ശുചിത്വ ബോധം വളര്‍ത്താന്‍ ഗൗരവതരമായ ഇടപെടല്‍ വേണം : മന്ത്രി തിലോത്തമന്‍

ശുചിത്വ ബോധം വളര്‍ത്താന്‍ ഗൗരവതരമായ ഇടപെടല്‍ വേണം : മന്ത്രി തിലോത്തമന്‍

സ്വന്തംലേഖകൻ

കോട്ടയം : ആരോഗ്യ ജാഗ്രതയുടെ ഭാഗമായി നടത്തിയ ശുചീകരണ യജ്ഞത്തിന്റെ തുടര്‍ച്ചയെന്നോണം സമൂഹത്തില്‍ ശുചിത്വ ബോധം വളര്‍ത്തുന്നതിന് കൂടുതല്‍ ഗൗരവതരമായ ഇടപെടല്‍ വേണമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍ദേശിച്ചു. മെയ് 11,12 തീയതികളില്‍ നടന്ന ശുചീകരണ യജ്ഞത്തിന്റെ കോട്ടയം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍നടപടികള്‍ തീരുമാനിക്കുന്നതിനും ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ഡ്തലം വരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമായി അവലോകനം ചെയ്യണം. കുറവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിഹരിക്കണം. പൊതു സ്ഥലങ്ങളും ജലസ്രോതസുകളും മാലിന്യമുക്തമായി നിലനിര്‍ത്തുന്നതിന് കൂട്ടായ പരിശ്രമം നടത്തണം. മഴക്കാലത്ത് ജലാശയങ്ങളില്‍ എത്തിച്ചേരുന്ന വെള്ളം സുഗമമായി ഒഴുകാന്‍ സാഹചര്യമുണ്ടാകണം.  എക്കാലവും നാട് ശുചിയായിരിക്കണമെന്ന ബോധം ജനങ്ങളിലുണ്ടാകുകയും സ്വന്തം പരിസരം ശുചീകരിക്കാന്‍ അവര്‍ തയ്യാറാകുകയും ചെയ്യുമ്പോഴാണ്  ഈ മേഖലയിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയം നേടുക.
എല്ലായിടത്തും ശുചീകരണം നടക്കുന്നുണ്ടെന്ന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. എല്ലാ വകുപ്പുകളും ഈ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണം. താഴേത്തലംവരെ ശുചിത്വം ഉറപ്പാക്കനായാല്‍ പകര്‍ച്ച വ്യാധികളെ അതിജീവിക്കാനും സമീപഭാവിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കാനും സാധിക്കും- മന്ത്രി പറഞ്ഞു.
ശുചീകരണത്തിന്റെ തുടര്‍ച്ചയായി ജില്ലയില്‍ ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗരേഖ ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് യോഗത്തില്‍ അവതരിപ്പിച്ചു. ശേഖരിച്ച മാലിന്യങ്ങള്‍ സമയബന്ധിതമായി നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ നടപടി സ്വീകരിക്കണമെന്നും ശുചീകരിച്ച സ്ഥലങ്ങളില്‍ വീണ്ടും മാലിന്യങ്ങള്‍ നിക്ഷേപിക്കാതിരിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധ ചെലുത്തണമെന്നും റാണി ജോര്‍ജ് നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി,  വൈസ് പ്രസിഡന്റ് ജെസിമോള്‍ മനോജ്, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ സഖറിയാസ് കുതിരവേലി, ലിസമ്മ ബേബി, അംഗങ്ങളായ ശോഭ സലിമോന്‍, ജയേഷ്, എ.ഡി.എം സി. അജിതകുമാര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജെ. ബെന്നി, പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം. ഷഫീഖ്, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ്, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.