മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാന്‍ നാളെ തമിഴ്‌നാട് മന്ത്രിമാരുടെ സംഘം എത്തും; ഒപ്പം തേനിയില്‍ നിന്നും എംഎല്‍എമാരും; അണക്കെട്ടിലെ ജലനിരപ്പ് 138.90 അടി; ഏഴ് ഷട്ടറുകള്‍ ഉയര്‍ത്തി വെളളം തുറന്നുവിട്ടു
സ്വന്തം ലേഖിക
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ സ്‌പില്‍വെയിലെ ഏഴ് ഷട്ടറുകള്‍ ഉയര്‍ത്തി വെളളം തുറന്നുവിട്ട സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ അഞ്ച് മന്ത്രിമാരും തേനിയിലെ ഉള്‍പ്പടെ മൂന്ന് എംഎല്‍എമാരും നാളെ ഡാം സന്ദര്‍ശിക്കും.
തമിഴ്‌നാട് ജലസേചന മന്ത്രി ദുരൈ മുരുകന്‍, ധനമന്ത്രി ത്യാഗരാജന്‍, സഹകരണമന്ത്രി ഐ.പെരിയസ്വാമി, റവന്യു മന്ത്രി മൂര്‍ത്തി, ഭക്ഷ്യ സിവില്‍ സപ്ളൈസ് മന്ത്രി ചക്രപാണി എന്നിവരും എംഎല്‍എമാരുമാണ് സന്ദര്‍ശനം നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെരിയാര്‍ കടുവാ സങ്കേതത്തില്‍ കനത്ത മഴ പെയ്‌തതോടെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഡാമിൻ്റെ ഷട്ടറുകൾ തുറന്നു വിട്ടത്. രണ്ട് ഷട്ടറുകള്‍ ഇന്നലെ ആറരയ്‌ക്കും, മൂന്നെണ്ണം എട്ട് മണിയ്‌ക്കും പന്ത്രണ്ടരയോടെ രണ്ട് ഷട്ടറുകളുമാണ് തുറന്നത്.
138.90 അടിയാണ് ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ്. സെക്കന്റില്‍ 3900 ഘനയടി വെളളമാണ് പെരിയാറിലൂടെ ഒഴുക്കിവിട്ടത്.
കനത്തമഴയില്‍ അഞ്ച് മണിക്കൂര്‍ കൊണ്ട് അണക്കെട്ടില്‍ ഒരടി വെളളം ഉയര്‍ന്നിരുന്നു. ഇതാണ് ഷട്ടര്‍ തുറക്കാന്‍ ഇടയായത്. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയിലാണെങ്കിലും ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.