കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കിയതോടെ തകര്‍ന്ന് തരിപ്പണമായി കോട്ടയം മണ്ഡലത്തിലെ പ്രചാരണം; പാര്‍ട്ടി വളര്‍ത്തിയ പ്രമുഖരെ വെട്ടിയതോടെ ബൂത്തിലിരിക്കാന്‍ പോലും ആളില്ലാതെ ബിജെപി ; സിപിഎമ്മില്‍ നിന്ന് താമരക്കുളത്തിലേക്ക് ചാടിയ മിനര്‍വാ മോഹനൊപ്പം പ്രചരണത്തിനിറങ്ങാന്‍ പോലും ആളില്ല

കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കിയതോടെ തകര്‍ന്ന് തരിപ്പണമായി കോട്ടയം മണ്ഡലത്തിലെ പ്രചാരണം; പാര്‍ട്ടി വളര്‍ത്തിയ പ്രമുഖരെ വെട്ടിയതോടെ ബൂത്തിലിരിക്കാന്‍ പോലും ആളില്ലാതെ ബിജെപി ; സിപിഎമ്മില്‍ നിന്ന് താമരക്കുളത്തിലേക്ക് ചാടിയ മിനര്‍വാ മോഹനൊപ്പം പ്രചരണത്തിനിറങ്ങാന്‍ പോലും ആളില്ല

സ്വന്തം ലേഖകന്‍

കോട്ടയം: ആരാണ് മിനര്‍വ മോഹന്‍? കോട്ടയം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ് കെട്ടിയിറക്കിയ പുതുമുഖം.  സിപിഎം നേതാവും തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന മിനര്‍വയെ ബിജെപിയിൽ ചേർത്ത് കോട്ടയത്ത് കെട്ടി ഇറക്കുക ആയിരുന്നു.ഇതോടെ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതും പാർട്ടിയ്ക്ക് വേണ്ടി രാപകലില്ലാതെ ഓടി നടന്നവരും പെരുവഴിയിലായി. കഴിഞ്ഞ കഴിഞ്ഞ മാസം സിപിഎം വിട്ട് വന്ന ഇവരെ പ്രവര്‍ത്തകര്‍ക്കോ പ്രാദേശിക നേതാക്കള്‍ക്കോ പോലും പരിചയമില്ല. കോട്ടയത്തെ മത്സരം തിരുവഞ്ചൂരും അനില്‍കുമാറും തമ്മിലായി മാറുമ്പോള്‍ അണികള്‍ നിരാശയിലാണ്. പലയിടത്തും ഓടിയെത്താന്‍ കഴിയാതെ പോയ മിനര്‍വാ മോഹന്, പങ്കെടുത്ത പരിപാടികളില്‍ ജനപിന്തുണ കിട്ടാഞ്ഞതും കോട്ടയത്ത് ബിജെപിക്ക് ക്ഷീണമായി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വന്ന പിഴവില്‍ സാധാരണക്കാരായ പാര്‍ട്ടി അനുഭാവികള്‍ ഉള്‍പ്പെടെ നിരാശയിലാണ്.

പ്രവര്‍ത്തകര്‍ക്ക് പോലും അറിയാത്ത സ്ഥാനാര്‍ത്ഥിക്കെതിരെ സാധാരണക്കാരായ ബിജെപി അനുഭാവികള്‍ ഉള്‍പ്പെടെ രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചൂട്പിടിച്ച് തുടങ്ങിയിട്ടും കേട്ട്കേള്‍വി പോലുമില്ലാത്ത സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വെയില്‍ കൊള്ളേണ്ട ഗതികേടിലാണ് പ്രവര്‍ത്തകര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയില്‍ നാഥനില്ലാക്കളരിയല്ല ഭാരതീയ ജനതാ പാര്‍ട്ടി. നാല്‍പ്പത് വര്‍ഷക്കാലം കൗണ്‍സിലറും മുന്‍ നഗരസഭാ ചെയര്‍മാനും ആയിരുന്ന കെആര്‍ജി വാര്യരെ പരാജയപ്പെടുത്തി, കോട്ടയത്തെ കോണ്‍ഗ്രസിന്റെ കുത്തകമണ്ഡലം പിടിച്ചെടുത്ത ചരിത്രമുള്ളയാളാണ് ടിഎന്‍ ഹരികുമാര്‍.കോട്ടയത്ത് തഴഞ്ഞഹരികുമാർ  നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ്  ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായത്.

