മെരിലാന്റും ഉദയായും മത്സരിച്ച് ചിത്രമെടുത്തപ്പോൾ സീതയ്ക്ക് പകരം ശ്രീരാമപട്ടാഭിഷേകവും കാട്ടുതുളസിക്കുപകരം കാട്ടുമല്ലികയും മലയാള ചലച്ചിത്ര വേദിക്കു സ്വന്തമായി:

മെരിലാന്റും ഉദയായും മത്സരിച്ച് ചിത്രമെടുത്തപ്പോൾ സീതയ്ക്ക് പകരം ശ്രീരാമപട്ടാഭിഷേകവും കാട്ടുതുളസിക്കുപകരം കാട്ടുമല്ലികയും മലയാള ചലച്ചിത്ര വേദിക്കു സ്വന്തമായി:

 

സ്വന്തം ലേഖകൻ
കോട്ടയം: തിരുവനന്തപുരം നഗരത്തിൽ ശുദ്ധജലവിതരണം നടത്തിയിരുന്ന വാട്ടർ വർക്സിലെ ഗുമസ്തനായും ഇംപീരിയൽ മോട്ടോർ വർക്ക്സിന്റെ സ്ഥാപകനായും അറിയപ്പെട്ടിരുന്ന നാഗർകോവിൽ സ്വദേശിയായ സുബ്രഹ്മണ്യപിള്ള എന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ മലയാള ചലച്ചിത വേദിയുടെ ചരിത്രം മാറ്റിയെഴുതിയ സാഹസിക കഥകൾ ഒരു പക്ഷേ പുതിയ തലമുറയ്ക്ക് അറിയാൻ സാദ്ധ്യതയില്ല.
ഇന്നത്തെ തമ്പാനൂർ

റെയിൽവേ സ്റ്റേഷന് മുമ്പിലുണ്ടായിരുന്ന ചതുപ്പുനിലം 99 വർഷത്തേക്ക് പാട്ടത്തിനെടുത്ത് നികത്തി 1936-ൽ ന്യൂ തിയേറ്റർ പണികഴിപ്പിച്ചു കൊണ്ടാണ് സുബ്രഹ്മണ്യപിള്ള ചലച്ചിത്ര വ്യവസായരംഗത്തേക്ക് കടന്നു വരുന്നത്.
തുടർന്ന് കിഴക്കേ കോട്ടയിൽ ശ്രീപത്മനാഭ തിയേറ്ററും തമ്പാനൂരിൽ ശ്രീകുമാർ തിയേറ്ററും പേട്ടയിൽ കാർത്തികേയ തിയേറ്ററും പടുത്തുയർത്തി കേരളത്തിലെ ഏറ്റവും വലിയ തിയേറ്റർ ശൃംഖലയുടെ അധിപനായി തീർന്നു ഈ വൻ വ്യവസായി.
മലയാള ചലച്ചിത്രങ്ങൾ നാമമാത്രമായി നിർമ്മിച്ചിരുന്ന അക്കാലത്ത് തമിഴ് ചിത്രങ്ങളാണ് ഈ തിയറ്ററുകളിൽ കൂടുതലും പ്രദർശിപ്പിച്ചിരുന്നത്.
അതിനാൽ മലയാളചലച്ചിത്രങ്ങൾ നിർമ്മിച്ചു കൊണ്ട് തിയേറ്റർ ബിസിനസ്സിനെ പരിപോഷിപ്പിക്കുവാനാണ് സുബ്രഹ്മണ്യപിള്ള സിനിമാ നിർമ്മാണ മേഖലയിലേക്ക് കാലെടുത്തു വെക്കുന്നത്.

അങ്ങനെ മലയാളത്തിലെ അഞ്ചാമത്തെ സംസാരചിത്രമായ “പ്രഹ്ലാദ” നിർമ്മിച്ചുകൊണ്ട് മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം തേടിയ വ്യക്തിയാണ് സുബ്രഹ്മണ്യപിള്ളയെന്ന പി.സുബ്രഹ്മണ്യം.
1951 – ൽ അദ്ദേഹം സ്ഥാപിച്ച നിർമ്മാണകമ്പനിയാണ്
നീലാ പ്രൊഡക്ഷൻസ്.

നീലായുടെ ആദ്യ ചിത്രം “ആത്മസഖി”യിലൂടെയാണ് അനശ്വര നടൻ സത്യന്റെ മുഖം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.
സിനിമയുടെ എല്ലാ സാങ്കേതിക പ്രവർത്തനങ്ങൾക്കും അന്ന് ദക്ഷിണേന്ത്യൻ സിനിമയുടെ ഈറ്റില്ലമായി അറിയപ്പെട്ടിരുന്ന മദ്രാസ് നഗരത്തെ ആശ്രയിക്കണമായിരുന്നു.

