ഞാന്‍ പഴയ എസ്.എഫ്.ഐക്കാരനാണ്, എനിക്ക് അറിയാത്ത കളികളുണ്ടോ; എം.ആര്‍ അജിത്കുമാര്‍ മറ്റൊരു ശിവശങ്കറോ?കളികൾ കണ്ടറിയാം
തിരുവനന്തപുരം: ‘ഞാന്‍ പഴയ എസ്.എഫ്.ഐക്കാരനാണ്, എനിക്ക് അറിയാത്ത കളികളുണ്ടോ…’ എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍ തന്റെ അടുപ്പക്കാരോട് പലപ്പോഴും പറയുന്ന വാചകമാണിത്.
എസ്.എഫ്.ഐ അരങ്ങുവാഴുന്ന തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നാണ് അജിത്കുമാറിന്റെ തുടക്കം. ജിയോളജിയില്‍ റാങ്കോടെ പാസായ ശേഷമായിരുന്നു സിവില്‍ സര്‍വീസിലേക്ക് കടക്കുന്നത്. തിരുവനന്തപുരത്ത് കമ്മീഷണറായി എത്തിയതോടെയാണ് അജിത്കുമാര്‍ ശ്രദ്ധിക്കപ്പെടുന്നത്. കൊച്ചിയിലും തൃശൂരിലുമെല്ലാം കമ്മീഷ്ണറായി സേവനമനുഷ്ഠിച്ചു. അജിത്കുമാറിന്റെ സര്‍വീസ് പല വിവാദങ്ങളും നിറഞ്ഞതാണ്.
സോളര്‍ കേസുമായി ബന്ധപ്പെട്ട് പലതവണ പറഞ്ഞ് കേട്ടെങ്കിലും ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ക്‌ളീന്‍ചിറ്റായിരുന്നു. എന്നാല്‍ സ്വപ്ന സുരേഷ് പ്രതിയായ സ്വര്‍ണക്കടത്ത് കേസിന്റെ വിവാദകാലത്ത് അജിത്കുമാര്‍ ശരിക്കും പെട്ടു. വിജിലന്‍സ് ഡയറക്ടറായിരുന്ന അദേഹം സ്വപ്നയുടെ സുഹൃത്ത് പി.എസ്.സരിത്തിനെ അനധികൃതമായി കസ്റ്റഡിയിലെടുക്കാനും ഫോണ്‍ പിടിച്ചെടുക്കാനും നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ പ്രീതി പിടിച്ചുപറ്റാനായിരുന്നു അജിത്കുമാറിന്റെ ഈ ഇടപെടല്‍ എന്നത് പകല്‍ പോലെ വ്യക്തം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ വിവാദമായതോടെ അജിത്കുമാറിന്റെ വിജിലന്‍സ് മേധാവി സ്ഥാനം തെറിച്ചു. പിന്നീട് നിയമിച്ചത് സിവില്‍ റൈറ്റ്‌സ് എ.ഡി.ജി.പി എന്ന അപ്രധാന പദവിയില്‍. ഇരിക്കാന്‍ ഓഫീസോ കസേരയോ ഇല്ലാത്തതുകൊണ്ട് ആ സമയം വീട്ടില്‍ തന്നെയായിരുന്നു ഭൂരിഭാഗം സമയവും. എന്നാല്‍ നാല് മാസം കൊണ്ട് അജിത്കുമാര്‍ പൊലീസിലെ ഏറ്റവും പ്രധാന പദവിയായ ലോ ആന്റ് ഓര്‍ഡര്‍ എ.ഡി.ജി.പി പദവിയില്‍ തിരിച്ചെത്തി.
ഞാന്‍ പറയുന്നതാണ് പൊലീസില്‍ നടക്കുന്നത്, എന്തെങ്കിലും ഉണ്ടങ്കില്‍ ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞോളാം’-രണ്ട് വര്‍ഷമായി ലോ ആന്റ് ഓര്‍ഡര്‍ എ.ഡി.ജി.പി കസേരയിലിരിക്കുന്ന അജിത്കുമാര്‍ സീനിയര്‍ജൂനിയര്‍ വ്യത്യാസമില്ലാതെ പലരോടും പറഞ്ഞിരുന്ന വാചകമാണിത്. ആ വാചകത്തിലുള്ളതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ ഇടപെടല്‍. മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ള ഓഫീസര്‍ ആണ് അജിത് കുമാര്‍.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി.ശശി വന്നതോടെ അജിത്കുമാറിന്റെ തലവര മാറി. തലസ്ഥാനനഗരിയിലേക്ക് സ്ഥാനമാറ്റമുണ്ടായി. പിന്നില്‍ തെക്കന്‍ കേരളത്തിലെ ഒരു പ്രമുഖ വ്യവസായിയുടെ റെക്കമെന്റേഷനും ഉണ്ടെന്നാണ് പിന്നാമ്പുറക്കഥ.