ബിജെപിയുടെ സംസ്ഥാന വക്താവും ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യവും ബിജെപിയുടെ സമരങ്ങളിലെ മുന്‍നിര നേതാവുമാണ് അഡ്വ. നാരായണന്‍ നമ്പൂതിരി. മൂന്ന് മാസം മുന്‍പ് നടന്ന പ്രതിഷേധ സമരത്തിലും പൊലീസ് നാരായണന്‍ നമ്പൂതിരിയെ നിഷ്ഠൂരം തല്ലിച്ചതച്ചിരുന്നു. ബിജെപി സംസ്ഥാന സമിതിയംഗമായ ബി. രാധാകൃഷ്ണ മേനോന്‍ ഉള്‍പ്പെടെയുള്ള സമുന്നതരായ പല നേതാക്കളും കോട്ടയത്ത് ഉണ്ടായിരുന്നു.

മിനര്‍വ്വാ മോഹന് വേണ്ടി കളത്തിലിറങ്ങാന്‍ പാര്‍ട്ടിയുടെ ആത്മാര്‍ത്ഥ പ്രവര്‍ത്തകര്‍ പോലും മടിക്കുകയാണ്. ഉന്നത നേതാക്കളെത്തിയിട്ടും മിനര്‍വ്വാ മോഹന്റെ പ്രചരണ പരിപാടികളില്‍ ജനപങ്കാളിത്തമില്ലാത്തത് പ്രവര്‍ത്തകരെയും നിരാശയിലാക്കുകയാണ്. പണം വാരിയെറിഞ്ഞിട്ടും പരിപാടികളില്‍ സംബന്ധിക്കാന്‍ ആളെ കിട്ടാത്ത ഗതികേടിലാണ് തെക്കേക്കരയില്‍ നിന്നും കോട്ടയത്തേക്ക് കെട്ടിയിറക്കിയ മിനര്‍വാ മോഹന്‍.

പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി സമരപരിപാടികളിലുള്‍പ്പെടെ സജീവമായി നിന്ന്, ജില്ലയില്‍ ബിജെപിയുടെ മുഖമായ് തീര്‍ന്ന  ടിഎന്‍ ഹരികുമാര്‍, നാരായണന്‍ നമ്പൂതിരി, ബി. രാധാകൃഷ്ണ മേനോന്‍, തുടങ്ങി നിരവധി നേതാക്കന്മാരുണ്ടിവിടെ. നാടറിയുന്ന നാട്ടുകാരറിയുന്ന ഇവരെയൊക്കെ തഴഞ്ഞാണ് ജില്ലയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മിനര്‍വ മോഹനെ കെട്ടിയിറക്കിയത്.

കോട്ടയത്തെ സ്ഥാനാര്‍ത്ഥിയായി ടിഎന്‍ ഹരികുമാര്‍ തന്നെ എത്തും എന്ന പ്രതീക്ഷയിലായിരുന്നു പ്രവര്‍ത്തകരും അനുഭാവികളും. കാരണം 43 പേരില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 37 പേരും പിന്തുണച്ചത് ഹരിയെയായിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ നിന്നും കോട്ടയത്തെ സ്ഥാനാര്‍ത്ഥിയായി ലിസ്റ്റില്‍ വന്നത് മിനര്‍വ മോഹന്‍ എന്ന പേരാണ്. ഏറ്റുമാനൂരും, പുതുപ്പള്ളിയും, പാലായും ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ബിജെപി വിജയപ്രതീക്ഷ വയ്ക്കുമ്പോള്‍, നിലവിലുള്ള വോട്ടുകള്‍ പോലും നഷ്ടമാകുന്ന ഗതികേടിലേയ്ക്കാണ് കോട്ടയം നീങ്ങുന്നത്

 

 

Tags :