രഹസ്യബന്ധം കണ്ടുപിടിച്ച ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമം ; നാഗർകോവിലിൽ രണ്ട് ലക്ഷം രൂപയ്ക്ക് ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ ഭാര്യയടക്കം മൂന്ന് പേർ പൊലീസ് പിടിയിൽ

രഹസ്യബന്ധം കണ്ടുപിടിച്ച ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമം ; നാഗർകോവിലിൽ രണ്ട് ലക്ഷം രൂപയ്ക്ക് ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ ഭാര്യയടക്കം മൂന്ന് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

നാഗർകോവിൽ: രഹസ്യബന്ധം കണ്ടുപിടിച്ച ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ ഭാര്യയടക്കം മൂന്ന് പേർ പൊലീസ് പിടിയിൽ. നാഗർകോവിൽ വടശ്ശേരി കേശവ തിരുപുരം സ്വദേശിയും ഫോട്ടോ ഗ്രാഫറുമായ ഗണേഷിനെ (38) തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച ഭാര്യ ഗായത്രി (35), ക്വട്ടേഷൻ സംഘത്തിലെ കുരുതംകോട് സ്വദേശി വിജയകുമാർ (45), നെയ്യൂർ സ്വദേശി കരുണാകരൻ എന്നിവരാണ് പൊലീസ് പിടിയിലായത്.

കേസിൽ യുവതിയുടെ കാമുകൻ ഒളിവിലാണ്. രാത്രിയിൽ ഭർത്താവ് ഉറക്കത്തിൽ കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റതായിട്ടാണ് ഗായത്രി അയൽവാസികളോട് പറഞ്ഞിരുന്നത്. തുടർന്ന് ഭർത്താവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയിൽ വച്ച് നടത്തിയ പരിശോധനയിലാണ് ഭാരമുള്ള കമ്പി കൊണ്ട് തലയിൽ അടിച്ചതാകാമെന്ന സംശയം ഡോക്ടർ പങ്കുവെച്ചത്. സാരമായി പരിക്കേറ്റ ഇദ്ദേഹം ഇപ്പോൾ കോമ സ്റ്റേജിൽ ആണെന്നും ഡോക്ടർമാർ പറഞ്ഞു.

സംശയം തോന്നിയ ഗണേഷിന്റെ ബന്ധുക്കൾ വടശ്ശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഗായത്രിയെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ പുറത്തുവന്നത്.

ഗായത്രിക്ക് വീടിനടുത്തുള്ള കട ഉടമയും മധുര സ്വദേശിയുമായ യാസർ എന്ന യുവാവുമായി അടുപ്പമുണ്ടായിരുന്നു. യാസറിന് പ്ലേ സ്‌കൂൾ തുടങ്ങാനായി ഒരു വർഷം മുൻപ് ഗായത്രിയോട് സാമ്പത്തിക സഹായം ചോദിച്ചു.

ഇതിനായി ഗായത്രി തന്റെ ഭർത്താവിന്റെ പേരിലുള്ള വീടിന്റെ ആധാരം സ്വകാര്യ ബാങ്കിൽ പണയപ്പെടുത്തി 10 ലക്ഷം രൂപ നൽകി. യാസർ ഈ തുക ഉപയോഗിച്ച് പ്ലേ സ്‌കൂൾ തുടങ്ങുകയും അതിൽ ഗായത്രിയെ അധ്യാപികയാക്കുകയും ചെയ്തിരുന്നു.

യാസറും ഗായത്രിയും തമ്മിലുള്ള വഴിവിട്ട ബന്ധം ഗണേഷ് അറിയുകയും അത് ചോദ്യം ചെയ്യുകയും ചെയ്തു. ഇതേ തുടർന്ന് ഇവർക്കിടയിൽ ആറുമാസമായി നിരന്തരം വഴക്കുമുണ്ടാകുമായിരുന്നു. ദിവസങ്ങൾക്ക് മുൻപ് ഭർത്താവിനെ കൊല്ലാൻ രണ്ടു ലക്ഷം രൂപയ്ക്ക് ഗുണ്ടകൾക്ക് ക്വട്ടേഷൻ നൽകി.

ഇതിനായി രാത്രിയിൽ വീടിന്റെ വാതിൽ തുറന്നിടുകയും ഭർത്താവ് കിടക്കുന്ന മുറി കാണിച്ചു കൊടുക്കുകയും ചെയ്തു. രാത്രി വീട്ടിൽ എത്തിയ ക്വട്ടേഷൻ സംഘങ്ങൾ ചുറ്റിക കൊണ്ട് ഗണേഷിന്റെ തലയിലും ശരീരത്തിലും അടിച്ചു. നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോൾ ഇവർ രക്ഷപ്പെടുകയായിരുന്നു.

നാട്ടുകാരെ ഗായത്രി തന്റെ ഭർത്താവ് ഉറക്കത്തിൽ കട്ടിലിൽ നിന്നു വീണ് തലയ്ക്ക് പരിക്കേറ്റെന്ന് നാട്ടുകാരെ ധരിപ്പിച്ച ശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആറു വർഷം മുൻപാണ് ഗണേഷിന്റെയും ഗായത്രിയുടെയും വിവാഹം നടന്നത്. ഇവർക്ക് നാലു വയസുള്ള ആൺകുട്ടിയുണ്ട്.

സംഭവത്തിൽ അറസ്റ്റിലായ ഗായത്രി ഉൾപ്പെടെയുള്ളവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യാസർ ഒളിവിലാണ്. ഒളിവിൽ പോയ യാസറിനെ പിടികൂടാനായി രണ്ടു സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിവരികെയാണ്.