മണര്‍കാട് യാക്കോബായ കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിന് ഇന്ന് കൊടിയേറും

മണര്‍കാട് യാക്കോബായ കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിന് ഇന്ന് കൊടിയേറും

സ്വന്തം ലേഖകൻ 

മണര്‍കാട്: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് ഇന്ന് കൊടിയേറും. കത്തീഡ്രലില്‍ ഇന്നലെ നടന്ന സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന് വൈദീകരുടെയും കത്തീഡ്രല്‍ ഭാരവാഹികളുടെയും നേതൃത്വത്തില്‍ ചുറ്റുവിളക്ക് കത്തിച്ച് നോമ്പ് ആചരണങ്ങള്‍ക്ക് തുടക്കമായി. പെരുന്നാളിനോട് അനുബന്ധിച്ചുള്ള വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വീച്ച് ഓണ്‍ കര്‍മ്മവും എണ്ണ, തിരി, മുത്തികുട കൗണ്ടറുകളുടെ ഉദ്ഘാടനവും കുര്‍ബാന പണത്തിന്റെ കൗണ്ടറും ഉദ്ഘാടനം ചെയ്തു.

ഇന്ന് വൈകുന്നേരം 04.30നാണ് കൊടിമരം ഉയര്‍ത്തല്‍. കുഴിപ്പുരയിടം, മമ്മേലില്‍, വര്‍ഗീസ് കോരയുടെ പുരയിടത്തില്‍നിന്ന് നിലംതൊടാതെ വെട്ടിയെടുക്കുന്ന കൊടിമരം കത്തീഡ്രലിലെത്തിച്ച് ചെത്തിയൊരുക്കി, കൊടി തോരണങ്ങളാല്‍ അലങ്കരിക്കും. തുടര്‍ന്ന് ആഘോഷങ്ങള്‍ ഒഴുവാക്കി കൊടിമരം ഉയര്‍ത്തും. സന്ധ്യാപ്രാര്‍ഥനയെ തുടര്‍ന്ന് നടവിളക്ക് തെളിയിക്കും. മര്‍ത്തമറിയം സേവകാസംഘം പ്രസിദ്ധീകരമണായ 2022-ലെ കലണ്ടറിന്റെ പ്രകാശനവും മെറിറ്റ് അവാര്‍ഡ് വിതരണവും കത്തീഡ്രലിലെ കുര്‍ബാനയ്ക്ക് ശേഷം തോമസ് മോര്‍ തീമോത്തിയോസ് നിര്‍വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അതാതു സമയങ്ങളില്‍ പുറപ്പെടുവിക്കുന്ന എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടാണ് പെരുന്നാള്‍ ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഭക്തജനങ്ങള്‍ക്ക് തിരക്കില്ലാതെ കത്തീഡ്രലില്‍ എത്തി പ്രാര്‍ഥിച്ചു മടങ്ങാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കത്തീഡ്രലില്‍ മുഴുവന്‍ സമയവും ഇരുന്ന് നോമ്പ് നോക്കുന്നതിനുള്ള ക്രമീകരണം ഇത്തവണയുമില്ല. വിശ്വാസികള്‍ വീടുകളിലിരുന്ന് ഉപവാസത്തോടും പ്രാര്‍ഥനയോടും കൂടിയാണ് നോമ്പ് ആചരിക്കുക. കോവിഡ് നിബന്ധനകള്‍ പാലിച്ച് വിശ്വാസികള്‍ക്ക് കത്തീഡ്രലിലെത്തി നേര്‍ച്ച-കാഴ്ച്ചകളും വഴിപാടുകളും സമര്‍പ്പിക്കാം. പള്ളിയിലേക്കുള്ള പ്രവേശനം പ്രധാന കവാടം വഴി മാത്രമായിരിക്കും.

മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ഇന്നലെ സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന് വൈദീകരുടെയും കത്തീഡ്രല്‍ ഭാരവാഹികളുടെയും നേതൃത്വത്തില്‍ കല്‍ക്കുരിശില്‍ ചുറ്റുവിളക്ക് കത്തിച്ചപ്പോള്‍.

 

മണര്‍കാട് ഇന്ന്

കരോട്ടെ പള്ളിയില്‍ രാവിലെ ആറ് മുതല്‍ 7.30 വരെ കുര്‍ബാന. കത്തീഡ്രല്‍ പള്ളിയില്‍ രാവിലെ 7.30ന് പ്രഭാത നമസ്‌ക്കാരം. 8.30ന് കുര്‍ബാന എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മോര്‍ തീമോത്തിയോസ്. 11.30 മുതല്‍ 12.30 വരെ പ്രസംഗം – ഫാ. ഗീവര്‍ഗീസ് നടുമുറിയില്‍. 12.30 ഉച്ച നമസ്‌ക്കാരം. ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ നാല് വരെ ധ്യാനം – ഫാ. ടിജു വര്‍ഗീസ് വെള്ളാപ്പള്ളില്‍. 4.30 കൊടിമരം ഉയര്‍ത്തല്‍. വൈകുന്നേരം അഞ്ച് മുതല്‍ ആറ് വരെ സന്ധ്യാ നമസ്‌ക്കാരം.

ചടങ്ങുകള്‍ തല്‍സമയം

ഫെയ്‌സ്ബുക്ക്: www.facebook.com/manarcadpallyofficial
മൊബൈല്‍ ആപ്പ്: manarcad pally official
യൂട്യൂബ് ചാനല്‍: www.youtube.com/c/manarcadstmarys
വെബ്‌സൈറ്റ്: www.manarcadstmaryschurch.org

ഗ്രീന്‍ ചാനല്‍ നമ്പര്‍ 2 (മണര്‍കാട്)
വേള്‍ഡ് ടു വേള്‍ഡ് ടെലിവിഷന്‍
ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍ – ചാനല്‍ നമ്പര്‍: 659
കേരളാ വിഷന്‍ ചാനല്‍ നമ്പര്‍: 511