ചതിച്ചതാ, കുടിയന്മാരെ ബിവറേജുകാർ ചതിച്ചതാ: ബക്കാഡി വിൽക്കാൻ കമ്മിഷൻ ലക്ഷങ്ങൾ..! ജവാനെ മുക്കാൻ ബിവറേജസ് ജീവനക്കാർ കമ്മിഷൻ വാങ്ങുന്നത് കോടികൾ; വിജിലൻസ് പരിശോധനയിൽ പുറത്തായത് കള്ളുകുടിപ്പിക്കാൻ വാങ്ങുന്ന കോടികളുടെ കമ്മിഷൻ

ചതിച്ചതാ, കുടിയന്മാരെ ബിവറേജുകാർ ചതിച്ചതാ: ബക്കാഡി വിൽക്കാൻ കമ്മിഷൻ ലക്ഷങ്ങൾ..! ജവാനെ മുക്കാൻ ബിവറേജസ് ജീവനക്കാർ കമ്മിഷൻ വാങ്ങുന്നത് കോടികൾ; വിജിലൻസ് പരിശോധനയിൽ പുറത്തായത് കള്ളുകുടിപ്പിക്കാൻ വാങ്ങുന്ന കോടികളുടെ കമ്മിഷൻ

തേർഡ് ഐ ബ്യൂറോ
കോട്ടയം: ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയ്ക്കു മുന്നിൽ ക്യൂ നിന്ന് മദ്യം വാങ്ങുന്ന സാധാരണക്കാരെയും സർക്കാരിനെയും ഒരു പോലെ മണ്ടന്മാരാക്കുന്ന ബിവറേജസ് ജീവനക്കാർ വിജിലൻസിന്റെ പരിശോധനയിൽ കുടുങ്ങി. ജനപ്രിയ ബ്രാൻഡുകളും സർക്കാർ നിർമ്മിത മദ്യവുമായ ജവാനും, ഫാർമറും മുക്കാനും, സ്വകാര്യ കമ്പനികളുടെ ബ്രാൻഡുകളായ ബെക്കാർഡി വിൽക്കാനുമായി ബിവറേജസ് ജീവനക്കാർ വാങ്ങുന്നത് കോടികളുടെ കമ്മിഷനാണെന്നാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ കോട്ടയം യൂണിറ്റ് എസ് പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ  അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ബെക്കാർഡിയുടെ മൊത്ത വിതരണക്കാരായ കൊച്ചിയിലെ മഞ്ജുഷ ബിവറേജസ് ആൻഡ് മാർക്കറ്റിംഗ് ലിമിറ്റഡ് സംഘം ഏറ്റുമാനൂർ കൺസ്യൂമർ ഫെഡിലെ ജീവനക്കാരനായ മാത്യുവിന് നൽകിയ 5700 രൂപയുടെ ചെക്കും വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച ജില്ലയിലെ ബിവറേജസ് കോർപ്പറേഷനിൽ നടന്ന മിന്നൽ റെയ്ഡിന്റെ തുടർച്ചയായാണ് വെള്ളിയാഴ്ച ഏറ്റുമാനൂർ കൺസ്യൂമർ ഫെഡിന്റെ ചില്ലറ വിൽപന ശാലയിലും, എറണാകുളത്തെ മഞ്ജുഷ ബിവറേജസ് ആൻഡ് മാർക്കറ്റിംഗ് ലിമിറ്റഡിന്റെ ഓഫിസിലും വിജിലൻസ് വിഭാഗം പരിശോധന നടത്തിയത്.
ഏറ്റുമാനൂരിൽ വിജിലൻസ് ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും, എറണാകുളത്ത് സി.ഐ എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് റെയ്ഡ് നടത്തിയത്. ഏറ്റുമാനൂരിലെ കൺസ്യൂമർ ഫെഡിന്റെ ചില്ലറ വിൽപ്പന ശാലയിൽ നടത്തിയ പരിശോധനയിൽ, ബെക്കാർഡി മദ്യം കൂടുതൽ വിൽപന നടത്തുന്നതിനായി മഞ്ജുഷ ബിവറേജസ്, ഇവിടുത്തെ ജീവനക്കാരനായ മാത്യുവിന് നൽകിയ 5700 രൂപയുടെ ചെക്ക് വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. ഈ ചെക്കിൽ മഞ്ജുഷ ബിവറേജസിന്റെ മാനേജിംഗ് ഡയറക്ടറാണ് ഒപ്പിട്ടിരിക്കുന്നത്. ഏറ്റുമാനൂരിലെ ബിവറേജസിൽ നിന്നും ജവാന്റെയും, ഫാർമറിന്റെയും ഇന്ററുകൾ കൃത്യമായി അയക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ജവാൻ ഇല്ലെന്നു വരുത്തിത്തീർക്കുകയാണ് ഇതിലൂടെ ഇവർ ലക്ഷ്യമിടുന്നതെന്നാണ് പ്രാഥമിക നിഗമനം. ഫാർമർ എന്ന ബ്രാൻഡിനെപ്പറ്റി പോലും പല ജീവനക്കാർക്കും അറിയുകയുമില്ല.
ഏറ്റുമാനൂരിലെ കൺസ്യൂമർ ഫെഡിന്റെ ചില്ലറ വിൽപ്പന ശാലയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളത്തെ മഞ്ജുഷ ബിവറേജിൽ നിന്നു ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ബെക്കാർഡിയുടെ വിൽപ്പന വർധിപ്പിക്കുന്നതിനായി കമ്മിഷൻ ഇനത്തിൽ ഒൻപത് ലക്ഷം രൂപ അടുത്തിടെ മാത്രം സംസ്ഥാനത്തെ വിവിധ ബിവറേജസുകളിൽ വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ലക്ഷങ്ങളാണ് ബിവറേജസ്് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലകളിൽ മദ്യത്തിന്റെ വിൽപന വർധിപ്പിക്കുന്നതിനായി ഓരോ കമ്പനികളുടെയും പ്രതിനിധികൾ കൈക്കൂലി ഇനത്തിൽ നൽകുന്നതെന്നാണ് വിജിലൻസ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലകൾ വഴി സ്വകാര്യ കമ്പനികളുടെ പ്രധാനപ്പെട്ട 60 ബ്രാൻഡ് മദ്യമാണ് വിൽക്കുന്നത്. ഇതിനെല്ലാം ബിവറേജസ് – കൺസ്യൂമർ ഫെഡ് ജീവനക്കാർക്ക് കമ്മിഷൻ നൽകുന്നുണ്ടെന്നും കണക്കുകളിൽ നിന്നും വിജിലൻസ് അ്‌നുമാനിക്കുന്നു.
ഡിസ്‌പ്ലേ ചാർജ് എന്ന പേരിലാണ് ജീവനക്കാർക്ക് കമ്പനികൾ പണം നൽകുന്നത്.്സർക്കാർ മദ്യത്തെ ചവിട്ടിത്താഴ്ത്തി സ്വകാര്യ ബ്രാൻഡുകളെ പൊക്കിയെടുക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ വൻ അഴിമതി നടക്കുന്നത്. അഴിമതിയുടെ പ്രാഥമിക വശം കണ്ടെത്തിയ സാഹചര്യത്തിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് തുടർ നടപടികളിലേയ്ക്ക് കടക്കുന്നതിനാണ് വിജിലൻസ് തീരുമാനിച്ചിരിക്കുന്നത്. സർക്കാർ അനുമതി ലഭിച്ച ശേഷം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കും.