പശ്ചാത്തപിക്കുന്നവരെ തിരികെ വരവേറ്റത് മറക്കരുത് ; മാധ്യങ്ങൾക്ക് മുന്നിൽ എന്തും വിളിച്ചു പറയാമെന്ന് നേതാക്കൾ വിചാരിക്കരുത് ; കെ.മുരളീധരനെതിരെ മുല്ലപ്പള്ളി
സ്വന്തം ലേഖകൻ
തിരുവനന്തപുരം : തർക്കങ്ങൾ ഒഴിവാക്കാൻ നടത്തിയ ഞാണിന്മേൽ കളി പാളി; കെ.പി.സി.സി. പുനഃസംഘടന സംബന്ധിച്ച് കോൺഗ്രസിൽ അമർഷം പുകയുന്നു. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരൻ എം.പിയുമായുള്ള വാക്പോരിനേത്തുടർന്നാണു പുനഃസംഘടനയേച്ചൊല്ലിയുള്ള ഭിന്നത മറനീക്കിയത്. കോൺഗ്രസിൽ നിന്ന് പോയവരെ തിരിച്ചു കൊണ്ടുവന്നിട്ടുള്ള പാരമ്പര്യമാണ് ഉള്ളതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
മുമ്പ് ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന മോഹൻശങ്കറെ കെ.പി.സി.സി വൈസ് പ്രസിഡന്റാക്കിയതിനെതിരെ കെ. മുരളീധരൻ പരസ്യമായി രംഗത്തുവന്നതാണ് മുല്ലപ്പള്ളിയെ പ്രകോപിപ്പിച്ചത്.ഇന്നലെ ചേർന്ന പുതിയ ഭാരവാഹികളുടെ യോഗത്തിൽ കെ.മുരളിയുടെ പേര് പറയാതെ മുല്ലപ്പള്ളി രൂക്ഷമറുപടിയാണ് നൽകിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാദ്ധ്യമങ്ങൾക്ക് മുന്നിൽ എന്തും വിളിച്ചുപറയാമെന്ന് നേതാക്കൾ ധരിക്കരുതെന്നും, വിമർശിക്കുന്നവർ സ്വയം തിരിഞ്ഞുനോക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഭാരവാഹികളുടെ യോഗം ചേരുമ്പോൾ സാധാരണ കെ.പി.സി.സി മുൻ അദ്ധ്യക്ഷന്മാരെ ക്ഷണിക്കാറുണ്ടെങ്കിലും ഇന്നലെ അതുണ്ടായില്ല. ക്ഷണിക്കാത്തതിന്റെ കാരണം ചോദിക്കേണ്ടത് പ്രസിഡന്റിനോടാണെന്ന് മുരളീധരൻ പ്രതികരിച്ചിരുന്നു. .
സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പാർട്ടി നേതാക്കളെ അവഹേളിക്കാനും അപമാനിക്കാനും കോൺഗ്രസുകാർ ശ്രമിക്കരുതെന്ന് മുല്ലപ്പള്ളി പറഞ്ഞു. സി.പി.എമ്മും ബി.ജെ.പിയും സമൂഹമാദ്ധ്യമങ്ങളെ സ്വന്തം പാർട്ടി വളർത്താനുപയോഗിക്കുമ്പോൾ ഇവിടെ നേരെ തിരിച്ചാണ്.
പാർട്ടിയിൽ ഐക്യം വേണമെന്ന് മുതിർന്ന നേതാവ് എ.കെ. ആന്റണി പുതിയ ഭാരവാഹികളോട് ഓർമ്മിപ്പിച്ചു. വിവാദവിഷയങ്ങളിലേക്ക് അദ്ദേഹം കടന്നില്ല. അരൂർ ഉപതിരഞ്ഞെടുപ്പിലെ ചിട്ടയായ പ്രവർത്തനം മാതൃകയാണ്. ചെങ്ങന്നൂരിലെ ഫലം തനിക്ക് നേരത്തേ അറിയാമായിരുന്നു.. അവിടെ പാർട്ടി സംഘടനയില്ലായിരുന്നു. യുവാക്കളെ കൂടുതൽ ആകർഷിക്കാനാകണമെന്നും സംഘടനാപരമായ ഉൾക്കരുത്ത് നേടണമെന്നും ആന്റണി പറഞ്ഞു.
പാർട്ടിയിൽ അച്ചടക്കം വേണമെന്ന് ഓർമ്മിപ്പിച്ച കെ.സി. വേണുഗോപാൽ, ശബരിമല വിഷയമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ ഇടത് തോൽവിക്ക് കാരണമായതെന്ന് പറഞ്ഞു.തദ്ദേശതിരഞ്ഞെടുപ്പിലെ മികവ് നോക്കിയാകും പുതിയ ഭാരവാഹികളെ വിലയിരുത്തുകയെന്നും വേണുഗോപാൽ പറഞ്ഞു.
പാർട്ടി ഐക്യത്തോടെ പോകണമെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നിർദ്ദേശിച്ചു. വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരനും പുതിയ വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാലും യോഗത്തിനെത്തിയില്ല.