നഗരത്തിലെത്തിയാൽ മുഖ്യമന്ത്രിയ്ക്ക് രാഷ്ട്രപതിയുടെ സുരക്ഷ ; പൊറുതിമുട്ടി നാട്ടുകാർ

നഗരത്തിലെത്തിയാൽ മുഖ്യമന്ത്രിയ്ക്ക് രാഷ്ട്രപതിയുടെ സുരക്ഷ ; പൊറുതിമുട്ടി നാട്ടുകാർ

 

സ്വന്തം ലേഖിക

കൊച്ചി : നഗരപരിധിയിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഏർപ്പെടുത്തുന്ന സുരക്ഷയൊരുക്കി മുഖ്യമന്ത്രിയെ സല്യൂട്ടടിച്ച് പൊലീസ് യാത്രയാക്കുമ്പോൾ പൊരിവെയിലത്ത് കുഴയുന്നത് പൊതുജനം. മുഖ്യമന്ത്രിയുടെ പ്രീതി പിടിച്ചുപറ്റാനായി ചുറ്റിലുള്ള ഉദ്യോഗവൃന്ദത്തിന്റെ പണിയാണിതെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞമാസം മുപ്പതിന് കൊച്ചിയിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോയപ്പോൾ ജനം പരസ്യമായി പ്രതിഷേധിക്കുന്നിടത്തേയ്ക്ക് കാര്യങ്ങളെത്തി. കൊച്ചി വിമാനത്താവളത്തിൽ നിന്ന് ആലപ്പുഴയിലേയ്ക്ക് യാത്ര ചെയ്ത മുഖ്യമന്ത്രി യുടെ വാഹനവ്യൂഹം കൊച്ചി നഗരപരിധിയിലെത്തിയപ്പോൾ അവിടെ സുരക്ഷയ്ക്കായി മാത്രം ഇരുന്നൂറിലധികം പൊലീസുകാരെയാണ് നിയോഗിച്ചിരുന്നത്. ട്രാഫിക്, ലോക്കൽ പൊലീസുകാർ, ഹോംഗാർഡുകൾ തുടങ്ങിയവരെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ റോഡിൽ വിന്യസിച്ചിരുന്നു. എന്നാൽ ഇതുവഴി മുഖ്യമന്ത്രി കടന്നുപോയത് വൈകിട്ട് മൂന്ന് മണിയോടെയാണ്. രാഷ്ട്രപതിയെത്തുമ്പോൾ പോലും രണ്ട് മണിക്കൂർ മുൻപാണ് സുരക്ഷയ്ക്കായി യാത്രാ വഴിയിൽ പൊലീസിനെ വിന്യസിക്കുന്നത്.

പൊതുവെ ഗതാഗത കുരുക്കിന് പ്രസിദ്ധമായ കൊച്ചിയിലെ വൈറ്റില, പാലാരിവട്ടം എന്നിവിടങ്ങളിൽ മുഖ്യമന്ത്രിയുടെ വാഹനം കടത്തിവിടാൻ മുപ്പത് മിനിട്ടിലേറെ മറ്റ് യാത്രക്കാരുടെ വാഹനങ്ങൾ തടഞ്ഞിട്ടിരുന്നു. പ്രകോപിതരായ ജനം ട്രാഫിക് പൊലീസുകാർക്കെതിരെ രൂക്ഷമായി ക്ഷോഭിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഉച്ചഭക്ഷണം പോലും കഴിക്കാനാവാതെ പൊരിവെയിലിൽ ഡ്യൂട്ടിചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരിലും അതൃപ്തി പടരുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group