അതിതീവ്രന്യൂനമർദം: ജില്ലയിൽ വ്യാഴാഴ്ചയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; ജില്ലയിൽ ജാഗ്രതാ നിർദേശം

അതിതീവ്രന്യൂനമർദം: ജില്ലയിൽ വ്യാഴാഴ്ചയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; ജില്ലയിൽ ജാഗ്രതാ നിർദേശം

സ്വന്തം ലേഖകൻ
കോട്ടയം: ഇന്നലെ പെയ്ത മഴ വ്യാഴാഴ്ചയും തോരാതെ പെയ്യുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം കോട്ടയം ജില്ലയിൽ ജില്ലാ കളക്ടർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
അറബിക്കടലിൽ ലക്ഷദ്വീപ്-മാലിദ്വീപ്-കോമോറിൻ  മേഖലയിൽ രൂപപ്പെട്ട ന്യൂനമർദം  തീവ്രന്യൂനമർദമായി മാറിയ സാഹചര്യത്തിലാണ് ദുരന്ത നിവാരണ അതോറിറ്റി മുൻ കരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയത്.
വിവിധ സ്ഥലങ്ങളിൽ, പ്രത്യേകിച്ച്  തീരമേഖലയിലും മലയോര മേഖലയിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് അതോറിറ്റിയുടെ അറിയിപ്പിൽ പറയുന്നു.
തീവ്ര ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരള തീരത്തോടു ചേർന്ന കടൽമേഖലയിലൂടെ കടന്നു പോകുന്നതിനാൽ  മത്സ്യബന്ധനം പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.
ജില്ലയിലെ മലയോര മേഖകളിലേക്ക് അടിയന്തര ആവശ്യങ്ങൾക്കല്ലാതെയുള്ള ഗതാഗതത്തിന് വൈകുന്നേരം ആറു മുതൽ രാവിലെ ഏഴുവരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കാറ്റിൽ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും പരസ്യ ബോർഡുകളും കടപുഴകി വീഴാനിടയുള്ളതിനാൽ  ഇവയ്ക്കു സമീപം വാഹനങ്ങൾ പാർക്കു ചെയ്യുന്നത് ഒഴിവാക്കണം.
വൈദ്യുതി കമ്പികൾ പൊട്ടി വീണുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന്   വഴിയിലും മറ്റിടങ്ങളിലുമുള്ള വെള്ളക്കെട്ടുകളിൽ ഇലക്ട്രിക് ഷോക്ക് ഇല്ലെന്ന് ഉറപ്പുവരുത്തണം. അതിരാവിലെ ജോലിക്കുപോകുന്നവരും വിദ്യാർഥികളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം.
വെള്ളക്കെട്ടുകളിലും ജലാശയങ്ങളിലും ഇറങ്ങുന്നത് ഒഴിവാക്കണം. ദുരന്തസാധ്യതാ മേഖലകളിലുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ട സാഹചര്യത്തിൽ അതത് വില്ലേജുകളിൽ അടിന്തരമായി ക്യാമ്പുകൾ തുടങ്ങുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ജനങ്ങൾ അവശ്യ സേവനത്തിന് ജില്ലാ ആസ്ഥാനത്തെയും താലൂക്ക് ഓഫീസുകളിലെയും കൺട്രോൾ റൂമുകളിൽ ബന്ധപ്പെടണം. ഫോൺ നമ്പറുകൾ ചുവടെ
കളക്ട്രേറ്റ്  കൺട്രോൾ റൂം- 0481 2304800, 9446562236
ടോൾഫ്രീ നമ്പർ – 1077
കോട്ടയം താലൂക്ക് -0481 2568007
ചങ്ങനാശ്ശേരി – 04812420037
മീനച്ചിൽ -048222 12325
വൈക്കം- 04829231331
കാഞ്ഞിരപ്പള്ളി – 04828 202331