാൻ എത്തിയത്.
രാജ്യത്ത് ഭീകരാക്രമണം നടത്താൻ ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് എത്തിയ ലഷ്‌കർ ഭീകരർക്ക് സഹായം ഒരുക്കിയെന്ന സംശയത്തിലാണ് റഹീം ഉൾപ്പെടെയുള്ളവരെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തത്. തിരുവാരൂരിലെ മുത്തുപ്പേട്ടയിൽ നിന്ന് ഒരു സ്ത്രീ ഉൾപ്പടെ ആറ് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരിൽ നിന്ന് രണ്ട് പേരെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ സ്വദേശി സിദ്ദിഖ് പൊൻവിഴ നഗർ സ്വദേശി സഹീർ എന്നിവരെയാണ് കോയമ്പത്തൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
വേഷപ്രച്ഛന്നരായി ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരെ വ്യാഴാഴ്ച രാത്രി കണ്ടെന്ന് കോയമ്പത്തൂരിലെ പ്രദേശവാസികൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇവർ താമസിച്ചതെന്ന കരുതുന്ന ലോഡ്ജ് കേന്ദ്രീകരിച്ചും പരിശോധന തുടരുകയാണ്. ശ്രീലങ്കയിൽ നിന്ന് അനധികൃത ബോട്ടിൽ തമിഴ്നാട് തീരത്ത് എത്തിയ ഭീകരർ കോയമ്പത്തൂരിലേക്ക് കടന്നതായാണ് വിവരം. സംഘത്തിലെ ഒരാൾ പാക് പൗരനായ ഇല്യാസ് അൻവറെന്ന് അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചു. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ എട്ട് വരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ മുന്നറിയിപ്പ്.