പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലിയും; വ്യാജ സര്‍ട്ടിഫക്കറ്റുകള്‍ നിര്‍മ്മിച്ചു യുകെയില്‍ലേക്ക് വിദ്യാര്‍ത്ഥികളെ കയറ്റി വിടുന്ന കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍; പിന്നില്‍ വമ്പന്‍ മാഫിയയെന്ന് നിഗമനം

പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലിയും; വ്യാജ സര്‍ട്ടിഫക്കറ്റുകള്‍ നിര്‍മ്മിച്ചു യുകെയില്‍ലേക്ക് വിദ്യാര്‍ത്ഥികളെ കയറ്റി വിടുന്ന കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍; പിന്നില്‍ വമ്പന്‍ മാഫിയയെന്ന് നിഗമനം

സ്വന്തം ലേഖിക

കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച്‌ നല്‍കിയ കേസില്‍ മൂന്ന് പേർ കൂടി പിടിയില്‍.

പാലക്കാട് വല്ലപ്പുഴ കുന്നിശ്ശേരി വീട്ടില്‍ അബ്ദുള്‍ സലാം (35), വൈക്കം ഇടത്തി പറമ്ബില്‍ മുഹമ്മദ് നിയാസ് (27) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഈ സംഘത്തിന് യുകെയിലും വേരുകളുണ്ടെന്നാണ് സംശയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാജ സര്‍ട്ടിഫക്കറ്റുകള്‍ നിര്‍മ്മിച്ചു യുകെയിലേക്കാണ് പ്രധാനമായും വിദ്യാര്‍ത്ഥികളെ കയറ്റി വിടുന്നത്. ഇവിടെ പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലിയും ചെയ്യാനാകും. നിശ്ചിത മാര്‍ക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ യുകെയില്‍ തുടര്‍പഠനത്തിനായി പ്രവേശനം ലഭിക്കൂ. എന്നാല്‍, പരീക്ഷയില്‍ വിജയിച്ചിട്ടും ആവശ്യമായ മാര്‍ക്ക് ലഭിക്കാത്തവരും തോറ്റവരുമായ വിദ്യാര്‍ത്ഥികളാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നത്.

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണത്തിനു പിന്നില്‍ സര്‍വകലാശാല ജീവനക്കാര്‍ അടക്കമുള്ള അന്തര്‍സംസ്ഥാന സംഘമാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം. ഇത്തരം സര്‍ട്ടിഫിക്കറ്റുകളുടെ സാധുത അറിയാന്‍ സര്‍വകലാശാലകളിലേക്ക് വെരിഫിക്കേഷനായി എത്തുമ്ബോള്‍ ഇവര്‍ സഹായം നല്‍കും.

പിടിയിലായ അബ്ദുള്‍ സലാം മലപ്പുറം സ്വദേശിനിയായ വിദ്യാര്‍ത്ഥിയില്‍ നിന്ന് നാല്‍പ്പതിനായിരം രൂപ വാങ്ങി മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ ബിബിഎ സര്‍ട്ടിഫിക്കറ്റാണ് ശരിയാക്കി നല്‍കിയത്. പെരിന്തല്‍മണ്ണയില്‍ യു.കെ കാളിങ് എന്ന സ്ഥാപനം നടത്തുകയാണ് ഇയാള്‍. കൊച്ചിയില്‍ ഫ്ലൈ അബ്രോഡ് എന്ന സ്ഥാപനം നടത്തുന്ന മുഹമ്മദ് നിയാസ് ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയുടെ ബികോം സര്‍ട്ടിഫിക്കറ്റാണ് നാല്‍പതിനായിരം രൂപക്ക് തരപ്പെടുത്തി നല്‍കിയത്.

ഇവരുടെ സ്ഥാപനങ്ങളില്‍ അന്വേഷണ സംഘം പരിശോധന നടത്തി പണമിടപാടിൻ്റെയും സര്‍ട്ടിഫിക്കറ്റുകളുടേയും ഉള്‍പ്പടെ നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ പാലക്കാട് തൃത്താല കല്ലുങ്ങല്‍വളപ്പില്‍ നഫ്‌സല്‍ (38) അന്വേഷണ സംഘത്തിൻ്റെ പിടിയിലായിരുന്നു. ഇതോടെയാണ് തട്ടിപ്പില്‍ വ്യക്തത വരുന്നത്.

ലണ്ടനില്‍ ഹോസ്റ്റല്‍ മെസില്‍ കുറച്ചുകാലം ജോലി ചെയ്ത ഇയാള്‍ അവിടെവച്ച്‌ പരിചയപ്പെട്ട ഹൈദരാബാദ് സ്വദേശിയില്‍നിന്നാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്. ഹൈദരാബാദില്‍ നിന്ന് ഇയാള്‍ക്കു കൊറിയര്‍ വഴി വന്ന സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരിട്ടു കൈമാറുകയായിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ ചില ട്രാവല്‍ ഏജന്‍സികള്‍ക്കും പങ്കുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നു വ്യക്തമാകുന്നത്.

കേരളത്തിനു പുറത്തുള്ള സര്‍വകലാശാലകളുടെ പേരിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സുലഭമായി ലഭിക്കുന്നത്. ഏതു കോഴ്‌സിൻ്റെ സര്‍ട്ടിഫിക്കറ്റാണ് വേണ്ടത് എന്നതിനനുസരിച്ചാണ് തുക ഈടാക്കുന്നത്. 30,000 രൂപ മുതല്‍ മൂന്നു ലക്ഷം രൂപ വരെ ഈടാക്കി ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ടെന്നാണ് വിവരം.

പഠന വീസയില്‍ വിദേശത്തേക്കു പോകുന്നവര്‍ അടിസ്ഥാന യോഗ്യത വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ ഹാജരാക്കി അനുമതി വാങ്ങണം. ഇത്തരത്തില്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളാണ് വ്യാജമാണെന്നു കണ്ടെത്തിയത്.വ്യാജ സര്‍ട്ടിഫിക്കറ്റുമായി ഇതിനകം തന്നെ നിരവധി പേര്‍ വിദേശത്തേക്കു പറന്നിട്ടുണ്ടെന്നാണു വിവരം.

ഇന്‍സ്പെക്ടര്‍ പി.എം ബൈജു, എസ്‌ഐ മാരായ അനിഷ് .കെ ദാസ്, സണ്ണി, ജയപ്രസാദ്, എ.എസ്. ഐ പ്രമോദ്, എസ്.സിപിഒ മാരായ നവീന്‍ ദാസ്, റോണി അഗസ്റ്റിന്‍, ജോസഫ്, റെന്നി , അജിത്, യശാന്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

യുകെയിലേക്കു പറക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കു വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നല്‍കിയ സംഭവത്തില്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നതു വന്‍ റാക്കറ്റെന്നു പൊലീസ് പറയുന്നു. കേസില്‍ മുഴുവന്‍ പേരെയും കുടുക്കാന്‍ പൊലീസ് ഊജിതമായ അന്വേഷണം നടത്തിവരികയാണ്.