ബൈക്ക് വാങ്ങിയത് മൂന്ന് മാസം മുന്‍പ്; അപകടം സഹോദരിയെ ട്യൂഷന് കൊണ്ടാക്കി മടങ്ങവെ; മകന്‍ മരിച്ചതറിയാതെ  മകന്റെ ഫോണിലേക്ക് വിളിച്ച പിതാവിനോട് എന്ത് പറയണമെന്നറിയാതെ പൊലീസും; ഒടുവിൽ മൃതദേഹം തിരിച്ചറിഞ്ഞത് ബന്ധുകളെത്തി; എം.സി റോഡില്‍ നാട്ടകം മറിയപ്പള്ളിയിൽ  ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചത് അതിദാരുണമായി; വളവും ഇറക്കവും നിറഞ്ഞ റോഡില്‍ വേഗനിയന്ത്രണ സംവിധാനങ്ങള്‍ ഇല്ലാത്തത് അപകടങ്ങള്‍ വർധിപ്പിക്കുന്നുവെന്ന പരാതി ശക്തം

സ്വന്തം ലേഖിക

കോട്ടയം: നാട്ടകം മറിയപ്പള്ളിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മകൻ മരിച്ചതറിഞ്ഞ് തകർന്ന് അദ്ധ്യാപക ദമ്പതികൾ.
,
കിളിരൂര്‍ എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളില അദ്ധ്യാപകന്‍ ചെങ്ങളം സൗത്ത് വാഴക്കൂട്ടത്തില്‍ അനീഷ് ആര്‍.ചന്ദ്രന്റെ മകന്‍ അരവിന്ദ് ആര്‍.
അനീഷ് (20) ആണ് മരിച്ചത്. മാന്നാനം കെ.ഇ കോളേജ് ബി.എ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

ഇന്നലെ വൈകിട്ട് ആറോടെ എം.സി റോഡില്‍ നാട്ടകം മറിയപ്പള്ളിയ്ക്കും വില്ലേജ് ഓഫീസിനും മദ്ധ്യേയുള്ള ഇറക്കത്തിലാണ് അപകടം. ചങ്ങനാശേരി ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും എതിര്‍ ദിശയിലെത്തിയ ഐഷര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ അരവിന്ദ് തത്ക്ഷണം മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലച്ചോര്‍ റോഡില്‍ ചിതറിയ നിലയിലായിരുന്നു. ചാലുകുന്നില്‍ സഹോദരിയെ ട്യൂഷന് കൊണ്ടാക്കിയ ശേഷം പള്ളത്തിന് പോയി മടങ്ങവെയാണ് അപകടം. പത്തുമിനിറ്റോളം എം.സി റോഡില്‍ തന്നെ കിടന്ന മൃതദേഹം ചിങ്ങവനം പൊലീസ് എത്തി 108 ആംബുലന്‍സ് വിളിച്ച്‌ വരുത്തിയാണ് കോട്ടയം ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

റോഡില്‍ പരന്ന രക്തവും ശരീരാവശിഷ്ടങ്ങളും ഫയര്‍ഫോഴ്സെത്തി കഴുകി വൃത്തിയാക്കി. ബൈക്ക് രണ്ടായി ഒടിഞ്ഞു.

അപകടത്തില്‍ മകന്‍ മരിച്ചതറിയാതെ പിതാവ് മകന്റെ ഫോണിലേക്ക് വിളിച്ചു. ഫോണ്‍ എടുത്തതാകട്ടെ പൊലീസ് ഉദ്യോഗസ്ഥരും. ബൈക്കിനുള്ളില്‍ നിന്ന് ലഭിച്ച ഫോണ്‍ പരിശോധിക്കുന്നതിനിടയാണ് പിതാവിന്റെ കോളെത്തിയത്.

എന്നാല്‍ പിതാവിനോട് എന്തു പറയണമെന്ന് അറിയാതെയും ആശ്വസിപ്പിക്കാന്‍ കഴിയാതെയും ആശങ്കയിലായി പൊലീസ്. ബന്ധുക്കളെത്തിയാണ് മരിച്ചത് അരവിന്ദ് ആണെന്ന് തിരിച്ചറിഞ്ഞത്.

അരവിന്ദിന് ബൈക്കുകളോട് പ്രിയമായിരുന്നു. മൂന്ന്മാസം മുന്‍പാണ് ഹോണ്ടയുടെ പുതിയ സീരിസായ ഹോണ്ട ഹൈനസ് ബൈക്ക് വീട്ടുകാര്‍ വാങ്ങി നല്‍കിയത്. സമാന സ്ഥലത്ത് ഒരു വര്‍ഷം മുന്‍പ് ബൈക്ക് അപകടത്തില്‍ ദമ്പതികളും മരിച്ചിരുന്നു. വളവും ഇറക്കവും നിറഞ്ഞ റോഡില്‍ വേഗനിയന്ത്രണ സംവിധാനങ്ങള്‍ ഇല്ലാത്തതും അപകടങ്ങള്‍ക്ക് ഇടയാക്കുന്നു.

മാതാവ് : ജിജി (അദ്ധ്യാപിക). സഹോദരി : ലക്ഷ്മി. മൃതദേഹം കോട്ടയം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പില്‍.