കളത്തിക്കടവിൽ ആറ്റിൽ കണ്ട മൃതദേഹത്തിനു പിന്നിൽ ദുരൂഹത: കൊലപാതകം കൂടത്തായി മോഡലിൽ സ്വത്ത് തർക്കത്തിനിടെ എന്ന് ആരോപണം;  വയോധികനെ കൊലപ്പെടുത്തിയത് അമേരിക്കക്കാരിയുമായുണ്ടായിരുന്ന അവിഹിത ബന്ധത്തെ തുടർന്നെന്ന് ആരോപണം

കളത്തിക്കടവിൽ ആറ്റിൽ കണ്ട മൃതദേഹത്തിനു പിന്നിൽ ദുരൂഹത: കൊലപാതകം കൂടത്തായി മോഡലിൽ സ്വത്ത് തർക്കത്തിനിടെ എന്ന് ആരോപണം; വയോധികനെ കൊലപ്പെടുത്തിയത് അമേരിക്കക്കാരിയുമായുണ്ടായിരുന്ന അവിഹിത ബന്ധത്തെ തുടർന്നെന്ന് ആരോപണം

ക്രൈം ഡെസ്‌ക്
കോട്ടയം: കളത്തിൽക്കടവിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് സൂചന.
  അമേരിക്കക്കാരിയുമായുണ്ടായിരുന്ന അവിഹിത ബന്ധത്തിന്റെ തുടർച്ചയായുണ്ടായ സ്വത്ത് തർക്കത്തിന്റെ പേരിൽ, ഇവരുടെ വീട്ടിലെ മാനേജരായിരുന്നയാളെ കൊലപ്പെടത്തി തോട്ടിൽ ഉപേക്ഷിക്കുകയായിരുന്നു എന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.
മരിച്ചയാളുടെ ബന്ധുക്കളാണ് ഇതു സംബന്ധിച്ചുള്ള ആരോപണം ഉയർത്തിയിരിക്കുന്നത്.
വാകത്താനം തോട്ടയ്ക്കാട് പ്രദേശത്ത് വാടകയ്ക്കു താമസിക്കുന്ന പുതുപ്പള്ളി മാങ്ങാനം പുതുപ്പറമ്പിൽ വീട്ടിൽ സുരേഷ് ദാസി (64)ന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം മീനച്ചിലാറ്റിൽ കൊല്ലാട് കളത്തിക്കടവിനു സമീപം ചുങ്കം റോഡിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം ആറ്റിനു സമീപം പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് സുരേഷ് ദാസാണ് എന്ന് തിരിച്ചറിഞ്ഞത്. തുടർന്നാണ് ബന്ധുക്കൾ മരണം കൊലപാതകമാണ് എന്ന ആരോപണവുമായി രംഗത്ത് എത്തിയത്.
പാറമ്പുഴയിലെ ഒരു അമേരിക്കൻ സ്വദേശിയായ വീട്ടമ്മയുടെ വീട്ടിലെ കാര്യസ്ഥനായിരുന്നു മരിച്ച സുരേഷ്. ഇവരുടെ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കി നടത്തിയിരുന്നത് ഇയാളായിരുന്നു. രണ്ടു വർഷം മുൻപ് അമേരിക്കയിൽ വച്ച് ഇവർ മരണപ്പെട്ടു. തുടർന്ന് ഇയാളുടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ സ്വത്ത് മുഴുവൻ സുരേഷിന്റെ പേരിലേയ്ക്ക് അമേരിക്കക്കാരി എഴുതി വച്ചിരിക്കുന്നതായി കണ്ടെത്തി.
തുടർന്ന് ഇവരുടെ സഹോദരിമാർ ചേർന്ന് ഹൈക്കോടതിയിൽ കേസ് നൽകി.
ഈ കേസിൽ ഹൈക്കോടതി തനിക്ക് അനുകൂലമായി വിധിച്ചതായി അവകാശപ്പെട്ട് കഴിഞ്ഞ ഒക്ടോബർ 28 ന് സുരേഷ് വീട്ടിൽ നിന്നും എറണാകുളത്തേയ്ക്കു പോയിരുന്നു.
തുടർന്ന്  ഒക്ടോബർ 29 ന് വൈകിട്ട് അഞ്ചരയോടെ കൊടൂരാറ്റിൽ പുന്നയ്ക്കൽ ചുങ്കം റോഡിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം കണ്ടെത്തിയതിനു പിന്നിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വ്യാഴാഴ്ച ബന്ധുക്കൾക്കു വിട്ടു നൽകും. ഭാര്യ – ഓമന, മകൻ – ജ്യോതിഷ്.
എന്നാൽ, സംഭവത്തിൽ ദുരൂഹതയില്ലെന്ന് കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ നിർമ്മൽ ബോസ് പറഞ്ഞു. മുങ്ങിമരണം തന്നെയാണ് എന്ന് സ്ഥിരീകരിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.
വെള്ളത്തിൽ വീഴും മുൻപ് ഇദ്ദേഹം മദ്യലഹരിയിലായിരുന്നു എന്ന സൂചനകൾ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.