പിഞ്ചു കുഞ്ഞിന്റെ ജീവനുമായി അഞ്ചരമണിക്കൂർ കൊണ്ട് മംഗലാപുരത്തു നിന്നും കൊച്ചിയിലേക്ക്, ആരോഗ്യവകുപ്പ് മന്ത്രിയുടെ ഇടപെടലിൽ സൗജന്യ ചികിത്സ, പ്രതീക്ഷയുടെ ദൂരം താണ്ടിയ ആംബുലൻസ് ഡ്രൈവർക്കും മന്ത്രിക്കും സോഷ്യൽമീഡിയയുടെ കയ്യടി

പിഞ്ചു കുഞ്ഞിന്റെ ജീവനുമായി അഞ്ചരമണിക്കൂർ കൊണ്ട് മംഗലാപുരത്തു നിന്നും കൊച്ചിയിലേക്ക്, ആരോഗ്യവകുപ്പ് മന്ത്രിയുടെ ഇടപെടലിൽ സൗജന്യ ചികിത്സ, പ്രതീക്ഷയുടെ ദൂരം താണ്ടിയ ആംബുലൻസ് ഡ്രൈവർക്കും മന്ത്രിക്കും സോഷ്യൽമീഡിയയുടെ കയ്യടി

സ്വന്തംലേഖകൻ

കോട്ടയം : രണ്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ആംബുലന്‍സ് അഞ്ചരമണിക്കൂറിനുള്ളിൽ കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ച ഡ്രൈവർക്കും, ശക്തമായ ഇടപെടലിൽ കുട്ടിക്ക് സൗജന്യ ചികിത്സ ഉറപ്പാക്കിയ ആരോഗ്യവകുപ്പ് മന്ത്രിക്കും കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.
400 കിലോമീറ്റര്‍ ദൂരം അഞ്ചര മണിക്കൂര്‍ കൊണ്ട് സഞ്ചരിച്ചാണ് ആംബുലന്‍സ് അമൃതയിലെത്തിയത്.

നേരത്തെ തിരുവനന്തപുരം ശ്രീ ചിത്തിര മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകാൻ തീരുമാനിച്ചിരുന്ന കുഞ്ഞിനെ ആരോഗ്യവകുപ്പ് മന്ത്രി കെ. കെ ഷൈലജ വിഷയത്തിൽ ഇടപെട്ടതിന് പിന്നാലെ അമൃത ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ ചികിത്സ ചിലവും സർക്കാർ വഹിക്കാനും തീരുമാനമായിട്ടുണ്ട്. 18 വയസിൽ താഴെയുള്ളവരുടെ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് സൗജന്യ ചികിത്സാ നൽകുന്ന പദ്ധതിയാണ് ഇത്.കുഞ്ഞിനെ അമൃതയിലേക്ക് കൊണ്ടുപോകുന്നതിനെ എതിർത്ത് കുഞ്ഞിനൊപ്പം ഉണ്ടായിരുന്ന ചൈൽഡ് പ്രൊട്ടക്ഷൻ ടീം നിലപാടെടുത്തിരുന്നു. എന്നാല്‍ സർക്കാർ ചിലവിൽ അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കാനായിരുന്നു മന്ത്രിയുടെ നിർദ്ദേശം.
“മുഴുവൻ ചിലവും സർക്കാർ വഹിക്കുന്നതാണ്. ചൈൽഡ് പ്രൊട്ടക്ഷൻ ടീം എന്തിനാണ് വാശി പിടിക്കുന്നതെന്ന് എനിക്ക് അറിയില്ല. ജീവൻ രക്ഷിക്കുകയെന്നതാണ് പ്രധാനം. നേരത്തെ കുഞ്ഞിനെ കോഴിക്കോട് മിംസിൽ പ്രവേശിപ്പിക്കാമായിരുന്നു. അവിടം കഴിഞ്ഞുപോയതിനാൽ ഇനി അമൃതയിലേ പ്രവേശിപ്പിക്കാനാവൂ” എന്നും മന്ത്രി പ്രതികരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്..

മംഗലാപുരത്തു നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടു വന്ന 15 ദിവസം മാത്രം പ്രായമുള്ള പിഞ്ച് കുഞ്ഞിനെ കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ സംബന്ധിച്ച് ഓരോ നിമിഷവും പ്രധാനമാണ്. അതിനാല്‍ തന്നെ ഇത്രയും ദൂരം യാത്ര ചെയ്ത് ശ്രീചിത്രയില്‍ കൊണ്ടു വരുന്നത് അപകടകരമാണ്. അതിനാലാണ് അമൃതയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനമെടുത്തത്. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതി വഴി പൂര്‍ണമായും സൗജന്യമായി ചെയ്തു കൊടുക്കുന്നതാണ്.
കുട്ടിയുടെ ബന്ധുക്കളുമായും അമൃത ആശുപത്രിയുമായും സംസാരിച്ചിരുന്നു. കുട്ടിക്കാവശ്യമായ ചികിത്സാ സൗകര്യം അമൃതയില്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് അമൃതയിലേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്.