പാലക്കാട് സിപിഐയില്‍ വിഭാഗീയത ; പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിൻ ജില്ലാ കൗൺസിലിൽ നിന്ന് രാജിവെച്ചു; കൂടുതൽ നടപടിക്ക് സാധ്യത
സ്വന്തം ലേഖകൻ
പാലക്കാട്: പാർട്ടിയിലെ വിഭാഗിയതയെ തുടർന്ന് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിൻ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് രാജിവെച്ചു. മുഹസിൻ ഉൾപ്പെടെ 15 പേർ രാജിവച്ചതായാണ് വിവരം. സമ്മേളനങ്ങളിൽ വിഭാഗീയ പ്രവർത്തനം നടത്തിയെന്ന പാർട്ടി കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പി എം എൽ എ കൂടിയായ മുഹമ്മദ് മുഹസിൻ ജില്ലാ കമ്മിറ്റി അംഗം കൊടിയിൽ രാമകൃഷ്ണൻ എന്നിവരെ ഉൾപ്പെടെ പാർട്ടി കഴിഞ്ഞ ദിവസം തരം താഴ്ത്തിയിരുന്നു. ഇരുപതിലധികം പേർക്കെതിരെയായിരുന്നു പാർട്ടി നടപടി. ചിലരെ താക്കീതും ചെയ്തിരുന്നു.
പാർട്ടി ജില്ലാ കൗൺസിൽ അംഗം മുഹമ്മദ് മുഹസിനെ ജില്ലാ കമ്മിറ്റിയിലേക്കും, ജില്ലാ കമ്മിറ്റി അംഗം കൊടിയിൽ രാമകൃഷ്ണനെയും, പട്ടാമ്പി മണ്ഡലം സെക്രട്ടറി പി.കെ. സുഭാഷിനെയും ബ്രാഞ്ചിലേക്കുമാണ് തരം താഴ്ത്തിയത്. തരം താഴ്ത്തലിൽ പ്രതിഷേധിച്ചാണ് മുഹമ്മദ് മുഹസിൻ എം എൽ എയുടെ രാജി. രാജി ഭീഷണി ഉയർത്തി പാർട്ടിയെ സമ്മർദ തന്ത്രത്തിലാക്കാനുള്ള നീക്കമാണ് നടക്കുന്നതാണെന്നാണ് എതിർ വിഭാഗം പറയുന്നത്. രാജിയെ ക്കുറിച്ച് അറിയില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബ്രാഞ്ച് മുതൽ ജില്ലാ സമ്മേളനം വരെയുണ്ടായ വിഭാഗീയതയിൽ മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിലും കുറ്റക്കാരനാണെന്നു അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു. തൃത്താല, പട്ടാമ്പി, മണ്ണാർക്കാട്, നെന്മാറ ഏരിയ സമ്മേളനങ്ങൾ വോട്ടെടുപ്പിലെത്തിച്ചത് വിഭാഗീയതയുടെ ഭാഗമാണെന്നു കണ്ടത്തിയിരുന്നു.
അതേസമയം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന നേതാക്കൾ പങ്കെടുത്തതിനാൽ അതിലെ പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നായിരുന്നു ഇസ്മായിൽ പക്ഷത്തിന്റെ വാദം. ഉത്തരവാദിത്തമില്ലാത്ത കാര്യത്തിലാണ് ജില്ലാ നേതൃത്വം ഇടപെട്ടത്. സംസ്ഥാന നേതാക്കളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടില്ല. അതിനാൽ അന്വേഷണ കമ്മിഷൻ പാർട്ടി വ്യവസ്ഥയ്ക്ക് വിരുദ്ധമെന്നാണ് ഇവരുടെ നിലപാട്.
പാർട്ടി വിഭാഗിയതയിൽ മനം മടുത്ത് സ്വാതന്ത്ര്യ സമര സേനാനിയും സിപിഐ നേതാവുമായിരുന്ന ഇ.പി.ഗോപാലന്റെ മകൾ പ്രഫ:കെ.സി. അരുണ പാർട്ടി പട്ടാമ്പി മണ്ഡലം സെക്രട്ടേറിയറ്റിൽ നിന്നും രാജി വെച്ചതായും റിപ്പോർട്ട് ഉണ്ട്. എംഎൽ എ ക്കെതിരെയുള്ള പാർട്ടി നടപടിയിൽ പ്രതിഷേധിച്ച് സിപിഐ മണ്ഡലം കമ്മിറ്റിയിലുളളവർ കൂട്ടരാജി സമർപ്പിച്ചതായും കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. പാർട്ടിയിൽ ജില്ലാ സെക്രട്ടറിപക്ഷവും എതിർപക്ഷവും തമ്മിൽ നിലനിൽക്കുന്ന കടുത്ത വിഭാഗിയതയാണ് നടപടികൾക്കും രാജിക്കുമെല്ലാം കാരണമെന്നാണ് വിവരം.