ഈ കുറവു പരിഹരിക്കാൻ വേണ്ടിയായിരുന്നു തിരുവനന്തപുരത്തിനടുത്തുള്ള നേമത്ത് മെരിലാന്റ് എന്ന പേരിൽ പ്രസിദ്ധമായ സ്റ്റുഡിയോ
പി സുബ്രഹ്മണ്യം ആരംഭിക്കുന്നത് തന്നെ.
ആലപ്പുഴയിലെ ഉദയ

സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയുമായി ഇഞ്ചോടിഞ്ചു മത്സരിച്ചാണ്
പി സുബ്രഹ്മണ്യം മെരിലാന്റ് സ്റ്റുഡിയോയും നീലാ പ്രൊഡക്ഷൻസ് എന്ന ബാനറും മലയാള സിനിമയുടെ അഭിമാനമായി നിലനിർത്തിയത്.
ഉദയാ സീത നിർമ്മിച്ചപ്പോൾ സുബ്രഹ്മണ്യം ശ്രീരാമപട്ടാഭിഷേകം നിർമ്മിച്ചുകൊണ്ടും കാട്ടുതുളസിക്ക് പകരം കാട്ടുമല്ലികയും കൃഷ്ണ കുചേലയ്ക്കു പകരം
ഭക്തകുചേലയുമൊക്ക പുറത്തിറക്കിക്കൊണ്ടു് ആ മത്സരം തൃശൂർപൂരത്തിലെ കുടമാറ്റം പോലെ അഭംഗുരം തുടർന്നു കോണ്ടേയിരുന്നു .

എത്രയോ കലാകാരന്മാരുടെ അഭയ സ്ഥാനമായിരുന്നു മെരിലാന്റ് സ്റ്റുഡിയോ.
മലയാളസിനിമയുടെ ചരിത്രത്തിൽ ഒട്ടേറെ അപൂർവ്വ റെക്കോർഡുകൾ എഴുതി ചേർത്തിട്ടുള്ളത് നീലായുടെ ബാനറിൽ പി സുബ്രഹ്മണ്യമാണ്.
ഇദ്ദേഹം നിർമ്മിച്ച സി ഐ ഡി എന്ന ചിത്രത്തിലാണ് മലയാളസിനിമയിലെ ആദ്യത്തെ ഡബിൾ റോളിൽ

എസ് പി പിള്ള അഭിനയിക്കുന്നത്. മലയാളത്തിന്റെ അഭിമാനമായ ആദ്യത്തെ ഭരത് അവാർഡ് നേടിയ പിജെ ആൻറണിയുടെ സിനിമയിലേക്ക് രംഗപ്രവേശം സുബ്രഹ്മണ്യം നിർമ്മിച്ച “രണ്ടിടങ്ങഴി” എന്ന ചിത്രത്തിലൂടേയായിരുന്നു.
മലയാള സിനിമയുടെ നിത്യ വസന്തമായ പ്രേംനസീറിന് വേണ്ടി യേശുദാസ് ആദ്യമായി പിന്നണി പാടുന്നത് സുബ്രഹ്മണ്യം നിർമ്മിച്ച
“കലയും കാമിനിയും ” എന്ന ചിത്രത്തിലെ
“കാലത്തീപ്പൂമരച്ചോട്ടിൽ ……” എന്ന ഗാനത്തോടേയാണ്.

മലയാളത്തിൽ ഏറ്റവും കൂടുതൽ പുണ്യപുരാണ സിനിമകൾ നിർമ്മിച്ചു നൽകിയതുമെല്ലാം സുബ്രഹ്മണ്യം തന്നെ.
1969 -ലാണ് കേരള സംസ്ഥാനം ചലച്ചിത്ര അവാർഡുകൾ നൽകുവാൻ തീരുമാനിക്കുന്നത്. ആദ്യ അവാർഡ് പി സുബ്രഹ്മണ്യം നിർമിച്ച “കുമാരസംഭവം” എന്ന ചലച്ചിത്രത്തിന് ലഭിച്ചപ്പോൾ അത് പി സുബ്രഹ്മണ്യം എന്ന ചലച്ചിത്ര നിർമ്മാതാവിന്റെ തൊപ്പിയിലുള്ള ഒരു
തൂവലായി മാറി.
ആയിരക്കണക്കിന് ഗാനങ്ങളിലൂടെ സംഗീതപ്രേമികളെ ആനന്ദസാഗരത്തിലാറാടിച്ച ശ്രീകുമാരൻ തമ്പിയുടെ
ഗാനരചനാസപര്യ ആരംഭിക്കുന്നതും സുബ്രഹ്മണ്യത്തിന്റെ “കാട്ടുമല്ലിക” എന്ന ചിത്രത്തിലെ
” അവളുടെ കണ്ണുകൾ കൺകദളി പൂക്കൾ …”
എന്ന ഗാനത്തോടെയായിരുന്നു.

