ചിറയിൻകീഴിൽ വൻ ലഹരി വേട്ട; എം.ഡി.എം.എയും കഞ്ചാവുമായി അഞ്ച് യുവാക്കൾ പിടിയിൽ
തിരുവനന്തപുരം: എംഡിഎംഎയും കഞ്ചാവുമായി അഞ്ച് യുവാക്കൾ പിടിയിൽ.
തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് ടീമും, ചിറയിന്‍കീഴ് പൊലീസും ചേര്‍ന്നാണ് പിടികൂടിയത്.
62 ഗ്രാം എംഡിഎംഎയും രണ്ട് കിലോയിലതികം കഞ്ചാവും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
ചിറയിന്‍കീഴ്, കിഴുവിലം വില്ലേജില്‍ മുടപുരം എന്‍.ഇ.എസ്സ് ബ്ലോക്കില്‍ അക്ഷരം വീട്ടില്‍ സജീവ് മുന്ന(28), കിഴുവിലം വില്ലേജില്‍ മുടപുരം ഡീസന്റ്മുക്കില്‍ തൗഫീഖ് മന്‍സിലില്‍ മുബാറക് (28), കിഴുവിലം വില്ലേജില്‍, മുടപുരം ഡീസന്റ് മുക്ക് കാട്ടില്‍ വിളവീട്ടില്‍ നിയാസ്സ് (24),കിഴുവിലം വില്ലേജില്‍, മുടപുരം ഡീസന്റ് മുക്ക് കൊല്ലം വിളാകത്ത് വീട്ടില്‍ ഗോകുല്‍ എന്ന കണ്ണന്‍ (23), കടകംപള്ളി വില്ലേജില്‍ കരിക്കകം, വെട്ടുകാട് ചര്‍ച്ചിന് സമീപം സീ പാലസില്‍ അഖില്‍ ഫെര്‍ണാണ്ടസ് (23) എന്നിവരാണ് പിടിയില്‍ ആയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവര്‍ ലഹരിമരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. മാസവാടകയ്ക്ക് എടുക്കുന്ന വാഹനങ്ങളിലാണ് ഇത്തരം സംഘങ്ങള്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും ലഹരിവസ്തുക്കള്‍ കേരളത്തില്‍ എത്തിക്കുന്നത്.
ബാംഗ്ലൂരില്‍ നിന്നും കാര്‍ മാര്‍ഗ്ഗമാണ് ലഹരി വസ്തുക്കള്‍ ഇവര്‍ കൊണ്ടുവന്നത്. ഇതിന് മുമ്പും നിരവധി തവണ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലഹരി വസ്തുക്കള്‍ കേരളത്തില്‍ എത്തിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വധശ്രമം അടക്കമുള്ള ക്രിമിനല്‍ കേസ്സുകളിലെയും, കഞ്ചാവ് കടത്ത് കേസ്സുകളിലേയും പ്രതികളാണ് ഇപ്പോള്‍ പിടിയിലായവര്‍. ഇവര്‍ കഴിഞ്ഞ ആറ് മാസമായി ജില്ലാ ലഹരി വിരുദ്ധ സേനയുടെ നിരീക്ഷണത്തില്‍ ആയിരുന്നു.
ലഹരി മാഫിയ സംഘത്തിനിടയില്‍ ‘എം’ എന്ന് രഹസ്യകോഡായി അറിയപ്പെടുന്ന എംഡിഎംഎ ഉപരി പഠനത്തിനും, ജോലിക്കുമെന്ന പേരില്‍ ബാംഗ്ലൂരില്‍ താമസമാക്കിയ ചിലരുടെ സഹായത്തോടെയാണ് കൂടുതലായി കേരളത്തിലേക്ക് എത്തിക്കുന്നത്. ഇവരെ കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ച് തുടങ്ങി.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി പി.കെ.മധുവിന്റെ നിര്‍ദ്ദേശപ്രകാരം അഡി. എസ്‌പി ഇ.എസ്സ് ബിജുമോന്‍, ആറ്റിങ്ങല്‍ ഡി.വൈ.എസ്‌പി ഡി.എസ്സ്.സുനീഷ് ബാബു, നര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്‌പി വി.സ്സ്.ദിനരാജ് എന്നിവരുടെ നേതൃത്വത്തില്‍ ലഹരിമാഫിയയെ ഒതുക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരുകയാണ്. ഇതിന്റെ ഭാഗമായി മംഗലപുരത്തും, ചിറയിന്‍കീഴും കിലോക്കണക്കിന് കഞ്ചാവുമായി യുവാക്കള്‍ അടുത്ത സമയത്ത് പിടിയിലായിരുന്നു.
ലഹരിമാഫിയക്കെതിരെയുള്ള നടപടികളുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിസരവും മഫ്തി പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിലാക്കും, സ്‌കൂള്‍ പി.ടി.എ, സാമൂഹ്യ സംഘടനകള്‍, സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് എന്നിവരെ ഉള്‍പ്പെടുത്തി ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ച് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താനുള്ള നടപടികളും സ്വീകരിക്കും. ലഹരിക്കെതിരായ ബോധവത്ക്കരണം ഉള്‍പ്പെടെയുള്ള നടപടികളും ശക്തമാക്കുമെന്നും ആറ്റിങ്ങല്‍ ഡി.വൈ.എസ്സ്.പി സുനീഷ് ബാബു പറഞ്ഞു.
ചിറയിന്‍കീഴ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജി.ബി.മുകേഷ് , ആറ്റിങ്ങല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഡി.മിഥുന്‍, ചിറയിന്‍കീഴ് സബ്ബ് ഇന്‍സ്‌പെക്ടര്‍ വി എസ് വിനീഷ്, എ.എസ്.ഐ സിനിലാല്‍ , ഷജീര്‍ എസ്.സി.പി.ഒ മാരായ ഹാഷിം, സന്തോഷ്, റൂറല്‍ ഡാന്‍സാഫ് സബ്ബ് ഇന്‍സ്‌പെക്ടര്‍ എം.ഫിറോസ്ഖാന്‍, എ.എസ്.ഐ ബി.ദിലീപ്, ആര്‍.ബിജുകുമാര്‍ സി.പി.ഒ മാരായ ഷിജു , സുനില്‍രാജ് എന്നിവരുടെ സംഘമാണ് അഞ്ചംഗ സംഘത്തെ പിടികൂടിയത്.