മുളക് സ്പ്രേ മുതൽ കൊലപാതക  ശ്രമംവരെ; എവിടെ തിരിഞ്ഞാലും അക്രമവും പരിഹാസവും..!! ‘സ്വസ്ഥതയും സുരക്ഷയും ഇല്ലാതായി’; ബിന്ദു അമ്മിണി കേരളം വിടുന്നു..!!

മുളക് സ്പ്രേ മുതൽ കൊലപാതക ശ്രമംവരെ; എവിടെ തിരിഞ്ഞാലും അക്രമവും പരിഹാസവും..!! ‘സ്വസ്ഥതയും സുരക്ഷയും ഇല്ലാതായി’; ബിന്ദു അമ്മിണി കേരളം വിടുന്നു..!!

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി കേരളം വിടുന്നു. കേരളം തന്നെ സംബന്ധിച്ച് ജീവിക്കാനാവാത്ത സ്ഥലമായി മാറിയെന്നും ഇവിടം വിടുകയല്ലാതെ മറ്റു വഴിയില്ലെന്നും ബിന്ദു അമ്മിണി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു.

കേരളം ജീവിക്കാനാവാത്ത സ്ഥലമായി മാറി. ഉത്തര്‍പ്രദേശിലോ ഡല്‍ഹിയിലോ സ്വസ്ഥതയും സുരക്ഷയും കിട്ടുമെന്നാണ് തോന്നുന്നത്. വടക്കേ ഇന്ത്യയില്‍ പലവട്ടം പോയിട്ടുണ്ട്. ഒരു തവണ പോലും അവിടെ തനിക്കു നേരെ അക്രമം ഉണ്ടായിട്ടില്ലെന്ന് ബിന്ദു അമ്മിണി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടന്‍ തന്നെ ഡല്‍ഹിയിലേക്കു തിരിക്കുമെന്ന് ബിന്ദു പറഞ്ഞു. താമസം എവിടെ വേണമെന്ന് അവിടെ ചെന്നിട്ടു തീരുമാനിക്കും. കേരളം വിടാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. ശബരിമലയില്‍ കയറിയതിനു ശേഷം ആദ്യമൊക്കെ സിപിഎം പ്രവര്‍ത്തെകരും ഡിവൈഎഫ്‌ഐയും സുരക്ഷ നല്‍കിയിരുന്നു. പിന്നെപ്പിന്നെ അവരും പിന്‍വലിഞ്ഞു- ബിന്ദു അമ്മിണി പറഞ്ഞു.

രണ്ടു പേര്‍ ക്ഷേത്രത്തില്‍ കയറിയിട്ടും തന്നെ മാത്രമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ബിന്ദു അമ്മിണി പറയുന്നു. താന്‍ ദലിതയായതാണ് കാരണം. എറണാകുളത്ത് പൊലീസ് കമ്മിഷണറുടെ ഓഫിസിന് മുന്നില്‍ വച്ചാണ് ആക്രമണമുണ്ടായത്. ഓട്ടോ ഇടിച്ചു വീഴ്ത്താനും ശ്രമമുണ്ടായി. കോഴിക്കോട് ബീച്ചില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. അപ്പോഴൊക്കെ പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു- ബിന്ദു അമ്മിണി പറഞ്ഞു.

ശബരിമല കര്‍മ സമിതിയുടെ ശക്തമായ പ്രതിഷേധത്തിനിടെ, കനത്ത പൊലീസ് സുരക്ഷയിലാണ് ബിന്ദു അമ്മിണിയും കനകദുര്‍ഗയും 2019 ജനുവരിയില്‍ ശബരിമല ക്ഷേത്രത്തില്‍ കയറിയത്. ഇതിനെത്തുടര്‍ന്ന് ബിന്ദു അമ്മിണിക്കു നേരെ പലയിടത്തും അക്രമം നടന്നിരുന്നു. ”സുപ്രീം കോടതി നിര്‍ദേശപ്രകാരം എനിക്ക് മുഴുവന്‍ സമയ പൊലീസ് സുരക്ഷയുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ചാണ് പലയിടത്തും ഞാന്‍ ആക്രമിക്കപ്പെട്ടത്”- ബിന്ദു അമ്മിണി പറഞ്ഞു.

2020ല്‍ തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ശ്രമം നടത്തി. എന്നാല്‍ അദ്ദേഹത്തിന്റെ ഓഫിസ് അതു തടഞ്ഞു. പിന്നെ എങ്ങനെയാണ് കാര്യങ്ങള്‍ ധരിപ്പിക്കുക?- ബിന്ദു ചോദിച്ചു.

കോഴിക്കോട് പൊയില്‍ക്കാവ് സ്വദേശിയായ ബിന്ദു കഴിഞ്ഞ മാര്‍ച്ച് വരെ ഗവ. ലോ കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ആയിരുന്നു. അതിനു മുമ്പ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ തലശ്ശേരി ക്യാംപസില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി പ്രവര്‍ത്തിച്ചു. പ്രസാധക സ്ഥാപനം നടത്തുന്ന ഭര്‍ത്താവ് ഹരിഹരന്‍ കേരളത്തില്‍ തുടരും.