മൈലപ്ര സര്‍വീസ്‌ സഹകരണ ബാങ്ക്‌ ക്രമക്കേട്;  ബ്രാഞ്ച്‌ സെക്രട്ടറി കൂടിയായ ജീവനക്കാരനെ സസ്‌പെന്‍ഡ്‌ ചെയ്‌തതിൽ ഏരിയാ കമ്മിറ്റിയംഗമായ പ്രസിഡന്റിനെതിരെ സി.പി.എം പ്രവർത്തകരുടെ പ്രതിക്ഷേധം

മൈലപ്ര സര്‍വീസ്‌ സഹകരണ ബാങ്ക്‌ ക്രമക്കേട്; ബ്രാഞ്ച്‌ സെക്രട്ടറി കൂടിയായ ജീവനക്കാരനെ സസ്‌പെന്‍ഡ്‌ ചെയ്‌തതിൽ ഏരിയാ കമ്മിറ്റിയംഗമായ പ്രസിഡന്റിനെതിരെ സി.പി.എം പ്രവർത്തകരുടെ പ്രതിക്ഷേധം

സ്വന്തം ലേഖകൻ

പത്തനംതിട്ട: മൈലപ്ര സര്‍വീസ്‌ സഹകരണ ബാങ്ക്‌ ക്രമക്കേടുമായി ബന്ധപ്പെട്ട്‌ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പ്രസിഡന്റായ സി.പി.എം ഏരിയാ കമ്മറ്റിയംഗം ബ്രാഞ്ച്‌ സെക്രട്ടറി കൂടിയായ ജീവനക്കാരനെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌ തീക്കളിയായി.

പ്രതിഷേധവുമായി സി.പി.എം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രസിഡന്റിന്റെ വീടിനു മുന്നില്‍ പന്തംകൊളുത്തി പ്രകടനവുമായി എത്തി. വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ച്‌ സെക്രട്ടറിയെ ഇന്നലെ പാര്‍ട്ടിയിലേക്കു വന്ന ഏരിയാ കമ്മറ്റിയംഗം സസ്‌പെന്‍ഡ്‌ ചെയ്‌തതാണ്‌ പ്രതിഷേധത്തിനു കാരണമായിരിക്കുന്നത്‌.

പ്രാദേശിക നേതൃത്വവും പ്രവര്‍ത്തകരും ഒന്നടങ്കം ഏരിയാ കമ്മറ്റിയംഗമായ ബാങ്ക്‌ പ്രസിഡന്റ്‌ ജെറി ഈശോ ഉമ്മനെതിരേ തിരിഞ്ഞതോടെ സി.പി.എം ജില്ലാ നേതൃത്വം വെട്ടിലായി. ജെറി ഈശോ ഉമ്മന്‍ രാജി വയ്‌ക്കണമെന്ന നിലപാടാണ്‌ ബ്രാഞ്ച്‌ കമ്മറ്റികള്‍ക്കുള്ളത്‌. ഇല്ലെങ്കില്‍ ഇനിയും പ്രതിഷേധം ഉണ്ടാകും. അതിന്റെ പേരില്‍ വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ജില്ലാ നേതൃത്വം തയാറായാല്‍ അത്‌ പാര്‍ട്ടിക്ക്‌ ക്ഷീണമാകും.

കോടികളുടെ ക്രമക്കേട്‌ നടന്ന ബാങ്കില്‍നിന്ന്‌ സുപ്രധാന രേഖകള്‍ കടത്തിക്കൊണ്ടു പോകാന്‍ വന്ന പ്രസിഡന്റിനെയും ഭരണ സമിതി അംഗങ്ങളെയും തടഞ്ഞുവച്ചതിനാണ്‌ ജീവനക്കാരെ ഇപ്പോള്‍ സസ്‌പെന്‍ഡ്‌ ചെയ്‌തിരിക്കുന്നത്‌. എന്നാല്‍, ഇക്കാര്യം മറച്ചുവച്ച്‌ മറ്റു കാര്യങ്ങള്‍ സൂചിപ്പിച്ചാണ്‌ സസ്‌പെന്‍ഷന്‍ ഉത്തരവ്‌.

മൈലപ്ര ഈസ്‌റ്റ്‌ ബ്രാഞ്ച്‌ സെക്രട്ടറിയടക്കമുള്ള മൂന്നു ജീവനക്കാരെയാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. ഇതില്‍ പ്രതിഷേധിച്ചാണ്‌ ശനിയാഴ്‌ച രാത്രി സി.പി.എം പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തിയത്‌. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക, കുറ്റക്കാര്‍ നിയമനടപടി നേരിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ മൈലപ്ര ടൗണ്‍ ബ്രാഞ്ച്‌ കമ്മിറ്റിയാണ്‌ ജെറി ഈശോ ഉമ്മന്റെ വീട്ടിലേക്ക്‌ മാര്‍ച്ച്‌ നടത്തിയത്‌.
രാഷ്‌ട്രീയ നേട്ടത്തിനുവേണ്ടി അടുത്ത കാലത്തു മാത്രം സി.പി.എമ്മിലെത്തിയ ജെറിയെ ചില ജില്ലാ നേതാക്കള്‍ സംരക്ഷിക്കുന്നുവെന്ന്‌ ആരോപിച്ചായിരുന്നു സമരം.

