ഏറ്റുമാനൂരിൽ മകന്റെ ചവിട്ടേറ്റ് മരിച്ചത് ക്ഷേത്ര മോഷ്ടാവ് ചീക്കമണി: കൊലപാതക കാരണം മകന്റെ ഭാര്യയെ നിരന്തരം ശല്യം ചെയ്തത്

ഏറ്റുമാനൂരിൽ മകന്റെ ചവിട്ടേറ്റ് മരിച്ചത് ക്ഷേത്ര മോഷ്ടാവ് ചീക്കമണി: കൊലപാതക കാരണം മകന്റെ ഭാര്യയെ നിരന്തരം ശല്യം ചെയ്തത്

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂരിൽ മകന്റെ ചവിട്ടേറ്റ് മരിച്ചത് കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാവ് ചീക്ക മണിയെന്ന് പൊലീസ്. മണിയുടെ രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് മണിയെ ചവിട്ടിക്കൊന്നതെന്നാണ് പൊലീസ് പറയുന്നത്. നിരന്തരം മദ്യപിച്ചെത്തി, ഇയാളുടെ ഭാര്യയെ മണി ശല്യം ചെയ്തിരുന്നു. ഇതിനെചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം മണിയും മകനും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സ്വാഭാവിക മരണമെന്ന് ആദ്യം കരുതിയിരുന്ന സംഭവം കൊലപാതകമായത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷമാണ്.
പേരൂർ ശങ്കരമല കോളനിയിൽ നരിക്കുഴി വീട്ടിൽ മണിയെയാണ് ( ചീക്കമണി – 70) കൊല്ലപ്പെട്ടത്. മണിയുടെ ഭാര്യയുടെ ആദ്യവിവാഹത്തിലെ മകൻ മനുവിനെ (34)യാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
വിഷു ദിനത്തിൽ പുലർച്ചെയാണ് മണിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ മുറ്റത്ത് മണി മരിച്ചു കിടക്കുന്നത് കണ്ട് നാട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്ത് എത്തിയ നഗരസഭ കൗൺസിലറാണ് വിവരം പൊലീസിൽ അറിയിച്ചത്. വീട്ടിൽ എത്തിയാൽ വരാന്തയിലാണ് മണി സാധാരണ കിടക്കാറ്. ഇത്തരത്തിൽ കിടന്നപ്പോൾ സ്വാഭാവിക മരണം സംഭവിച്ചതാണെന്നാണ് നാട്ടുകാരും ബന്ധുക്കളും കരുതിയിരുന്നത്. രാത്രിയൽ വീട്ടിൽ നിന്നു ബഹളം കേട്ടിരുന്നെങ്കിലും, പതിവ് ബഹളമായതിനാൽ ആരും കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് സംഘം മണിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവിടെ എത്തിച്ച് മൃതദേഹത്തിന്റെ പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി, പോസ്റ്റ്മാർട്ടം നടത്തിയപ്പോഴാണ് അസ്വാഭാവികത തിരിച്ചറിഞ്ഞത്. ചവിട്ടേറ്റ് വാരിയെല്ലുകൾ തകർന്ന് ആന്തരികാവയവങ്ങൾക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. തുടർന്ന് പൊലീസ് സംഘം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. തിങ്കളാഴ്ച തന്നെ സംസ്‌കാരം നടത്തുകയും ചെയ്തു. സംസ്‌കാര ദിവസം മനുവും സ്ഥലത്തുണ്ടായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മനു കുറ്റം സമ്മതിക്കുകയായിരുന്നു.
മനുവിന്റെ അമ്മ മൂന്നു വർഷം മുൻപുണ്ടായ വാഹനാപകടത്തിൽ മരിച്ചിരുന്നു. ഇതിനു ശേഷം മനുവിനൊപ്പമായിരുന്നു മണി താമസിച്ചിരുന്നത്. ദിവസവും മദ്യപിച്ചെത്തി മണി വീട്ടിൽ പ്രശ്‌നമുണ്ടാക്കുക പതിവായിരുന്നു.
മോഷണക്കേസുൾപ്പെടെ വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മണി മദ്യപിച്ച് സ്ഥിരമായി വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവായിരുന്നു. ഇതിനിടെ മനുവിന്റെ അമ്മ മൂന്ന് വർഷം മുമ്പ് വാഹനാപകടത്തിൽ മരിച്ചു. പിന്നീട് മണിയുടെ ശല്യം മനുവിന്റെ ഭാര്യയ്ക്കു നേരെയുമുണ്ടായി. തന്റെ ഭാര്യയെ ശല്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മനു ഞായറാഴ്ച രാത്രി മണിയുമായി വാക്കേറ്റമുണ്ടാകുകയും ഇത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ഇതിനിടെ മനു മണിയെ ഇടിക്കുകയും തൊഴിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ആഘാതത്തിലാണ് വാരിയെല്ലിന് പരിക്കേറ്റ മണി മരണമടഞ്ഞത്.
സബ് ഇൻസ്പെക്ടർ എം.പി.എബിയുടെ നേതൃത്വത്തിൽ എഎസ്ഐ റജി, സിപിഓമാരായ ജോബിൻ, ബാബുരാജ്, രമണൻ, ജോസ്, ബിന്ദു എന്നിവരടങ്ങിയ സംഘമാണ് മനുവിനെ അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.