മാലമോഷണവും പിടിച്ചുപറിയും ഇല്ലാത്ത ആദ്യ പെരുന്നാള്‍; ഓണത്തിന് വീടുകളില്‍ പോലും പോകാതെ രാപ്പകല്‍ കര്‍മ്മനിരതരായ് പൊലീസ് സേന; മണര്‍കാട് പള്ളിയില്‍ ഒരുക്കിയത് പഴുതുകളില്ലാത്ത സുരക്ഷ

മാലമോഷണവും പിടിച്ചുപറിയും ഇല്ലാത്ത ആദ്യ പെരുന്നാള്‍; ഓണത്തിന് വീടുകളില്‍ പോലും പോകാതെ രാപ്പകല്‍ കര്‍മ്മനിരതരായ് പൊലീസ് സേന; മണര്‍കാട് പള്ളിയില്‍ ഒരുക്കിയത് പഴുതുകളില്ലാത്ത സുരക്ഷ

സ്വന്തം ലേഖകന്‍

കോട്ടയം: മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നട അടച്ചു. സ്ലീബാ പെരുന്നാള്‍ ദിവസമായ ഇന്നലെ സന്ധ്യാനമസ്‌കാരത്തെ തുടര്‍ന്ന് നട അടയ്ക്കല്‍ ചടങ്ങിന് ഏലിയാസ് മാര്‍ അത്താനാസിയോസ് പ്രധാന കാര്‍മ്മികത്വം വഹിച്ചു.

എട്ടു നോമ്പ് ആചരണത്തിന്റെ ഭാഗമായി പെരുന്നാളിന്റെ ഏഴാം ദിനത്തിലാണ് പ്രധാന ത്രോണോസിലുള്ള വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദര്‍ശനത്തിനായി തുറന്നത്. ഇനി അടുത്ത വര്‍ഷമാണ് നട തുറക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത എട്ടുനോമ്പ് പെരുന്നാളിന് ആദ്യമായാണ് മോഷണവും പിടിച്ചുപറിയും ഇല്ലാതെ സമാപനമാകുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും മോഷ്ടാക്കള്‍ സംഘമായെത്തി പള്ളിയിലെത്തുന്ന വിശ്വാസികളെ കൊള്ളയടിക്കുന്നത് എല്ലാ വര്‍ഷവും പതിവുള്ളതാണ്.

എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതായ ശേഷമുള്ള ആദ്യ പെരുന്നാളിന് പഴുതടച്ച സുരക്ഷ ഒരുക്കണമെന്ന വാശിയിലായിരുന്നു ജില്ലയിലെ പൊലീസ് സേന. ഇതിന്റെ ഭാഗമായി കോട്ടയം പൊലീസ് മേധാവി കെ. കാര്‍ത്തികിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടന്‍, മണര്‍കാട് എസ്എച്ച്ഒ അനില്‍ ജോര്‍ജ് എന്നിവര്‍ക്കായിരുന്നു മണര്‍കാട് പള്ളി പെരുന്നാളിന്റെ സുരക്ഷാ ചുമതല. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത് മുതല്‍ സമാപന ദിവസം വരെ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയത്. ഇതിന്റെ ഭാഗമായി പള്ളിയിലും പരിസര പ്രദേശങ്ങളിലും നൂറ് കണക്കിന് പൊലീസ്‌കാരെ വിന്യസിച്ചു. നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ 24 മണിക്കൂറും സുരക്ഷാ പരിശോധനകള്‍ തുടര്‍ച്ചയായി നടത്തി വന്നിരുന്നു.

ഓണക്കാലത്ത് വീടുകളില്‍ പോകാതെയും അവധിയില്‍ പ്രവേശിക്കാതെയും ജില്ലയിലെ പൊലീസ് സേന ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിച്ചതോടെ വിശ്വാസികള്‍ കനത്ത സുരക്ഷയില്‍ വിശുദ്ധമാതാവിന്റെ പെരുന്നാള്‍ ഗംഭീരമായി ആഘോഷിച്ചു മടങ്ങി. അടുത്ത തവണയയും പഴുതുകടളടച്ച സുരക്ഷ തന്നെ ഒരുക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.