അധികാര പദവിയിലെത്തിയതോടെ അജിത്കുമാര്‍ ഡി.ജി.പിയെപോലും കൂസാതെയായി. ഡി.ജി.പിയെ വെട്ടി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായും മുഖ്യമന്ത്രിയുമായും നേരിട്ടായി ആശയവിനിമയം. മുഖ്യമന്ത്രിയും ഭൂരിഭാഗം കാര്യങ്ങളും അജിത്കുമാറിനെ ഏല്‍പ്പിച്ചു. ഇതാണ് ഭരണപക്ഷ എംഎല്‍എയായ പി.വി അന്‍വര്‍ പലതവണയായി ഉന്നയിച്ചതും.
നവകേരള യാത്രക്ക് ചുക്കാന്‍ പിടിച്ചതും പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിയൊതുക്കിയതുമെല്ലാം അജിത്കുമാര്‍ മുഖ്യമന്ത്രിയോട് കാണിച്ച പ്രത്യുപകാരത്തിന്റെ അടയാളങ്ങളായി വിലയിരുത്തുന്നു. മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സിപിഎം,ഡിവൈഎഫ്‌ഐ ക്കാര്‍ക്ക് സംരക്ഷണക്കുട
ചൂടിക്കൊടുത്തതും ഇതേ അജിത്കുമാര്‍ തന്നെയായിരുന്നു.
സാധാരണയായി പൊതുജനങ്ങളോട് മോശമായി പെരുമാറുന്നവരാണ് പൊലീസുകാര്‍ എന്ന ചീത്തപ്പേര് സേനയ്ക്കുണ്ട്. എന്നാല്‍ മുന്നില്‍ വരുന്നവരോടെല്ലാം മോശമായി സംസാരിക്കുന്ന ഓഫീസറെന്നാണ് അജിത്കുമാര്‍ പൊലീസില്‍ അറിയപ്പെടുന്നത്. അധികനേരം സംസാരിക്കാനും മീറ്റിങ്ങുകളില്‍ പങ്കെടുക്കാനുമെല്ലാം നല്ലൊരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കും താല്‍പര്യമില്ല എന്നാണ് സേനയ്ക്കുള്ളില്‍ നിന്ന് തന്നെയുള്ള വിവരം. വളരെ മോശമായും അപമാനിച്ചും സംസാരിക്കുന്നതാണ് കാരണമെന്നാണ് ഇവര്‍ പറയുന്നതും,.
എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനില്‍ നിന്ന് മുഖ്യമന്ത്രിക്ക്
തന്നെ തലവേദനയായ ഉദ്യോഗസ്ഥനായി വീണിരിക്കുകയാണ് അജിത്കുമാര്‍. തൃശൂര്‍പൂരം കലക്കിയതില്‍ അജിത്കുമാറിന് പങ്കുണ്ടോയെന്ന് പ്രതിപക്ഷം സംശയിക്കുന്നു. വിവിധയിടങ്ങളില്‍ വെച്ച് ആര്‍എസ്‌എസ് നേതാക്കളെ അജിത്കുമാര്‍ കണ്ടതിനും തെളിവുകള്‍ പുറത്തു വന്നു കഴിഞ്ഞു.
സ്വര്‍ണക്കടത്തിലടക്കം അന്വേഷണം നേരിടുന്നു. ആര്‍.എസ്.എസ് ബന്ധമുള്ളതിനാല്‍ തൊപ്പിതെറിപ്പിക്കണമെന്ന് ഭരിക്കുന്ന പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. അങ്ങിനെ വിവാദം മുറുകുമ്പോള്‍ ഒന്നും മിണ്ടാതെ തന്റെ പ്രിയപ്പെട്ട ഉദ്യോഗസ്ഥനെ ചേര്‍ത്തുപിടിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എം.ശിവശങ്കറായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്
തലവേദനയുണ്ടാക്കിയത് എങ്കില്‍ ഇപ്പോള്‍ എം.ആര്‍ അജിത്കുമാറിന്റെ രൂപത്തിലാണെന്ന് മാത്രം.