play-sharp-fill
സൗബിൻ സാഹിറിനെതിരെ പൊലീസ് ചുമത്തിയത് ഗുരുതര വകുപ്പുകള്‍; എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; 47 കോടിയുടെ വഞ്ചന ; ‘മഞ്ഞുമ്മല്‍ ബോയ്സ്’ ജയിലിലാകാൻ സാധ്യത ഏറെ

സൗബിൻ സാഹിറിനെതിരെ പൊലീസ് ചുമത്തിയത് ഗുരുതര വകുപ്പുകള്‍; എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; 47 കോടിയുടെ വഞ്ചന ; ‘മഞ്ഞുമ്മല്‍ ബോയ്സ്’ ജയിലിലാകാൻ സാധ്യത ഏറെ

സ്വന്തം ലേഖകൻ

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിർമ്മാതാക്കള്‍ക്കെതിരെ കേസെടുത്തത് അതി ഗുരുതര വകുപ്പുകളില്‍.എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ്. 47 കോടിയുടെ വഞ്ചനയാണ് ആരോപിക്കുന്നത്. ഈ തുക തിരിച്ചു കൊടുക്കേണ്ട സാഹചര്യം ഈ കേസുണ്ടാക്കിയേക്കും.

സിനിമയുടെ മുടക്കുമുതലോ ലാഭവിഹിതമോ തന്നില്ലെന്ന് കാണിച്ച്‌ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് രണ്ടാമതും നല്‍കിയ സ്വകാര്യ ഹർജിയിലാണ് ക്രിമിനല്‍ കേസെടുക്കാനുള്ള നടപടി. സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോണ്‍ ആന്റണി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കള്‍. ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് നിർമ്മാതാക്കളുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. മരട് പൊലീസാണ് കേസെടുത്തത്. അതീവ ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പുകളും ഇതിലുണ്ട്. ഐപിസിയിലെ 120 ബി, 406, 420, 468, 34 വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് എഫ് ഐ ആർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുകൊണ്ടു തന്നെ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോണ്‍ ആന്റണി എന്നിവർ ജയിലിലാകാനും സാധ്യതയുണ്ട്. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് 2022 നവംബർ 30ന് അഞ്ചു കോടി തൊണ്ണൂറ്റി ഒൻപത് ലക്ഷ്ം പറവ ഫിലിംസിന്റെ കടവന്ത്ര ശാഖയിലുള്ള ആക്‌സിസ് ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. പിന്നീട് അമ്ബത് ലക്ഷം രൂപ ഷോണ്‍ ആന്റണിയുടെ എച്ച്‌ ഡി എഫ് സിയുടെ കടവന്ത്ര ശാഖയിലേക്കും നല്‍കി. ഇതിനൊപ്പം അമ്ബത്തിയൊന്ന് ലക്ഷം പലപ്പോഴായി പണമായി കൈക്കാലാക്കിയെന്നാണ് എഫ് ഐ ആറിലെ ആരോപണം. കരാർ പ്രകാരം ഹർജിക്കാരന് നാല്‍പത് കോടിയുടെ അർഹതയുണ്ടെന്നും അത് നല്‍കിയില്ലെന്നും എഫ് ഐ ആർ പറയുന്നു. എല്ലാം കൂടി 47 കോടിയുടെ നഷ്ടം ഉണ്ടായി. ഇതിന് പിന്നില്‍ വിശ്വാസ വഞ്ചനയും കുറ്റകരമായ ഗൂഡാലോചയും ഉണ്ടെന്നാണ് എഫ് ഐ ആർ പറയുന്നത്.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസെന്നും മരട് സർക്കിള്‍ ഇൻസ്‌പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറില്‍ വിശദീകരിക്കുന്നുണ്ട്. ആദ്യ ഹർജിയെത്തുടർന്ന് നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ എറണാകുളം സബ് കോടതി മരവിപ്പിച്ചിരുന്നു. ചിത്രത്തിന്റെ നിർമ്മാണക്കമ്ബനിയായ പറവ ഫിലിംസിന്റെയും പങ്കാളി ഷോണ്‍ ആന്റണിയുടെയും 40 കോടി രൂപയുടെ അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനില്‍ വർക്കി മരവിപ്പിച്ചത്. ഏഴ് കോടി രൂപ സിനിമയ്ക്കായി താൻ മുടക്കിയെന്നും എന്നാല്‍ ചിത്രം വൻ വിജയമായിട്ടും മുടക്ക് മുതലോ ലാഭവിഹിതമോ തന്നില്ലെന്നുമായിരുന്നു സിറാജ് നല്‍കിയ ഹർജി. ഇതിന് അനുസരിച്ചാണ് എഫ് ഐ ആറും.

40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്താണ് നിർമ്മാതാക്കള്‍ പണം കൈപ്പറ്റിയതെന്നും എന്നാല്‍ തന്നെ കബളിപ്പിച്ചെന്നും ഹർജിയില്‍ പറയുന്നു. ചിത്രത്തിന്റെ നിർമ്മാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ചാണ് തന്റെ പക്കല്‍നിന്ന് ഏഴുകോടി രൂപ വാങ്ങിയതെന്നും ഹർജിയില്‍ സിറാജ് പറഞ്ഞു. ഇത് കോടതി അംഗീകരിച്ചാണ് കേസെടുത്തതും. ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവല്‍ ത്രില്ലർ ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്സ്’ ആഗോള തലത്തില്‍ ഇരുന്നൂറ്റി ഇരുപതു കോടി രൂപ കളക്ഷൻ കൈവരിച്ച്‌ മുന്നേറിയെന്നാണ് റിപ്പോർട്ട്.

മലയാള സിനിമാ ചരിത്രത്തില്‍ 200 കോടി ക്ലബില്‍ ഇടം നേടുന്ന ആദ്യ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ഫെബ്രുവരി 22 നാണു തിയറ്ററുകളിലെത്തിയത്. തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്‌നാട്ടില്‍ 50 കോടി നേടുന്ന ആദ്യ ഇതരഭാഷാ ചിത്രമാണ്. ഗുണാ ഗുഹയില്‍ നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ഒരു സർവൈവല്‍ ത്രില്ലറാണ്. ആരും സഹായിക്കാൻ വരാതെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിപ്പോയ ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണിത്. ചിദംബരം സംവിധാനം ചെയ്ത മള്‍ട്ടി സ്റ്റാർ ചിത്രത്തിനു മലയാളത്തിനു പുറത്തുനിന്നും നല്ല പ്രതികരണമായിരുന്നു.

കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’ന്റെ പ്രമേയം.