കമുകറ പുരുഷോത്തമൻ, രാഗിണി, ടി ആർ ഓമന, തിരുനയിനാർകുറിച്ചി,
ബ്രദർ ലക്ഷ്മണൻ, സംവിധായകൻ എം കൃഷ്ണൻ നായർ,ശ്രീവിദ്യ എന്നീ പ്രതിഭകളെയെല്ലാം മലയാളത്തിന് പരിചയപ്പെടുത്തുന്നത് സുബ്രഹ്മണ്യമാണ്.
സുബ്രഹ്മണ്യം നിർമ്മിച്ച് സംവിധാനം ചെയ്ത
“സ്വാമി അയ്യപ്പൻ” എന്ന ചിത്രത്തിൽ നിന്ന് കിട്ടിയ ലാഭം മുഴുവൻ ശബരിമല

വികസനത്തിനുവേണ്ടി സംഭാവന നൽകുകയും പ്രശസ്തമായ സ്വാമി അയ്യപ്പൻ റോഡ് നിർമിച്ചു നൽകിയതുമെല്ലം സുബ്രഹ്മണ്യത്തിന്റെ വലിയ മനസ്സുകൊണ്ടായിരുന്നു.
നീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബ്രഹ്മണ്യം നിർമിച്ച ചിത്രങ്ങളിലെ എത്രയോ ഗാനങ്ങൾ സംഗീതപ്രേമികൾ ഇന്നും ആവേശപൂർവ്വം പാടി നടക്കുന്നു.
നീലായുടെ ചിത്രങ്ങളിലെ ഗാനങ്ങളെ പരിചയപ്പെടുത്തുന്നത് ഒരു ഭഗീരഥപ്രയത്നം തന്നെയായിരിക്കുമെന്നറിയാം എങ്കിലും ചില ഗാനങ്ങൾ മാത്രം ഇവിടെ സൂചിപ്പിക്കട്ടെ .
“പൊൽതിങ്കൾക്കല പൊട്ടു തൊട്ട ഹിമവൽശൈലാഗ്ര ശൃംഗങ്ങളിൽ … ”

“പ്രിയസഖി ഗംഗേ പറയൂ പ്രിയമാനസനെവിടെ…”
(കുമാരസംഭവം )
“മംഗളം നേരുന്നു ഞാൻ
മനസ്വിനി … ”
(ഹൃദയം ഒരു ക്ഷേത്രം)
“കണ്ണാ ആലിലക്കണ്ണാ …”
(ദേവി കന്യാകുമാരി )
“ഏഴിലംപാല പൂത്തു
പൂമരങ്ങൾ കുടപിടിച്ചു…”

“അമ്പിളി വിടരും പൊൻമാനം പൈങ്കിളി പാടും മലയോരം … ”
( രണ്ടു ഗാനങ്ങളും “കാട് “എന്ന ചിത്രത്തിൽ)
“ഈശ്വരൻ മനുഷ്യനായി അവതരിച്ചു
ഈ മണ്ണിൻ ദുഃഖങ്ങൾ സ്വയം വരിച്ചു ..”
(ശ്രീഗുരുവായൂരപ്പൻ)
“പാതിരാപക്ഷികളേ പാടൂ …”
( ഉറങ്ങാത്ത സുന്ദരി )
“ഗംഗായമുനാ
സംഗമ സമതല ഭൂമി …”
( ഹോട്ടൽ ഹൈറേഞ്ച് )

“ആകാശ പൊയ്കയിലുണ്ടൊരു പൊന്നിൻതോണി …”
(പട്ടുതൂവാല )
“സംഗീതമീ ജീവിതം …”
( ജയിൽപ്പുള്ളി )
“അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ … ”
( റൗഡി രാജമ്മ )
“പള്ളി മണികളേ
പള്ളി മണികളേ …..”
( അദ്ധ്യാപിക )
ഇങ്ങനെ എത്രയെത്ര മനോഹരഗാനങ്ങളാണ്
പി സുബ്രഹ്മണ്യം നിർമ്മിച്ച സിനിമകളിലൂടെ നമ്മുടെ ചലച്ചിത്ര വേദിക്ക് സ്വന്തമായി തീർന്നത്.

മലയാളസിനിമയുടെ ചരിത്രത്തിൽ സ്വന്തം പ്രയത്നത്താൽ വളർന്ന് ചലച്ചിത്ര മേഖലയിൽ തന്റേതായ കൈയൊപ്പ് ചാർത്തിയ
പി സുബ്രഹ്മണ്യം 1910 ഫെബ്രുവരി
19 – നാണ് ജനിച്ചത്.
ഇന്ന് അദ്ദേഹത്തിന്റെ ജന്മവാർഷികദിനം …