മൊബൈല്‍ ശരിയായി നന്നാക്കിയില്ലെന്ന് വിദ്യാര്‍ത്ഥി; ‘പോയി കേസ് കൊട്’ എന്ന് കടയുടമ; ഒടുവില്‍ ചങ്ങനാശേരി സ്വദേശിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ വിധി
സ്വന്തം ലേഖിക
മലപ്പുറം: മൊബൈല്‍ ഫോണിന്റെ ഡിസ്‌പ്ലേ നന്നാക്കി നല്‍കാത്തതിന് മൊബൈല്‍ കടയുടമ വിദ്യാര്‍ഥിക്ക് 9,200 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ വിധി.
ചങ്ങനാശേരി എന്‍എസ്‌എസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും പറപ്പൂര്‍ കുളത്തിങ്ങല്‍ സ്വദേശിയുമായ പങ്ങിണിക്കാട്ട് റഹീസിനാണ് നഷ്ട പരിഹാരം ലഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിസ്പ്ലേ തകരാറിലായ മൊബൈല്‍ നന്നാക്കാനായി തിരൂരിലെ ഒരു കടയില്‍ റഹീസ് ഏല്‍പിച്ചിരുന്നു. ഫോണ്‍ നന്നാക്കാനായി 2,200 രൂപയും കടയുടമ ഈടാക്കി. പുതിയ ഡിസ്‌പ്ലേയ്ക്ക് വാറന്റിയുണ്ടെന്നും പറഞ്ഞിരുന്നു.
എന്നാല്‍ മാറ്റിയ ശേഷവും ഡിസ്പ്ലേ ശരിയാകാത്തതിനാല്‍ വീണ്ടും ശരിയാക്കി കിട്ടാനായി സമീപിച്ചപ്പോള്‍ കട ഉടമ ഒഴിഞ്ഞുമാറി. ‘ന്നാ താന്‍ പോയി കേസ് കൊട്’ എന്നുകൂടി ഉടമ പറഞ്ഞതോടെയാണ് റഹീസ് പരാതിയുമായി ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനെ സമീപിച്ചത്.
പരാതിയില്‍ അന്വേഷണം നടത്തിയ ഉപഭോക്തൃ കമ്മിഷന്‍ കടയുടമയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയായിരുന്നു.
വിധി വന്നതോടെ കടയുടമ നഷ്ട പരിഹാര തുകയുടെ ചെക്ക് റഹീസിന് കൈമാറി. റഹീസില്‍ നിന്ന് വാങ്ങിയ 2,200 രൂപയും കോടതി ചെലവിലേക്കായി 2,000 രൂപയും നഷ്ടപരിഹാരമായി 5,000 രൂപയും സഹിതമാണ് 9200 രൂപ കടയുടമയില്‍ നിന്ന് കമ്മീഷന്‍ ഈടാക്കിയത്. കെഎസ്‌യു മണ്ഡലം പ്രസിഡന്റും കോളേജ് ക്യാമ്പസ് യൂണിറ്റ് പ്രസിഡന്റുമാണ് റഹീസ്.