മാലത്തെ പേടിച്ച് ടിപ്പർ ,ജെ സി ബി ഉടമകൾ;അനധികൃതമായി പാടം നികത്തിയത് പൂർവസ്ഥിതിയിലാക്കാൻ ഹൈക്കോടതി ഉത്തരവുമായെത്തിയ റവന്യൂ അധികൃതരുടെ നടപടി ഗുണ്ടാ മാഫിയ സംഘത്തെ ഇറക്കി തടഞ്ഞു : ജില്ലാ ഭരണകൂടത്തെ ഭയപ്പെടുത്താനും ശ്രമം; മുൻപ് കാപ്പ ലിസ്റ്റിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ട മാലംസുരേഷ് കുടുങ്ങും
സ്വന്തം ലേഖകൻ
പാലമുറി: ഗുണ്ടാ-ബ്ലേഡ് മാഫിയസംഘം നടത്തിപ്പുകാരന്‍ അനധികൃതമായി നികത്തിയ നെല്‍പ്പാടത്തെ മണ്ണ് നീക്കം ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് ഗുണ്ടകളുടെ നേതൃത്വത്തില്‍ തടസ്സപ്പെടുത്തി.
മണര്‍കാട് മാലം വാവത്തില്‍ കെ.വി. സുരഷിന്റെ തിരുവഞ്ചൂര്‍ പാലമുറിയിലുള്ള കോടികള്‍ മുടക്കി നിര്‍മ്മിച്ച ആഡംബര വീടിന് മോടികൂട്ടാന്‍ നികത്തിയ നെല്‍പ്പാടത്തെ മണ്ണ് നീക്കുന്ന റവന്യൂ ഉദ്യോഗസ്ഥരുടെ നടപടിയാണ് വെള്ളിയാഴ്ച ഗുണ്ടകളുടെ നേതൃത്വത്തില്‍ തടഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് വെള്ളിയാഴ്ച കോട്ടയം അഡീഷണല്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം ജെ.സി.ബിയും ലോറികളും ഉപയോഗിച്ച് നികത്തിയ പാടത്തെ മണ്ണെടുത്ത് നീക്കാന്‍ തുടങ്ങി.
രാത്രിയോടെ പണി നിര്‍ത്തിവെച്ച് ഉദ്യോഗസ്ഥ സംഘം മടങ്ങി. വെള്ളിയാഴ്ച രാവിലെ അഡിഷണല്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും പൊലീസും മണ്ണെടുപ്പ് പുനഃരാരംഭിക്കാന്‍ എത്തിയെങ്കിലും ജെ.സി.ബിയും ലോറികളും എത്തിയില്ല. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇവരുമായി ബന്ധപ്പെട്ടപ്പോള്‍ മണ്ണെടുത്താല്‍ തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്നും സ്ഥലത്തെത്താനാകില്ലെന്നും ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതോടെ ഉദ്യോഗസ്ഥര്‍ മറ്റ് തൊഴിലാളികളെ തേടിയെങ്കിലും ഗുണ്ടാ ആക്രമണം ഭയന്ന് ആരും വരാന്‍ തയ്യാറായില്ല. ഇതോടെ റവന്യൂ ഉദ്യോഗസ്ഥ സംഘം മണ്ണെടുക്കേണ്ട സ്ഥലത്ത് നിന്നും മടങ്ങിപ്പോന്നു.
മണ്ണ് നീക്കിയ തൊഴിലാളികളെ വ്യാഴാഴ്ച രാത്രി ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പശ്ചിമഘട്ട സംരക്ഷണ സമിതി നല്‍കിയ പരാതിയില്‍ 2014ല്‍ ആണ് നെല്‍പ്പാടം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ഹൈക്കോടതി ആദ്യം ഉത്തരവിട്ടത്. എന്നാല്‍ മണ്ണെടുത്ത് നീക്കാനുള്ള പണമില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഉത്തരവ് നടപ്പാക്കിയില്ല. പണമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് നടപടി നടത്താനുള്ള ആറ് ലക്ഷം രൂപ സംഘടനാ ഭാരവാഹികള്‍ ഹൈക്കോടതിയില്‍ കെട്ടിവച്ചു. തുടര്‍ന്നും മണ്ണ് നീക്കം ചെയ്യാതെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഉത്തരവ് നടപ്പാക്കാന്‍ അധികൃതര്‍ കൂട്ടാക്കാതെ വന്നതോടെ വീണ്ടും സംഘടനാ ഭാരവാഹികള്‍ അഡ്വ ഭഗവത് സിംഗ് മുഖേന കോടതിയെ സമീപിക്കുകയും ഉടനടി മണ്ണ് നീക്കം ചെയ്തില്ലെങ്കില്‍ ജില്ലാ കളക്ടര്‍ കോടതിയില്‍ ഹാജരാകേണ്ടി വരുമെന്നും ഹൈക്കോടതി അന്ത്യശാസനം നല്‍കുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് വ്യാഴാഴ്ച നെല്‍പ്പാടത്തെ മണ്ണ് നീക്കാന്‍ റവന്യൂ അധികൃതര്‍ തയ്യാറായത്. എന്നാല്‍ ചില കാര്യങ്ങളില്‍ വ്യക്തത വരാനുള്ളതിനാല്‍ നടപടി നിര്‍ത്തിവച്ചതാണെന്നും സബ് കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം തുടര്‍നടപടി എടുക്കുമെന്നും തഹസില്‍ദാര്‍ (എല്‍.എ) പറഞ്ഞു.
എന്നാൽ ഉത്തരവ് നടപ്പാക്കുന്നത് ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം അട്ടിമറിക്കുകയാണെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ഭരവാഹികള്‍ പറഞ്ഞു.
പിന്നില്‍ രാഷ്ട്രീയ- ഉദ്യോഗസ്ഥ കൂട്ടുകെട്ട് – ബ്ലേഡ് വിരുദ്ധ സമിതി മണര്‍കാട്ടെ ബ്ലേഡ് -ഗുണ്ടാ സംഘങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ- ഉദ്യോഗസ്ഥ പൊലീസ് കൂട്ടുകെട്ടാണെന്ന് ബ്ലേഡ് മാഫിയ വിരുദ്ധ സമിതി കുറ്റപ്പെടുത്തി. ഗുണ്ടാ വിളയാട്ടവും ഭീഷണിപ്പെടുത്തലുകളും അവസാനിപ്പിക്കാന്‍ നടപടി എടുക്കണമെന്ന് സമിതി പ്രസിഡന്റ് ഒ.ഡി കുരിയാക്കോസ് ആവശ്യപ്പെട്ടു.മുൻപ് കാപ്പ കേസിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട മാലം സുരേഷ് ഇന്നലത്തെ സംഭവത്തോടെ കാപ്പാ ലിസ്റ്റിൽ കുടുങ്ങാനുള്ള സാധ്യതയേറി