സൈബര്‍ ലോകത്തെ ചതിക്കുഴികള്‍ അറിഞ്ഞിരിക്കണം:പാലാ അല്‍ഫോന്‍സാ കോളേജിന്റെ ആഭിമുഖ്യത്തില്‍ പാലാ പൊലീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘നമ്മുടെ പൊന്നോമനകള്‍ ‘ പദ്ധതിയുടെ ഉദ്ഘാടനവും വനിതാ സൈബര്‍ സുരക്ഷാ സെമിനാറിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ച് ഡോ.ബി.സന്ധ്യ
സ്വന്തം ലേഖിക
പാലാ: സൈബര്‍ ലോകത്തെ ചതിക്കുഴികള്‍ പുതുതലമുറ മനസിലാക്കേണ്ടതുണ്ടെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ഡോ.ബി.സന്ധ്യ. വേണ്ട സമയത്ത് പെണ്‍കുട്ടികള്‍ പ്രതികരിക്കേണ്ടതുണ്ട്.
പാലാ അല്‍ഫോന്‍സാ കോളേജിന്റെ ആഭിമുഖ്യത്തില്‍ പാലാ പൊലീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘നമ്മുടെ പൊന്നോമനകള്‍ ‘പദ്ധതിയുടെ ഉദ്ഘാടനവും വനിതാ സൈബര്‍ സുരക്ഷാ സെമിനാറിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ഡോ.ബി.സന്ധ്യ
സൈബര്‍ ഇടങ്ങളില്‍ പരിചയപ്പെടുന്ന ആളുകളോട് എല്ലാം തുറന്നുപറയുന്ന സമീപനം ശരിയല്ല. ധാരാളം കുറ്റകൃത്യങ്ങള്‍ ഇന്ന് സൈബര്‍ ലോകത്ത് നടക്കുന്നുണ്ട്. ഇങ്ങനെ എന്തെങ്കിലും പ്രശ്‌നത്തില്‍ വീണുപോയാല്‍ ഉടന്‍ മാതാപിതാക്കളോടും ആദ്ധ്യാപകരോടും പൊലീസിനോടുപോലും തുറന്നുപറയാനുള്ള മാനസികാവസ്ഥയുണ്ടാക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരത്തിലുള്ള ഒരു കുറ്റകൃത്യത്തെയും നിസ്സാരമായി കാണരുത്.സമയോചിതമായ ഇടപെടലിലൂടെ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയുമെന്നും സന്ധ്യ പറഞ്ഞു.
പാലാ ഡിവൈ.എസ്.പി. ഷാജു ജോസിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്ക് സഹായവും സംരക്ഷണവും ഒരുക്കുന്നതിനായി രൂപീകരിച്ച ‘നമ്മുടെ പൊന്നോമനകള്‍’ പദ്ധതി മാതൃകയാണെന്ന് ഡി.ജി.പി. ചൂണ്ടിക്കാട്ടി.
അല്‍ഫോന്‍സാ കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. സിസ്റ്റര്‍ റെജീനാമ്മ ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം അഡീഷണല്‍ എസ്.പി. എസ്. സുരേഷ്‌കുമാര്‍, പാലാ ഡിവൈ.എസ്.പി. ഷാജു ജോസ്, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. ഷാജി ജോണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കോളേജ് ബര്‍സാര്‍ റവ. ഡോ. ജോസ് ജോസഫ് സ്വാഗതവും കോളേജ് എന്‍.എസ്.എസ്. കോ- ഓര്‍ഡിനേറ്റര്‍ ഡോ. സിനിമോള്‍ സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.
അല്‍ഫോന്‍സാ കോളേജിലെ നാഷണല്‍ സര്‍വീസ് സ്കീമിന്റെയും വനിതാ സെല്ലിന്റെയും പാലാ പൊലീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ സെമിനാര്‍ കോട്ടയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ രാജേഷ് മണിമല നയിച്ചു.