മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വൈക്കം സ്വദേശിയായ നഴ്‌സിംങ് അസിസ്റ്റന്റ് പിടിയിൽ; ആശുപത്രിയിൽ നടന്നത് ജാഗ്രതയിലെ വീഴ്ചയെന്ന് ആരോപണം

മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വൈക്കം സ്വദേശിയായ നഴ്‌സിംങ് അസിസ്റ്റന്റ് പിടിയിൽ; ആശുപത്രിയിൽ നടന്നത് ജാഗ്രതയിലെ വീഴ്ചയെന്ന് ആരോപണം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലരാകുന്ന കാലത്ത് മെഡിക്കൽ കോളേജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ പോലും സ്ത്രീകൾക്ക് സുരക്ഷയില്ല. ഉറക്ക ഗുളിക കഴിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച സ്ത്രീയെയാണ് ജീവനക്കാരൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതാണ് ഇപ്പോൾ വിവാദമായത്.

യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച നഴ്സിങ് അസിസ്റ്റന്റിനെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം താഴത്തുതറ, പി.കെ. നാരായണനെ (53) ആണ് അറസ്റ്റിലായത്. ചേർത്തല സ്വദേശിയായ 43 വയസ്സുകാരിയുടെ പരാതിയിൽ ഗാന്ധിനഗർ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളെ സസ്പെൻഡ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. വകുപ്പുതല നടപടിക്കും ശുപാർശ ചെയ്തിട്ടുണ്ട്.

ജൂൺ 21ന് ഉച്ചയ്ക്കു ശേഷമാണു ആശുപത്രിയിലെത്തിയ വീട്ടമ്മയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. അമിതമായി ഉറക്കഗുളിക കഴിച്ച നിലയിലായിരുന്നു ഇവരെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. വയർ കഴുകുന്നതിന് അടച്ചിട്ട മുറിയിൽ പ്രവേശിപ്പിച്ചു.

ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നാരായണൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണു പരാതി. നാരായണനൊപ്പം ഒരു വനിത ജീവനക്കാരി കൂടി ഉണ്ടായിരുന്നു. ഇവർ പുറത്തേക്കു പോയപ്പോഴാണു പീഡനശ്രമം നടന്നത്.

ആശുപത്രി വിട്ടു വീട്ടിലെത്തിയപ്പോൾ ഇവർ സംഭവം ഭർത്താവിനെ അറിയിക്കുക ആയിരുന്നു. തുടർന്നു പൊലീസിൽ പരാതി നൽകി. 2018ൽ നാരായണനെതിരെ സമാന പരാതി ഉയർന്നിരുന്നു. അന്ന് 10 ദിവസം ജോലിയിൽനിന്നു മാറ്റി നിർത്തി.

ഗാന്ധിനഗർ എസ്എച്ച്ഒ കെ. ഷിജിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്ഐ ഹരിദാസ്, പിആർഒ പി.വി. മനോജ് വൈക്കം സ്റ്റേഷനിലെ പിആർഒ മോഹനൻ, എസ്ഐമാരായ കെ.എസ്. ഷാജി, എ.പി സജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

വനിതകളായ രോഗികൾക്ക് ഇത്തരം ചികിത്സകൾ നടത്തുമ്‌ബോൾ വനിതാ ജീവനക്കാർ ഒപ്പം വേണമെന്നു കർശന നിർദ്ദേശം നൽകിയിരുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൂട്ടിരിപ്പുകാരിൽ ഒരാളുടെ സാന്നിധ്യവും ഉണ്ടായിരിക്കണം. സംഭവസമയം വനിതാ ജീവനക്കാരിയും രോഗിയുടെ കൂട്ടിരിപ്പുകാരന്റെയും സാന്നിധ്യം മുറിയിൽ ഇല്ലാതിരുന്നതു സംബന്ധിച്ചും വിശദമായി അന്വേഷിക്കുമെന്നും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.