പിതാവിനെ കാണാൻ 14കാരനായ സഹോദരനോടൊപ്പം ബസിൽ യാത്ര പുറപ്പെട്ടു; സ്ഥലമെത്തിയപ്പോൾ സഹോദരി ഇറങ്ങിയില്ല; കാണാതായ 12 കാരിയെ നാല് ദിവസത്തിന് ശേഷം ബീച്ചിൽ നിന്നും കണ്ടെത്തി
സ്വന്തം ലേഖിക
കോഴിക്കോട്: ബസ് യാത്രക്കിടെ കാണാതായ ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ മകളായ 12കാരിയെ നാല് ദിവസത്തിനുശേഷം കോഴിക്കോട്ടുനിന്ന് കണ്ടെത്തി.
കഴിഞ്ഞ ശനിയാഴ്ചയാണ് ബസ് യാത്രക്കിടെ കുട്ടിയെ കാണാതായത്. 14കാരനായ സഹോദരനോടൊപ്പം കോഴിക്കോട് കക്കാട് ജോലി ചെയ്യുന്ന പിതാവിനെ കാണാന്‍ കുന്നംകുളത്തു നിന്നാണ് ബസില്‍ ഇരുവരും പുറപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കക്കാട് എത്തിയപ്പോള്‍ 14കാരന് ഇറങ്ങിയെങ്കിലും അനുജത്തി ഇറങ്ങിയില്ല. പിന്നീട് കുന്നംകുളത്തുള്ള ഉമ്മയെ മകന് ഫോണില്‍ വിളിച്ച് പറഞ്ഞതോടെയാണ് ഇതര സംസ്ഥാന തൊഴിലാളിയായ യുവതി കരഞ്ഞുകൊണ്ട് കുന്നംകുളം സ്റ്റേഷനില്‍ ഓടിയെത്തിയത്.
തുടര്‍ന്ന് സി ഐ സൂരജ് ആശ്വസിപ്പിച്ച് വിവരങ്ങള്‍ ശേഖരിച്ചു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് ക്രൈം കാര്‍ഡ് തയാറാക്കി എല്ലാ സ്റ്റേഷനുകളിലേക്കും അയച്ചു. പെണ്‍കുട്ടി ഇറങ്ങാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെ പൊലീസ് സ്റ്റേഷനുകളില്‍ വിവരമറിയിച്ചു.
റെയില്‍വേ സ്റ്റേഷനിലെയും ബസ്സ്റ്റാന്‍ഡ് പരിസരങ്ങളിലെയും മറ്റും നൂറോളം സി സി ടി വി ക്യാമറകള്‍ പരിശോധിച്ചു. ഇതില്‍ നിന്നാണ് കുട്ടി കോഴിക്കോട് തന്നെയുണ്ടെന്ന് നിര്‍ണായക വിവരം ലഭിക്കുന്നത്.
തുടര്‍ന്ന് കോഴിക്കോട് ജില്ല പൊലീസുമായി ബന്ധപ്പെട്ട് കോഴിക്കോട് ഭാഗത്തുള്ള സമൂഹ മാധ്യമങ്ങളിലും മറ്റും കുട്ടിയുടെ ഫോട്ടോ പരസ്യപ്പെടുത്തി അന്വേഷണം ഊര്‍ജിതമാക്കി. രണ്ടു ദിവസം കോഴിക്കോട് ബീച്ചും നഗര പ്രദേശങ്ങളുമെല്ലാം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വീണ്ടും അന്വേഷണം തുടരുന്നതിനിടയിലാണ് ബീഹാര്‍ കുടുംബത്തിന്റെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി ബീച്ചില്‍ നടക്കുന്നത് കോഴിക്കോട് പിങ്ക് പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് കുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്ന് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി അമ്മക്കൊപ്പം വിട്ടു.