പ്രകടനത്തിന്‌ മൈലപ്ര വെസ്‌റ്റ്‌ ബ്രാഞ്ച്‌ സെക്രട്ടറി റോബിന്‍ തോമസ്‌, ലോക്കല്‍ കമ്മറ്റിയംഗം ജോഷ്വ കെ. മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. ജെറി ഈശോ ഉമ്മന്റെ വീടിന്റെ ഗേറ്റിന്‌ മുന്നില്‍ പ്ലാക്കാര്‍ഡുകള്‍ തൂക്കി. പന്തം കൂട്ടിയിട്ട്‌ കത്തിച്ചു. പ്രസിഡന്റിനെതിരേ പരസ്യപ്രതിഷേധം നടത്തുമെന്ന്‌ കഴിഞ്ഞ ദിവസം ബ്രാഞ്ച്‌ കമ്മറ്റികള്‍ ലോക്കല്‍ സെക്രട്ടറിയെ അറിയിച്ചിരുന്നു.

കോടികളുടെ വെട്ടിപ്പില്‍ പങ്കാളിയായ പ്രസിഡന്റ്‌ കുറ്റം മുഴുവന്‍ ജീവനക്കാരുടെ തലയില്‍ ചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്നാണ്‌ പരാതി. കേരളാ കോണ്‍ഗ്രസിന്റെ സകല ബ്രാക്കറ്റുകളിലും പ്രവര്‍ത്തിച്ചതിനു ശേഷം ബാങ്ക്‌തട്ടിപ്പില്‍ പിടിക്കപ്പെടാതിരിക്കാനാണ്‌ ജെറി സി.പി.എമ്മിലെത്തിയത്‌ എന്ന ആരോപണം ശക്‌തമാണ്‌.

ജില്ലാ സെക്രട്ടറി മുന്‍കൈയെടുത്താണ്‌ ജെറിയെ ഏരിയാ കമ്മറ്റിയംഗമാക്കിയത്‌. സെക്രട്ടറിയും പ്രസിഡന്റും ചേര്‍ന്ന്‌ ബാങ്കിന്റെ അനുബന്ധ സ്‌ഥാപനമായി ഒരു ഗോതമ്ബുസംസ്‌കരണ ഫാക്‌ടറി സ്‌ഥാപിക്കുകയും അതിലേക്കു വകമാറ്റി 40 കോടിയോളം രൂപ തട്ടിയെടുക്കുകയുമാണ്‌ ചെയ്‌തത്‌. മുന്‍ സെക്രട്ടറി ജോഷ്വ മാത്യു, പ്രസിഡന്റായ ജെറി ഈശോ ഉമ്മന്‍ എന്നിവരാണ്‌ പ്രതിക്കൂട്ടിലുള്ളത്‌.

മാധ്യമങ്ങള്‍ വിവരം പുറത്തു വിട്ടതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ ബാങ്കിലെത്തി. അവര്‍ക്ക്‌ പണം നല്‍കാന്‍ കഴിയാതെ വന്നതോടെ ജീവനക്കാര്‍ ബാങ്കിനെതിരേ സമരം തുടങ്ങി. തട്ടിപ്പിന്റെ സകല ചരിത്രവും ഇതോടെ ഇടപാടുകാര്‍ അറിഞ്ഞു.എന്നാല്‍, ബാങ്കിന്‌ ഒരു പ്രതിസന്ധിയുമില്ലെന്ന്‌ വരുത്തിത്തീര്‍ക്കാനായിരുന്നു പ്രസിഡന്റിന്റെ ശ്രമം. പൂഴ്‌ത്തിവച്ചിരുന്ന ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ ഇതിനിടെ പുറത്തുവിടേണ്ടി വന്നു. ഫാക്‌ടറിയിലേക്ക്‌ ഗോതമ്ബ്‌ വാങ്ങിയ വകയില്‍ 3.94 കോടിയുടെ ക്രമക്കേട്‌ നടന്നുവെന്ന ഓഡിറ്റ്‌ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ സെക്രട്ടറിയെ പ്രതിയാക്കി കേസെടുത്തു.

ഇവിടെയും സെക്രട്ടറിയുടെ രക്ഷയ്‌ക്ക്‌ ഉതകുംവിധമാണ്‌ കാര്യങ്ങള്‍ മുന്നോട്ട്‌ നീങ്ങിയത്‌. 3.94 കോടിയുടെ ക്രമക്കേട്‌ പറഞ്ഞ ഓഡിറ്റ്‌ റിപ്പോര്‍ട്ടിന്‌ പിന്നാലെ എ.ആര്‍ നിയോഗിച്ച വകുപ്പ്‌ 65 പ്രകാരമുള്ള അനേ്വഷണ റിപ്പോര്‍ട്ടും ക്രമക്കേടിലെ തുക വ്യത്യസ്‌തമായി കാണിച്ചു. ഇതോടെ ബാങ്ക്‌ സെക്രട്ടറിയെ അറസ്‌റ്റ്‌ ചെയ്യുന്നത്‌ ഹൈക്കോാടതി താല്‍ക്കാലികമായി തടഞ്ഞു.