നീണ്ട 12 വർഷം ; നിമിഷ പ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി

നീണ്ട 12 വർഷം ; നിമിഷ പ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ മാതാവ് പ്രേമകുമാരിക്ക് അനുമതി. 12 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും നേരിൽ കാണാൻ പോവുന്നത്. ഇന്ന് ഉച്ചയ്ക്ക് ജയിലിൽ എത്തി നേരിൽ കാണാനാണ് അനുമതി. യെമൻ പൗരന്റെ കുടുംബവുമായി നേരിട്ട് ചർച്ച നടത്തുന്നില്ലെന്ന് സേവ് നിമിഷപ്രിയ ഫോറത്തിലെ സാമുവൽ ജെറോം പറഞ്ഞിരുന്നു. മോചന ദ്രവ്യത്തെ പറ്റി ചർച്ച ചെയ്യുകയല്ല പകരം, നിമിഷയ്ക്ക് മാപ്പ് നൽകണമെന്ന് ആവശ്യപ്പെടും. ഗോത്രത്തലവന്മാരുമായും ചർച്ച നടത്തേണ്ടതുണ്ട്. മരിച്ചയാളുടെ കുടുംബം മാപ്പ് നൽകിയ ശേഷമാകും മോചന ദ്രവ്യത്തെ കുറിച്ച് ചർച്ച നടത്തൂവെന്നും സാമുവൽ ജെറോം പറഞ്ഞു.

യെമൻ പൗരന്റെ കുടുംബത്തെ പ്രേമകുമാരിയും സന്ദർശിക്കും. ഇവർ മാപ്പ് നൽകിയാൽ മാത്രമേ നിമിഷ പ്രിയയുടെ തിരിച്ചുവരവ് സാധ്യമാകൂ. യെമനുമായി നയതന്ത്ര ബന്ധമില്ലാത്തതിനാൽ കേന്ദ്രസർക്കാർ വിഷയത്തിൽ കാര്യമായി ഇടപെട്ടിട്ടില്ല. സന്നദ്ധ സംഘടനകൾ ഉൾപ്പെടെ ഇടപെട്ട് നടത്തിയ ചർച്ചകളാണ് നിമിഷയുടെ മോചനത്തിന് പ്രതീക്ഷ നൽകുന്നത്.

ഈ മാസം 20നാണ് നിമിഷപ്രിയയുടെ അമ്മ യെമനിലെത്തിയത്. നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് മകളെ കാണാൻ പ്രേമ കുമാരിക്ക് ഡൽഹി ഹൈക്കോടതി അനുമതി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017ൽ കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയക്ക് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷയിൽ ഇളവു നൽകണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമൻ കോടതി തള്ളിയിരുന്നു.

ഇതിനെതിരെ നൽകിയ അപ്പീൽ യെമൻ സുപ്രിംകോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദയാധനം കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് നിമിഷ പ്രിയയുടെ കുടുംബത്തിന്റെ വാദം. ഇതിനായുള്ള ചർച്ചക്കാണ് ഇപ്പോൾ പ്രേമകുമാരി യെമനിലെത്തിയിരിക്കുന്നത്.