ചികിത്സാരംഗത്ത് നിര്‍ണായക കണ്ടെത്തല്‍; ആൻ്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകള്‍ക്കെതിരെ മരുന്ന്

ചികിത്സാരംഗത്ത് നിര്‍ണായക കണ്ടെത്തല്‍; ആൻ്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകള്‍ക്കെതിരെ മരുന്ന്

സ്വന്തം ലേഖിക

ചികിത്സാരംഗത്ത് സുപ്രധാന കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞർ. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള മാരകമായ ബാക്ടീരിയകള്‍ക്കെതിരെ പ്രവർത്തിക്കുന്ന ആന്റിബയോട്ടിക്കുകള്‍ വികസിപ്പിച്ച്‌ ശാസ്ത്രജ്ഞര്‍.

 

ആന്റിബയോട്ടിക്കുകളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ തക്കവണ്ണം ജനിതക മാറ്റം സംഭവിച്ച്‌ പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളിയായി മാറിയ മൂന്ന് ബാക്ടീരിയകളില്‍ ഒന്നിനെ കൊല്ലാൻ കഴിവുള്ള പുതിയ തരം ആൻറിബയോട്ടിക്കുകളെയാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. നേച്ചർ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സ്വിറ്റ്‌സർലൻഡിലെ ഫാർമ ഭീമനായ റോഷ് ഫാർമ റിസർച്ച്‌ ആൻഡ് ഏർലി ഡെവലപ്‌മെന്റിലാണ് മരുന്ന്‌ വികസിപ്പിച്ചെടുത്തത്. സോസുരബാല്‍പിൻ എന്നു വിളിക്കപ്പെടുന്ന ആന്റിബയോട്ടിക് ലിപ്പോപോളിസാക്കറൈഡ് (LPS) എന്ന ബാക്ടീരിയല്‍ തന്മാത്രയെ തടഞ്ഞുകൊണ്ടാണ് പ്രവർത്തിക്കുന്നത്. മൃഗങ്ങളില്‍ പരീക്ഷിച്ചു ഫലംകണ്ട മരുന്നിന്റെ പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചതായി പഠനം പറയുന്നു.

 

50 വർഷത്തിനിടെ ഇതാദ്യമായാണ് ഗ്രാം-നെഗറ്റീവ് ബാക്ടീരിയ വഴിയുള്ള അണുബാധകളെ ചികിത്സിക്കുന്നതിനായി ഒരു പുതിയ തരം ആൻറിബയോട്ടിക് കണ്ടെത്തുന്നത്. സോസുരബാല്‍പിൻ പ്രത്യേകമായി ലക്ഷ്യമിടുന്നത് അസിനെറ്റോബാക്ടറാണ്. അസിനെറ്റോബാക്ടര്‍ ഒരു “ഗ്രാം-നെഗറ്റീവ്” ബാക്ടീരിയയാണ്, അതായത് മിക്ക ആൻറിബയോട്ടിക്കുകള്‍ക്കും മറ്റ് മരുന്നുകള്‍ക്കും എതിരെ ഇതിനു പ്രതിരോധശേഷിയുണ്ട്. ഇത് രക്തം, ശ്വാസകോശം, മൂത്രനാളി, ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ എന്നിവയില്‍ അണുബാധയ്ക്ക്
കാരണമാകുമെന്ന് സെന്റർസ് ഫോർ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നു.

 

മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള ബാക്ടീരിയകളെ ചെറുക്കാൻ ഈ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഒന്നാം ഘട്ടം ക്ലിനിക്കല്‍ ട്രയലിലാണ് സോസുരബാല്‍പിൻ.

 

ലോകാരോഗ്യ സംഘടനയും യുഎസ് സെന്റർ ഫോർ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവൻഷനും ചേർന്ന് ‘മുൻഗണന 1 രോഗകാരി’ ആയി തരംതിരിച്ചിട്ടുള്ളതാണ് കാർബപെനെം-റെസിസ്റ്റന്റ് അസിനെറ്റോബാക്റ്റർ ബൗമാനി (CRAB). ഇത് പ്രതിരോധിക്കാൻ വളരെ പ്രയാസമുള്ള ഒരു ബാക്ടീരിയ ആണെന്നാണ് അറിയപ്പെടുന്നത്. അതിന്റെ ഇരട്ട ലിപ്പോപോളിസാക്കറൈഡ് (LPS) ഇത് ആന്റിബയോട്ടിക് ചികിത്സയ്‌ക്കെതിരെ ഒരു സംരക്ഷണ പാളി നല്‍കുന്നു. തല്‍ഫലമായി, ആക്രമണാത്മക CRAB അണുബാധകള്‍ 60ശതമാനം കേസുകളില്‍ മരണത്തിലേക്ക് നയിച്ചേക്കാം.

 

പ്രമുഖ ഡാറ്റ ആന്‍ഡ് അനലിറ്റിക്‌സ് കമ്ബനിയായ ഗ്ലോബല്‍ഡാറ്റയുടെ അഭിപ്രായത്തില്‍, സോസുരബാല്‍പിൻ ഒഴികെ, അസിനെറ്റോബാക്റ്റർ അണുബാധയുടെ ചികിത്സയ്ക്കായി നിലവില്‍ ഒൻപത് മരുന്നുകള്‍ ക്ലിനിക്കലി വികസിപ്പിച്ച്‌ കൊണ്ടിരിക്കുകയാണ് .