മെസി മഹാരാജാവ് ഇന്നിറങ്ങുന്നു; ലക്ഷ്യം കൈവിട്ട ലോകകിരീടം

മെസി മഹാരാജാവ് ഇന്നിറങ്ങുന്നു; ലക്ഷ്യം കൈവിട്ട ലോകകിരീടം

സ്‌പോട്‌സ് ഡെസ്‌ക്

മോസ്‌കോ: നാലു വർഷം മുൻപ് മരക്കാനയിലെ പച്ചപ്പുൽ മൈതാനത്ത് വിരൽതുമ്പിൽ നിന്നും ചിതറിവീണുടഞ്ഞ ലോകകപ്പ് എന്ന സ്വപ്‌നം ബ്യൂണസ് ഐറിസിലെത്തിക്കാൻ മെസിമഹാരാജാവും സംഘവും ജൂൺ 16 ശനിയാഴ്ച കളത്തിലിറങ്ങുന്നു. ഡി ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഐസ് ലൻഡാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയ്ക്ക് മോസ്‌കോയിലെ സ്പാർട്ടക് സ്റ്റേഡിയത്തിലാണ് മെസിയുടെയും സംഘത്തിന്റെയും ആദ്യ മത്സരം. ബാഴ്‌സലോണയിലൂടെ ലോകം മുഴുവൻ വെട്ടിപ്പിടിച്ചെങ്കിലും, അർജന്റീനൻ ജേഴ്‌സിൽ കണ്ണീരൊഴുകുന്ന മെസിയെയാണ് ലോകത്തിനു കാണാനായത്. തുടർച്ചയായ മൂന്നു ഫൈനലുകളിൽ അർജന്റീനയെ എത്തിച്ച മെസി, പക്ഷേ, കിരീടമില്ലാത്ത തമ്പുരാനായാണ് മടങ്ങിയത്. രാജകുമാരനായ മെസിയ്ക്കു കിരീടം ചാർത്താൻ ഇക്കുറി ലോകകപ്പ് തന്നെ വേണം. അതിനായാണ് സാംമ്പോളിയുടെ സംഘം റഷ്യയിലേയ്ക്കു കയറിയിരിക്കുന്നത്.
പടനായകനായി മുന്നിൽ നിന്നു നയിക്കാൻ ലയണൽ മെസി എന്ന ഫുട്‌ബോളിന്റെ സ്വന്തം മിശിഹ..! വലതും ഇടത്തും തുണ നിൽക്കാൻ അഗ്യൂറോയും ഹിഗ്വെയിനും. പകരക്കാരനായ പോരാളിയായി പൗളോ ഗെബോള എന്ന ചെറുപ്പക്കാരൻ. കൃത്യസമയത്ത് പന്തെത്തിച്ചു നൽകാൻ എയ്ഞ്ചൽ ഡി മരിയയുടെ നേതൃത്വത്തിൽ മധ്യനിര ജനറൽമാർ ലൂക്കാസ് ബിഗ്ലിയയും, എവർ ബനേഗയും ക്രിസ്ത്യൻ പാവലോണും. ഒരീച്ചപോലും കടക്കാതെ പ്രതിരോധക്കോട്ടകാക്കാൻ നിക്കോളാസ് ഓട്ടോമെൻഡിയുടെ നേതൃത്വത്തിൽ കാവൽ നിരപ്പോരാളികൾ. എല്ലാം കടന്നു വന്നാലും മെസിക്കു വേണ്ടി ഏതറ്റം വരെയും പോരാടുമെന്ന് ഉറക്കെ പ്രഖ്യാപിച്ച ഒന്നാം നമ്പർ കാവൽക്കാരൻ നഹുവേൽ ഗുസ്മാൻ. ഏ്ത് പോരാട്ടത്തിലും പന്തിനെ അതിർത്തി കടത്താതെ കാക്കുമെന്നു പ്രഖ്യാപിച്ചു ഫ്രാങ്കോ അർമാനിയും, വിൽഫ്രഡ് കാബെല്ലറെയോയും. അതുകൊണ്ടു തന്നെ മെസിഹയുടെ പോരാളികൾക്കു ലക്ഷ്യം, ഫൈനലല്ല.. കപ്പു തന്നെയാണ്.
നാലു വർഷം മുൻപൊരു രാത്രിയിൽ ബ്രസീലിനെ മറക്കാനാ മൈതാനത്തായിരുന്നു ആ ദുരന്ത ദിനം. പിന്നെ, കോപ്പാ അമേരിക്കയുടെ ഫൈനലിൽ രണ്ടു തവണ ഗോളെന്ന ഭാഗ്യം മെസിയെയും സംഘത്തെയും തേടിയെത്തിയില്ല. പക്ഷേ, ഇത്തവണ ആദ്യ റൗണ്ടിൽ എതിരാളികളെ തവിടുപൊടിയാക്കി ഫൈനലിലേയ്ക്കു പാഞ്ഞെത്തുകയാണ് മെസിക്കുട്ടൻമാരുടെ പോരാട്ട ലക്ഷ്യം. ബാഴ്‌സയിലെ മെസിയല്ല അർജന്റീനയ്ക്കു വേണ്ടിയിറങ്ങുമ്പോൾ എന്ന പതിവ് പല്ലവി ഇക്കുറി തിരുത്തിയെഴുതുമെന്നും ഉറക്കെ പ്രഖ്യാപിക്കുന്നു മെസിക്കൂട്ടം.