പ്ലസ് വൺ സീറ്റ്: വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ടീ ഷർട്ട് ഉയർത്തി പ്രതിഷേധം, എം എസ് എഫ് സംസ്ഥാന സെക്രട്ടറി നൗഫൽ അറസ്റ്റിൽ
തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ സീറ്റ് വിഷയത്തിലായിരുന്നു പ്രതിഷേധം. യോഗം തുടങ്ങിയ ഉടനെ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നൗഫൽ കൈയിൽ കരുതിയ ടീ ഷർട്ട് ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ നൗഫലിനെ യോഗത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. പിന്നീട് കൻ്റോൺമെന്റ് പൊലീസ് എത്തി നൗഫലിനെ അറസ്റ്റ് ചെയ്തു.
വിദ്യാർഥി സംഘടനകൾ, തൊഴിലാളി യൂണിയനുകൾ, മഹിളാ സംഘടനകൾ പ്രതിനിധികളെ ഉൾപ്പെടുത്തിയായിരുന്നു യോഗം. മലബാർ മേഖലയിൽ ആവശ്യത്തിന് ഹയർസെക്കൻഡറി സീറ്റുകളില്ലെന്ന് ചൂണ്ടികാട്ടി പ്രതിഷേധ മുദ്രാവാക്യങ്ങളെഴുതിയ ടീഷർട്ട് യോഗത്തിൽ നൗഫൽ ഉയർത്തിക്കാട്ടി.
45530 സീറ്റുകൾ മലബാറിന്റെ അവകാശമാണ്. മലബാർ കേരളത്തിലാണെന്നും ടീ ഷർട്ടിൽ എഴുതിയിരുന്നു. യോഗത്തിൽ പ്രതിഷേധിച്ചതിന് നൗഫലിനെ മന്ത്രി വിമർശിച്ചു. യോഗത്തിൽ പങ്കെടുക്കാതെ പ്രതിഷേധം തുടർന്നതോടെ നൗഫലിനെ ഹാളിൽ നിന്ന് പുറത്താക്കി. എന്നാൽ ഹാളിന് പുറത്തുനിന്നും പ്രതിഷേധം തുടർന്നതോടെ കന്റോൺമെന്റ് പോലീസെത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മലബാർ മേഖലയിൽ ഇനിയും കൂടുതൽ സീറ്റുകൾ അനുവദിക്കാനാകില്ലെന്നാണ് സർക്കാർ നിലപാട്. കഴിഞ്ഞ തവണ അനുവദിച്ചതിനേക്കാൾ കൂടുതൽ ഇത്തവണ അനുവദിച്ചിട്ടുണ്ട്. അതിനാൽ കൂടുതൽ സീറ്റുകൾ അനുവദിക്കില്ലെന്ന നിലപാടിനെതിരെ മുസ്ലീം ലീഗ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചിരുന്നു.