കേരളം നടുങ്ങിയ കല്ലുവാതുക്കൽ വ്യാജ മദ്യ ദുരന്തത്തിന് ഇന്ന് 22 വയസ്സ്…കേസിലെ മുഖ്യ പ്രതി മണിച്ചൻ ജയിൽ മോചിതനാകുന്നത് വാർഷികദിനത്തിൽ…യാദൃച്ഛികതയിൽ കല്ലുവാതുക്കൽ ദുരന്തം ഓർമ്മയിലെത്തുമ്പോൾ…

കേരളം നടുങ്ങിയ കല്ലുവാതുക്കൽ വ്യാജ മദ്യ ദുരന്തത്തിന് ഇന്ന് 22 വയസ്സ്…കേസിലെ മുഖ്യ പ്രതി മണിച്ചൻ ജയിൽ മോചിതനാകുന്നത് വാർഷികദിനത്തിൽ…യാദൃച്ഛികതയിൽ കല്ലുവാതുക്കൽ ദുരന്തം ഓർമ്മയിലെത്തുമ്പോൾ…

22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അപകടം. കല്ലുവാതുക്കല്‍ വ്യാജ മദ്യ ദുരന്ത കേസ്. അതേ വാര്‍ഷിക ദിനത്തിലാണ് ഇന്ന് മണിച്ചന്‍ ജയിലില്‍ നിന്ന് മോചിതനാകുന്നതെന്നത് ആകസ്മികത.2000 ഒക്ടോബര്‍ 21നായിരുന്നു 31 പേര്‍ക്ക് ജീവന്‍ നഷ്ടമായ മദ്യദുരന്തം സംഭവിച്ചത്. മദ്യദുരന്ത കേസില്‍ ജയില്‍ മോചിതനാകുന്ന അവസാന പ്രതിയാണ് മണിച്ചന്‍.
എല്ലാ ശിക്ഷയും നടപടിക്രമങ്ങളും പൂര്‍ത്തിയായി 22 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയപ്പോള്‍ മൗനമായിരുന്നു മണിച്ചന്റെ ആദ്യ പ്രതികരണം. പിന്നെ കോടതിക്കും അഭിഭാഷകര്‍ക്കും നന്ദി പറഞ്ഞു, മണിച്ചന്‍. തിരുവന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നാണ് മണിച്ചന്‍ പുറത്തിറങ്ങിയത്. പിഴ ഒഴിവാക്കി മണിച്ചനെ മോചിപ്പിക്കാന്‍ സുപ്രിം കോടതി സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ടതോടെയാണ് ജയില്‍മോചനത്തിനു വഴി ഒരുങ്ങിയത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കാത്തു നിന്ന സുഹൃത്തുക്കളും നാട്ടുകാരും മഞ്ഞ ഷാള്‍ അണിയിച്ചാണ് മണിച്ചനെ സ്വീകരിച്ചത്.
അന്ന്,22 വർഷങ്ങൾക്ക് മുൻപ് 2000 ഒക്ടോബര്‍ 21ന് ദുരന്തമുണ്ടാകുമ്പോള്‍,മണിമാളിക പോലുള്ള തന്റെ വീട്ടിലെ ഭൂഗര്‍ഭ അറകളിലായിരുന്നു മണിച്ചന്‍ വ്യാജമദ്യം സൂക്ഷിച്ചത്. വീര്യം കൂട്ടാന്‍ കലര്‍ത്തിയ വിഷ സ്പിരിറ്റാണ് ദുരന്തത്തിന് കാരണമായത്.20 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയ മണിച്ചനെ മോചിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചെങ്കിലും സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുത്തില്ല. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് മണിച്ചന്‍ ആദ്യം ശിക്ഷ അനുഭവിച്ചത്. പിന്നീട് നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്ക് മാറ്റുകയായിരുന്നു.
പിഴത്തുക കെട്ടിവയ്ക്കാതെ മോചിപ്പിക്കില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. മണിച്ചന്റെ മോചന ഉത്തരവിറങ്ങിയെങ്കിലും 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന നിബന്ധന തടസ്സമായി നില്‍ക്കുന്നതു ചൂണ്ടിക്കാട്ടി ഭാര്യയാണ് സുപ്രിം കോടതിയെ സമീപിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 22 വര്‍ഷവും 9 മാസവും കൂടി ജയില്‍ശിക്ഷ അനുഭവിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഇതു തള്ളിയാണ് മണിച്ചനെ പിഴത്തുക കെട്ടിവയ്ക്കാതെ തന്നെ മോചിപ്പിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്.
കേസില്‍ ആകെ 26 പ്രതികളാണ് ഉണ്ടായിരുന്നത്. ജയിലില്‍ തുടരുന്ന അവസാനത്തെ ആളായിരുന്നു മണിച്ചന്‍. മാസപ്പടി ഡയറിയടക്കം അന്ന് വലിയ രാഷ്ട്രീയ വിവാദമായതിനാല്‍ മണിച്ചന്റെ തുടര്‍പ്രതികരണങ്ങളാണ് ഇനി ശ്രദ്ധേയം.
കല്ലുവാതുക്കലെന്ന കൊച്ച് ഗ്രാമം കുപ്രസിദ്ധിയുടെ പാരമ്യത്തിലെത്തിയതിന് മണിച്ചൻ എന്ന മദ്യരാജാവാണ് കാരണം.നീണ്ട രണ്ട് പതിറ്റാണ്ടിലധികം നീണ്ട ജയിൽവാസം മണിച്ചൻ എന്ന വ്യക്തിക്കുണ്ടാക്കിയ മാറ്റം എന്തെന്ന് ഇനിയാണ് കേരളം കാണാൻ പോകുന്നത്,മണിച്ചൻ ചതിക്കപ്പെട്ടാണെന്ന് ഇരകളുടെ ബന്ധുക്കൾ തന്നെ പറയുമ്പോൾ,പ്രൗഢിയുടെ,സമ്പത്തിന്റെ പാരമ്യത്തിലും നാട്ടുകാരെ സഹായിച്ചിരുന്ന മണിച്ചൻ തിരികെയെത്തിയതിന്റെ ആഹ്ലാദത്തിലാണ് കല്ലുവാതുക്കൽ എന്നതിന്റെ തെളിവ് തന്നെയാണ് ജയിലിന് പുറത്ത് കാത്തു നിന്ന സുഹൃത്തുക്കളും നാട്ടുകാരും മണിച്ചന് നൽകിയ സ്വീകരണം.

Tags :