നാടിനെ നടുക്കിയ വൃദ്ധ ദമ്പതികളുടെ മരണത്തിലെ ചുരുൾ ക്രൈം ബ്രാഞ്ച് അഴിച്ചത് അഞ്ച് വർഷം നീണ്ട അന്വേഷണത്തിലൂടെ;വൈദ്യുതി വിച്ഛേദിച്ച ശേഷം വീടിന്‍റെ ഓടുമാറ്റി അകത്ത് കയറി കൊലപാതകം; രാജേന്ദ്രനെ കുടുക്കിയത് ഇടവേളകളിലെടുത്ത മൊഴിയിലെ വൈരുധ്യം

നാടിനെ നടുക്കിയ വൃദ്ധ ദമ്പതികളുടെ മരണത്തിലെ ചുരുൾ ക്രൈം ബ്രാഞ്ച് അഴിച്ചത് അഞ്ച് വർഷം നീണ്ട അന്വേഷണത്തിലൂടെ;വൈദ്യുതി വിച്ഛേദിച്ച ശേഷം വീടിന്‍റെ ഓടുമാറ്റി അകത്ത് കയറി കൊലപാതകം; രാജേന്ദ്രനെ കുടുക്കിയത് ഇടവേളകളിലെടുത്ത മൊഴിയിലെ വൈരുധ്യം

സ്വന്തം ലേഖകൻ

പാലക്കാട്: കടമ്പഴിപ്പുറത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കടമ്പഴിപ്പുറം കണ്ണുകുറിശ്ശി സ്വദേശികളായ ഗോപാലകൃഷ്ണൻ ഭാര്യ തങ്കമ്മയും കൊല്ലപ്പെട്ട കേസിലാണ് അയല്‍വാസിയായ രാജേന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ദൃശ്യം മോഡലിലാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

2016 നവംബർ 14 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതിയായ രാജേന്ദ്രൻ 14ന് രാവിലെ ചെന്നൈയിലേക്ക് പോവാൻ ട്രെയിൻ ടിക്കറ്റെടുത്തിരുന്നു. പാലക്കാട് വരെ പോയ രാജേന്ദ്രൻ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വീട്ടിലേക്ക് മടങ്ങിയെത്തി. അന്ന് രാത്രി കൊലപാതകം നടത്തി ചെന്നൈയിലക്ക് പോവുകയായിരുന്നു. കേസന്വേഷിച്ച ലോക്കൽ പോലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നുവെങ്കിലും തെളിവ് ലഭിച്ചിരുന്നില്ല. പിന്നീട് ക്രൈം ബ്രാഞ്ച് ഇദ്ദേഹത്തെ നിരീക്ഷിയ്ക്കുകയും വിരലടയാളം ഉൾപ്പടെയുള്ള ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഒന്നര ലക്ഷത്തോളം കടമുണ്ടായിരുന്ന രാജേന്ദ്രൻ ഇവരുടെ വീട്ടിൽ മക്കളുടെ പേരിൽ സ്ഥലം വാങ്ങാൻ വെച്ചിരുന്ന പണവും സ്വർണവും ഉണ്ടെന്ന ധാരണയിൽ അകത്ത് കയറി മോഷണം നടത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇയാളെ ദമ്പതികൾ കണ്ടതോടെ ക്രൂരമായ രീതിയിൽ കൊലപാതകം നടത്തി രാജേന്ദ്രൻ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കള്‍ രണ്ടു പേരും ചെന്നൈയിലും അമേരിക്കയിലുമായതിനാല്‍ ദമ്പതികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വൈദ്യുതി വിച്ഛേദിച്ച ശേഷം വീടിന്‍റെ ഓടുമാറ്റി അകത്ത് കയറിയായിരുന്നു. അഞ്ചുമാസം ലോക്കല്‍ പോലീസ് അന്വേഷിച്ചെങ്കിലും പ്രതിയിലേക്കെത്താനായില്ല. നാട്ടുകാരുടെ നേതൃത്വത്തിലുള്ള സമര സമിതി പ്രക്ഷോഭമാരംഭിച്ചതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നത്.

ക്രൈം ബ്രാ‍ഞ്ച് സംഘം സംഭവ സ്ഥലത്തിനടുത്ത് വീടെടുത്ത് രഹസ്യമായി താമസിച്ചു. രണ്ടായിരത്തിലേറെപ്പേരുടെ മൊഴിയെടുത്തു. ഫോണ്‍ രേഖകള്‍, ഫിംഗര്‍ പ്രിന്‍റ് അടക്കം പരിശോധിച്ചു. ചെന്നൈയിലും നാട്ടിലുമായി താമസിച്ചിരുന്ന പ്രതിയെ വിളിച്ചു വരുത്തി പല തവണ മൊഴിയെടുത്തു. ഇടവേളകളിലെടുത്ത മൊഴിയിലെ വൈരുധ്യം രാജേന്ദ്രനെ കുടുക്കി.

കവര്‍ച്ചയായിരുന്നു ലക്ഷ്യം. കൊല്ലപ്പെട്ട തങ്കമ്മയിയുടെ ആറരപ്പവന്‍ സ്വര്‍ണവും നാലായിരം രൂപയും പ്രതി മോഷ്ടിച്ചിരുന്നു. ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കുന്ന പ്രതിക്കായി ക്രൈം ബ്രാഞ്ച് കസ്റ്റഡി അപേക്ഷ നല്‍കും. വീടിന്റെ അടുക്കള ഭാഗത്തെ ഓട് പൊളിച്ച് അകത്ത് കയറിയ പ്രതി ഇരുവരെയും വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

തങ്കമണിയുടെ തലയുടെ പിൻഭാഗത്തും ചെവിയുടെ മുകളിലും നെഞ്ചിലും ആഴത്തിൽ വെട്ടേറ്റിരുന്നു. ഗോപാലകൃഷ്ണന്റേയും ശരീരവും വെട്ടേറ്റ് വികൃതമായ രീതിയിലായിരുന്നു. സംഭവത്തിൽ ലോക്കൽ പൊലീസ് അന്വേഷണം നടത്തി ഒരു വർഷമായിട്ടും പ്രതിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.