മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു: മരിച്ചത് തൃക്കൊടിത്താനം സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരി; ഉറപ്പിക്കാൻ പൊലീസ് ഡി.എൻ.എ പരിശോധനയ്ക്ക്

മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു: മരിച്ചത് തൃക്കൊടിത്താനം സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരി; ഉറപ്പിക്കാൻ പൊലീസ് ഡി.എൻ.എ പരിശോധനയ്ക്ക്

Spread the love
തേർഡ് ഐ ബ്യൂറോ
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ആശുപത്രിയിലെ തന്നെ ലോട്ടറി വിൽപ്പനക്കാരിയെന്ന് പൊലീസ്. തൃക്കൊടിത്താനം പടിഞ്ഞാറേപ്പറമ്പിൽ പൊന്നമ്മ (55)യാണ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തു നിന്നു ലഭിച്ച വസ്ത്രങ്ങളും, വളയും പൊന്നമ്മയുടെ മകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഞായറാഴ്ച ഡി.എൻ.എ പരിശോധനയ്ക്ക് ശേഷം മാത്രമേ മരിച്ചത് പൊന്നമ്മയാണെന്ന് സ്ഥിരീകരിക്കാൻ പൊലീസിനു സാധിക്കൂ.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാൻസർ വാർഡിനു സമീപം സ്ത്രീയുടെ മൃതദേഹം കണ്ടത്. മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്കു ശേഷം ആശുപത്രി മോർച്ചറിയിൽ സ്ൂക്ഷിച്ചിരിക്കുകയാണ്. ഇതിനിടെയാണ് എട്ടു ദിവസം മുൻപ് അമ്മയെ കാണാനില്ലെന്ന പരാതിയുമായി തൃക്കൊടിത്താനം സ്വദേശിയായ യുവതി മെഡിക്കൽ കോളേജ് ആശുപത്രിയിലെ എയ്ഡ് പോ്‌സ്റ്റിൽ എത്തിയത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവരെ വിളിച്ചു വരുത്തിയ പൊലീസ് സംഘം വസ്ത്രങ്ങളും , മൃതദേഹത്തിൽ നിന്നും ലഭിച്ച വളയും ഇവരെ കാണിച്ചു. ഇതോടെയാണ് മകൾ മൃതദേഹം പൊന്നമ്മയുടേതാണ് എന്ന സൂചന നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ എട്ടു ദിവസമായി പൊന്നമ്മയെ മെഡിക്കൽ കോളേജ് പരിസരത്ത് കാണാനില്ലെന്ന് ഉറപ്പിക്കുകയും ചെയ്തു.
മെഡിക്കൽ കോളേജിലെ ലോട്ടറി വിൽപ്പനക്കാരിയാണ് ഇവർ. ലോട്ടറി വിൽപ്പനയ്ക്ക് ശേഷം ഇവിടെ തന്നെയാണ് ഇവർ കിടക്കുന്നതും. ആഴ്ചയിലൊരിക്കലാണ് മല്ലപ്പള്ളിയിൽ താമസിക്കുന്ന മകളുടെ വീട്ടിലേയ്ക്ക് പോകുന്നത്. രണ്ടാഴ്ച മുൻപ് ഇവർ വീട്ടിൽ എത്താതെ വന്നതോടെയാണ് മകൾ പരാതിയുമായി രംഗത്ത് എത്തിയത്. എന്നാൽ, മകളുടെ രക്ത സാമ്പിളുകൾ ശേഖരിച്ച് ഡിഎൻഎ പരിശോധന നടത്താതെ മൃതദേഹം പൊന്നമ്മയുടേത് തന്നെയാണെന്ന് ഉറപ്പിക്കാൻ സാധിക്കില്ലെന്നാണ് പൊലീസ് നിലപാട്. ഇതേ തുടർന്ന് ഞായറാഴ്ച സാമ്പിൾ ശേഖരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.