ആഹാരത്തില്‍ മുടിയിഴ കണ്ടതിന് മുടി വെട്ടിമാറ്റി; അന്ധവിശ്വാസങ്ങളുടെ പേരില്‍ ക്രൂരമായി പീ‌ഡിപ്പിച്ചു; പഠിക്കാനോ പി.എസ്.സി പരീക്ഷകള്‍ എഴുതാനോ  അനുവദിച്ചിരുന്നില്ല;   ഭര്‍ത്തൃവീട്ടില്‍ ശ്യാമ നേരിട്ടത് ക്രൂരപീഡനമെന്ന് വീട്ടുകാര്‍

ആഹാരത്തില്‍ മുടിയിഴ കണ്ടതിന് മുടി വെട്ടിമാറ്റി; അന്ധവിശ്വാസങ്ങളുടെ പേരില്‍ ക്രൂരമായി പീ‌ഡിപ്പിച്ചു; പഠിക്കാനോ പി.എസ്.സി പരീക്ഷകള്‍ എഴുതാനോ അനുവദിച്ചിരുന്നില്ല; ഭര്‍ത്തൃവീട്ടില്‍ ശ്യാമ നേരിട്ടത് ക്രൂരപീഡനമെന്ന് വീട്ടുകാര്‍

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഭര്‍ത്തൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച മൂകയും ബധിരയുമായ നാലാഞ്ചിറ മുണ്ടയ്‌ക്കല്‍ ലെയ്ന്‍ കൃഷ്‌ണഭവനില്‍ ശ്യാമ (29) സ്ത്രീധനത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും പേരില്‍ നേരിട്ടത് ക്രൂരപീഡനമെന്ന് വീട്ടുകാര്‍.

മകളുടെയും പൊന്നോമനയായ ചെറുമകളെയും ഓര്‍ത്ത് മരുമകന്റെ ക്രൂരതകള്‍ പൊറുത്തതാണ് ഇപ്പോള്‍ തീരാദുഃഖത്തിന് കാരണമായത്. ആറുവര്‍ഷം മുൻപാണ് ഫൈന്‍ ആര്‍ട്സ് ബിരുദധാരിയായ മകളെ ഭിന്നശേഷിക്കാരനായ ആറന്‍മുള കോഴിപ്പാലം ‘ശ്രീവൃന്ദ” യില്‍ വിനീത് വിശ്വനാഥിന് വിവാഹം ചെയ്തു കൊടുത്തത്. അറുപത് പവന്‍ സ്വര്‍ണം സ്ത്രീധനമായി നല്‍കിയിരുന്നു. വിവാഹത്തിന്റെ തൊട്ടടുത്തദിവസം തന്നെ സ്വര്‍ണം ബാങ്ക് ലോക്കറിലേക്ക് മാറ്റിയ വിനീതിന്റെ വീട്ടുകാര്‍ അന്ധവിശ്വാസങ്ങളുടെ പേരില്‍ മകളെ ക്രൂരമായി പീ‌ഡിപ്പിച്ചതായി റിട്ട. ഗവ.പ്രസ് ജീവനക്കാരനായ പിതാവ് മോഹനന്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്‍ത്തവസമയത്ത് മകളെ വീടിന്റെ മുകള്‍ നിലയില്‍ നിന്ന് താഴേക്കിറങ്ങാന്‍ ഇവര്‍ അനുവദിച്ചിരുന്നില്ല. വിവാഹശേഷം ഭര്‍ത്തൃവീട്ടിലെ കുടിയിരുത്തല്‍ ചടങ്ങിന് പിന്നാലെ ശ്യാമയുടെ കാലിന് വൈകല്യമുണ്ടെന്ന നിലയില്‍ പരിശോധന നടത്തി അപമാനിച്ചു. വിവാഹസമയത്ത് പന്തളത്തെ ആശുപത്രി ജീവനക്കാരനായിരുന്ന വിനീതിനെ സഹപ്രവര്‍ത്തകയെ മര്‍ദ്ദിച്ചതിന് അവിടെനിന്ന് പുറത്താക്കിയിരുന്നു. പിന്നീട് എംപ്ളോയ്മെന്റ് എക്‌സ്ചേഞ്ച് മുഖാന്തരം ഭിന്നശേഷിക്കാര്‍ക്കായുള്ള നിയമനത്തിലാണ് വനംവകുപ്പില്‍ താത്ക്കാലിക ജോലി ലഭിച്ചത്.

