മൊറട്ടോറിയത്തിന്റെ പേരിൽ ഇനി പിഴിയാൻ പോരേണ്ട..! ബജാജ് ഫിൻസെർവിന്റെയും, എച്ച്.ഡി.ബി, ടി.വി.എസ് ഫിനാൻസ് കമ്പനികളുടെയും കൊള്ളയ്ക്ക് അറുതിവരുത്താൻ കേന്ദ്ര സർക്കാർ; മോറട്ടോറിയം കാലത്തെ ബാങ്ക് വായ്പയിൽ നിന്നും പിഴപ്പലിശ ഒഴിവാക്കാൻ നിർദേശം; ഉത്തരവ് പുറത്തിറങ്ങി; അനധികൃതമായി പിടിച്ച പിഴപ്പലിശ തിരിച്ചു നൽകേണ്ടിയും വരും
തേർഡ് ഐ ബ്യൂറോ
കോട്ടയം: മോറട്ടോറിയത്തിന്റെ പേരിൽ ഇനി സാധാരണക്കാരെ പിഴിയാൻ പോരേണ്ടെന്നു ബാങ്കുകളോടും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളോടും കേന്ദ്ര സർക്കാർ. ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ഇനി കേന്ദ്ര സർക്കാരിന്റെ കർശന മാർഗനിർദേശം പാലിക്കേണ്ടി വരും. ബാങ്കുകൾ പ്രഖ്യാപിച്ച പിഴ പലിശ പൂർണമായും ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറക്കി. സുപ്രീം കോടതിയുടെ മാർഗനിർദേശം അനുസരിച്ചാണ് ഇപ്പോൾ കേന്ദ്രം ഉത്തരവിറക്കിയിരിക്കുന്നത്.
നേരത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും കൊവിഡ് ലോക്ക് ഡൗണിന്റെയും, മോറട്ടോറിയത്തിന്റെയും പേരിൽ ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തുന്നതായി തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിൽ ഗുണ്ടായിസവും വിരട്ടുമായി ഇറങ്ങുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കു കടിഞ്ഞാണിടുന്നതാണ് ഇപ്പോൾ കേന്ദ്ര സർക്കാർ പുറത്തിറക്കിയ നിർദേശങ്ങൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൊറട്ടോറിയം പ്രഖ്യാപിച്ച മാർച്ച് ഒന്ന് മുതൽ ആഗസ്ത് 31 വരെയുള്ള ആറുമാസക്കാലത്തെ രണ്ടുകോടി രൂപ വരെയുള്ള വായ്പകളുടെ കൂട്ടുപലിശയാണ് ഒഴിവാക്കുക.
കുടിശ്ശികത്തുക രണ്ടുകോടി കവിയാൻ പാടില്ല. നേരത്തെ പിഴപ്പലിശ ഒഴിവാക്കാൻ തീരുമാനിച്ചെങ്കിൽ അത് നടപ്പാക്കാൻ എന്തിനാണ് വൈകുന്നതെന്ന് ചോദിച്ച സുപ്രിംകോടതി, നവംബർ രണ്ടിനകം ഉത്തരവിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പരാമർശം നടത്തിയിരുന്നു. ഇതിന് മറുപടിയായി മൊറട്ടോറിയം കാലത്തെ ബാങ്ക് വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അറിയിക്കുകയും ചെയ്തു. പിന്നാലെയാണ് കൂട്ടുപലിശ ഒഴിവാക്കിക്കൊണ്ടുള്ള മാർഗനിർദേശങ്ങൾ കേന്ദ്രധനമന്ത്രാലയം പുറത്തിറക്കിയത്.
ഭവന വായ്പകൾ, വിദ്യാഭ്യാസ വായ്പകൾ, വാഹന വായ്പ, ക്രെഡിറ്റ് കാർഡ് വായ്പകൾ, എംഎസ്എംഇ വായ്പകൾ തുടങ്ങിയവയുടെ കൂട്ടുപലിശയാണ് ഒഴിവാക്കുക. ഇതിൽ കാർഷിക വായ്പകൾ ഉൾപ്പെടുന്നില്ല. തീരുമാനം നവംബർ അഞ്ചിനകം നടപ്പാക്കും. കൂട്ടുപലിശ ഈടാക്കിയ ബാങ്കുകൾ അത് തിരിച്ചുനൽകണമെന്നും മാർഗരേഖയിൽ പറയുന്നു. ഇതുസംബന്ധിച്ച് വായ്പ നൽകിയ ബാങ്കുകളെയും മറ്റ് സ്ഥാപനങ്ങളെയും സർക്കുലറിലൂടെ ധനമന്ത്രാലയം ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
ദീപാവലിക്ക് മുന്നോടിയായി വായ്പയെടുത്തവർക്ക് ആശ്വാസം നൽകി ബാങ്കുകൾ നവംബർ അഞ്ചിനോ അതിന് മുമ്‌ബോ വായ്പ വാങ്ങിയയാളുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യണം. കൂട്ടുപലിശ ഒഴിവാക്കാൻ സർക്കാർ 6,500 കോടി രൂപ ബാങ്കുകൾക്ക് നൽകും. മോറട്ടോറിയം കാലത്തെ വായ്പകളുടെ പലിശകൂടി ഒഴിവാക്കണമെന്ന ആവശ്യവും സുപ്രിംകോടതിക്ക് മുന്നിലുണ്ട്. അക്കാര്യങ്ങൾ നവംബർ രണ്ടിന് കോടതി പരിശോധിക്കും.