തട്ടിപ്പിന്റെ രീതി മാറി, മൊബൈൽ ഫോണിന് വരെ ദോഷം: സ്ത്രീകൾ മാത്രമുള്ള വീടുകൾ ലക്ഷ്യം
മൂന്നാർ: വീടുകളിലെ ദോഷം മാറ്റാൻ പ്രാർത്ഥനയും പൂജകളും ചെയ്യാമെന്ന് വിശ്വസിപ്പിച്ച സ്ത്രീകളിൽ നിന്നും പണം തട്ടിയെടുത്ത നാല് തമിഴ്നാട് സ്വദേശികളെ പിടിയിൽ. കോയമ്പത്തൂർ തഞ്ചാവൂർ സ്വദേശികളായ വാസുദേവൻ, ഗോപി, സീനു, വിജയ് വീരസ്വാമി എന്നിവരെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. വട്ടവട, ചെണ്ടുവര ലോവർ, കുണ്ടള, സാൻഡോസ് കോളനി എന്നിവിടങ്ങളിലെ സ്ത്രീകൾ മാത്രമുള്ള വീടുകളിൽ എത്തി വീട്ടിൽ ദോഷമുണ്ടെന്നും അനർത്ഥങ്ങൾ സംഭവിക്കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് ഇവർ തട്ടിപ്പ് നടത്തിയെന്നാണ് പോലീസ് പറയുന്നത്. ദോഷം മാറാൻ പൂജകൾ ചെയ്യാമെന്ന് പറഞ്ഞ് 1000 രൂപ മുതൽ 10300 രൂപ വരെ ഓരോ വീട്ടിൽ നിന്നും ഇവർ തട്ടിയെടുത്തു.
ഒരു വീട്ടിലെ സ്ത്രീയിൽ നിന്നും മൊബൈൽ ഫോണിന് ദോഷമുണ്ടെന്ന് പറഞ്ഞു ഫോൺ കൈവശപ്പെടുത്തി. ചെറിയ പ്രാർഥനകൾ നടത്തി സ്ഥലം വിട്ട ഇവരെ ചെണ്ടുവര ലോവർ എത്തിയപ്പോഴാണ് പുരുഷന്മാർ തടഞ്ഞുവച്ചത്. തുടർന്നും മൂന്നാർ പോലീസ് എത്തുകയും പ്രതികളെ അറസ്റ്റ് ചെയ്തു നിൽക്കുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group