വിവാഹശേഷം കുട്ടികളില്ലാതിരുന്ന ഇവര്‍ക്ക് മൂന്നുവര്‍ഷത്തോളം ലക്ഷങ്ങള്‍ ചികിത്സയ്‌ക്കായി ചെലവഴിച്ചതും ശ്യാമയുടെ പിതാവാണ്. കുഞ്ഞ് ജനിച്ചശേഷവും വിനീതിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടായില്ല. പ്രസവം കഴിഞ്ഞ് നാലുമാസം പിന്നിടുംമുൻപേ വിനീത് ശ്യാമയെ മര്‍ദ്ദിച്ചു. ഒരുതവണ ആഹാരത്തില്‍ മുടി കിടന്നെന്നാരോപിച്ച്‌ ശ്യാമയുടെ മുടി മുറിച്ചുമാറ്റിയ വിനീത് അതിന്റെ പേരില്‍ മര്‍ദ്ദിച്ചതായും വീട്ടുകാര്‍ പറയുന്നു.

ഭാര്യയ്ക്കോ കുഞ്ഞിനോ യാതൊന്നും വാങ്ങി നല്‍കാനോ നല്ല രീതിയില്‍ സംരക്ഷിക്കാനോ കൂട്ടാക്കാതിരുന്നത് പലതവണ ദാമ്പത്യപ്രശ്‌നങ്ങള്‍ക്കും പിണങ്ങിപ്പിരിയലുകള്‍ക്കും കാരണമായെങ്കിലും ബന്ധുക്കള്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുകയായിരുന്നു. പഠിക്കാനോ പി.എസ്.സി പരീക്ഷകള്‍ എഴുതാനോ ശ്യാമയെ വിനീത് അനുവദിച്ചിരുന്നില്ല. കുഞ്ഞിന് സുഖമില്ലാത്തതിനാല്‍ ഏപ്രില്‍ പകുതി മുതല്‍ തിരുവനന്തപുരത്തെ വീട്ടിലായിരുന്ന ശ്യാമയെ അടുത്തമാസം നടക്കാനിരിക്കുന്ന സഹോദരിയുടെ വിവാഹത്തിന്റെ പേരില്‍ ഈ മാസം രണ്ടിനാണ് വിനീത് കോഴിപ്പാലത്തേക്ക് കൊണ്ടുപോയത്.

ഭര്‍ത്തൃവീട്ടിലേക്ക് പോയ ശ്യാമയ്‌ക്ക് ഫോണ്‍ ചാര്‍ജ് ചെയ്ത് നല്‍കാന്‍ പോലും വിനീത് തയ്യാറായിരുന്നില്ലെന്ന് മോഹനന്‍ ആരോപിച്ചു.
മേയ് 5ന് വൈകുന്നേരമാണ് മകളോട് മോഹനന്‍ അവസാനമായി സംസാരിച്ചത്. വീഡിയോകാളിലൂടെ കണ്ടപ്പോള്‍ മകള്‍ സന്തോഷവതിയായിരുന്നു. ആത്മഹത്യ ചെയ്യേണ്ട സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് മോഹനന്‍ വെളിപ്പെടുത്തി. നേരം ഇരുട്ടിവെളുക്കുംമുൻപാണ് മകള്‍ക്കും കുഞ്ഞിനും പൊള്ളലേറ്റ വാര്‍ത്തയെത്തിയത്.സംഭവത്തിലെ ദുരൂഹതകള്‍ നീക്കണമെന്നും ശ്യാമയുടെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരില്‍ കാണാനുള്ള ശ്രമത്തിലാണ് മോഹനനും കുടുംബവും.