തൊടുപുഴ നഗരത്തിൽ കാറിൽ നിന്ന് 43 കിലോ കഞ്ചാവ് പിടികൂടി; കാറിലുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു; പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖിക
തൊടുപുഴ: നഗരസഭ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് 43 കിലോ കഞ്ചാവ് പിടികൂടി.
ഓടി രക്ഷപ്പെട്ട പ്രതിക്കായി തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരു വര്‍ഷം മുമ്പ് കൊച്ചി സ്വദേശിയുടെ കാര്‍ തൊടുപുഴ സ്വദേശി വാടകക്കെടുത്തിരുന്നു. കാര്‍ തിരികെ കിട്ടാതെ വന്നതോടെ ഉടമ കാര്‍ അന്വേഷിച്ച് തൊടുപുഴയിലെത്തിയത്തോടെയാണ് വാടകക്ക് എടുത്ത സല്മാന് എന്നയാളിൻ്റെ പക്കല്‍ കാറില്ലെന്ന് തിരിച്ചറിഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സല്‍മാനെ ചോദ്യം ചെയ്തപ്പോള്‍ തൊടുപുഴ സ്വദേശിയായ മറ്റൊരാള്‍ക്ക് കാര്‍ പണയപ്പെടുത്തിയതായി അറിഞ്ഞു.
ഉടമ നടത്തിയ അന്വേഷണത്തില്‍ തിങ്കളാഴ്ച രാത്രി കാര്‍ തൊടുപുഴ നഗരത്തിലുണ്ടെന്ന് കണ്ടെത്തി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൊടുപുഴ പൊലീസ് നടത്തിയ പരിശോധനയിലാണ് കാറും അതില്‍ സൂക്ഷിച്ച കഞ്ചാവും കണ്ടെത്തുന്നത്.
പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതായും ഇയാള്‍ ഉടന്‍ തന്നെ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. എറണാകുളം എളമക്കര സ്റ്റേഷനിലും കാര്‍ കാണാതെ പോയതുമായി ബന്ധപ്പെട്ട് കേസുണ്ട്.
എസ്എച്ച്ഒ വിഷ്ണു, എസ്ഐ ബൈജു പി ബാബു, ഷാഹുല്‍ ഹമീദ്, ജോസഫ്, എഎസ്ഐ ഷംസുദ്ദീന്, ഷംസ്, പൊലീസുകാരായ ഗിരീഷ്, സനൂപ്, സുനില്‍, അനൂപ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.