കൊവിഡ് പടർത്തുന്ന എം.ആർ.എഫ് അടച്ചിടുക..! തേർഡ് ഐ വാർത്ത ഏറ്റെടുത്ത് നാട്ടുകാർ; കൊവിഡ് മാനദണ്ഡം ലംഘിക്കുന്ന എം.ആർ.എഫിനെതിരെ നാട്ടുകാരുടെ പ്രതിഷേധം സോഷ്യൽ മീഡിയയിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ച് തുറന്നു പ്രവർത്തിക്കുന്ന വടവാതൂരിലെ എം.ആർ.എഫ് ഫാക്ടറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാർ. ജീവനക്കാർക്കും ഇവരുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട നൂറോളം ആളുകൾക്കും രോഗം സ്ഥിരീകരിക്കുകയും, ഇവിടെ നിന്നും രോഗം ബാധിച്ച ഒരാൾ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. രണ്ടു ദിവസമായി വിഷയത്തിൽ തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകിയിരുന്നു.

ഇതിനു പിന്നാലെയാണ് നാട്ടുകാർ തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്ത ഏറ്റെടുത്ത് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. വടവാതൂരിലെയും പരിസരത്തെയും, വിജയപുരം പഞ്ചായത്തിലെയും കൊവിഡ് വ്യാപനത്തിന്റെ പ്രധാന കാരണം എം.ആർ.എഫ് ഫാക്ടറിയാണ് എന്നു നേരത്തെ തന്നെ കണ്ടെത്തിയിരുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ ഘട്ടം മുതൽ കൊവിഡ് രോഗം ബാധിച്ച ആളുകളുടെ വിവരങ്ങൾ കമ്പനി മറച്ചു വയ്ക്കുകയായിരുന്നു. ഇതാണ് പ്രദേശത്ത് കൊവിഡ് പടർന്നു പിടിക്കാൻ കാരണമായത്. ഇത് പുറത്തു കൊണ്ടു വന്നത് തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ ഇടപെടലായിരുന്നു. ജില്ലാ ഭരണകൂടം പുറത്തു വിട്ട വാർത്തയിൽ പോലും കമ്പനിയുടെ പേരുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ ആശങ്ക ഏറ്റെടുത്ത് തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത എഴുതിയത്.

ഇതിനു പിന്നാലെ വടവാതൂരിലെ പൊതുകാര്യ പ്രസക്തനായ ചന്ദ്രാജിയുടെ മരണം കൂടി ഉണ്ടായതോടെ നാട്ടുകാർ കടുത്ത രോഷത്തിലായി. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ എല്ലാം പാലിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി പ്ലക്കാർഡുകൾ എഴുതിയ ശേഷം ഇതിന്റെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താണ് നാട്ടുകാർ പ്രതിഷേധിച്ചത്. നാട്ടുകാർ പോസ്റ്റ് ചെയ്ത വീഡിയോ പലരും ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം സാധാരണക്കാരിലേയ്ക്ക് എത്തിയത്. ജനങ്ങളുടെ ജീവന് പുല്ലു വില വൽപ്പിക്കുന്ന കമ്പനിയ്‌ക്കെതിരെ ജനകീയ പ്രതിരോധ സമിതി വടവാതൂരിന്റെ പേരിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.