മോഡലുകൾക്ക് ശീതളപാനിയത്തിൽ കലർത്തി കൂടിയ അളവിൽ ലഹരി നൽകിയതായി രഹസ്യ സന്ദേശം; നമ്പർ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമം

മോഡലുകൾക്ക് ശീതളപാനിയത്തിൽ കലർത്തി കൂടിയ അളവിൽ ലഹരി നൽകിയതായി രഹസ്യ സന്ദേശം; നമ്പർ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമം

കൊച്ചി ∙ വാഹനാപകടത്തിൽ കൊല്ലപ്പെട്ട മിസ് കേരള ജേതാക്കളായ മോഡലുകൾക്കു ശീതളപാനീയത്തിൽ കലർത്തി ലഹരി നൽകിയെന്ന സംശയം ശക്തിപ്പെടുന്നു. എന്നാൽ, ഇവരുടെ രക്തസാംപിൾ ശേഖരിക്കാതിരുന്നത് അന്വേഷണത്തിനു തിരിച്ചടിയാകും. മോഡലുകളെ കബളിപ്പിച്ചു ലഹരി കഴിപ്പിച്ചെന്ന് അന്വേഷണ സംഘത്തിനു ലഭിച്ച രഹസ്യസന്ദേശം സ്ഥിരീകരിക്കാൻ നിശാപാർട്ടി നടന്ന ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ വീണ്ടെടുക്കണം.

മിസ് കേരള അൻസി കബീറിനെ ഹോട്ടലുടമ റോയിക്കു മുൻ പരിചയമുണ്ട്. അൻസിയുടെ അമ്മയും റോയിയും നഗരത്തിലെ ഒരേ കോളജിലെ പൂർവവിദ്യാർഥി കൂട്ടായ്മയിലെ അംഗങ്ങളാണ്. മിസ് കേരള സൗന്ദര്യപ്പട്ടം ലഭിച്ചപ്പോൾ അൻസിയെ ക്ഷണിച്ചു വരുത്തി റോയിയുടെ നേതൃത്വത്തിൽ അനുമോദിച്ചിരുന്നു. ഈ മുൻ പരിചയമാണ് അൻസിയും സുഹൃത്തുക്കളും റോയിയുടെ ഹോട്ടലിലെ പാർട്ടിയിൽ പങ്കെടുക്കാൻ വഴിയൊരുക്കിയത്.

ഹോട്ടലിലെ രാസലഹരി പാർട്ടികൾക്കു നേതൃത്വം നൽകിയിരുന്ന സൈജു തങ്കച്ചന്റെ സാന്നിധ്യമാണു യുവതികൾക്കു വിനയായതെന്നാണ് അനുമാനം. ഡാൻസ് പാർട്ടിക്കു ശേഷം രഹസ്യമായി നടക്കുന്ന ലഹരി പാർട്ടിയിലേക്കു സൈജു ഇവരെ ക്ഷണിച്ചെങ്കിലും വഴങ്ങിയില്ല. ഇതിനു ശേഷമാണ് ഇവർക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ആഷിഖും അബ്ദുൽ റഹ്മാനും കൂടിയ അളവിൽ മദ്യം വിളമ്പി സൽക്കരിക്കാൻ തുടങ്ങിയതെന്നു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇക്കൂട്ടത്തിൽ യുവതികൾക്കും ശീതളപാനീയത്തിൽ അമിത അളവിൽ ലഹരി ചേർത്തു നൽകിയെന്ന രഹസ്യവിവരമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group