തിരുവല്ലാ താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കുശേഷം കാണാതായ യുവാവിന്‍റെ മൃതദേഹം ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കുമിടയിൽ കുടുങ്ങിയ നിലയിൽ ; കാണാതായതിനെ തുടർന്ന് ഇന്നും തിരച്ചിൽ നടത്തുന്നതിനിടെ ആശുപത്രിയുടെ നാലാം നിലയിലെ അടച്ചിട്ടിരുന്ന മുറിയുടെ ലിഫ്റ്റിനും ഭിത്തിക്കും ഇടയില്‍ ബിജുവിന്‍റെ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തുകയായിരുന്നു
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശസ്ത്രക്രിയയ്ക്കുശേഷം കാണാതായ യുവാവിന്‍റെ മൃതദേഹം ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കുമിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. തിരുവല്ല താലൂക്ക് ആശുപത്രിയിലാണ് സംഭവം.
തിരുവല്ല തുകലശ്ശേരി മാടവന പറമ്പില്‍ വീട്ടില്‍ കെ എസ് ബിജു ( 36 ) നെയാണ് ഇന്ന് മൂന്ന് മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂലൈ പതിനാലാം തീയതി തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ബിജുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന് ശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബിജുവിനെ ജൂലൈ പതിനാറാം തീയതി കാണാതാവുകയായിരുന്നു. ഏറെ അന്വേഷണം നടത്തിയെങ്കിലും ബിജുവിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.കഴിഞ്ഞ ദിവസവും ബന്ധുക്കളും ആശുപത്രി അധികൃതവും ചേര്‍ന്ന് ആശുപത്രിയില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയിരുന്നു.
ഇന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് ആശുപത്രിയുടെ നാലാം നിലയിലെ അടച്ചിട്ടിരുന്ന മുറിയുടെ ലിഫ്റ്റിനും ഭിത്തിക്കും ഇടയില്‍ ബിജുവിന്‍റെ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്.തുടര്‍ന്ന് അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
തിരുവല്ല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.