ആര്യന്‍ ഖാന്‍ അറസ്റ്റിലായ മയക്കുമരുന്ന് കേസിന് മലയാളി ബന്ധം; ആര്യനും അര്‍ബാസ് മര്‍ച്ചന്റിനും മയക്കുമരുന്ന് നൽകിയത് ശ്രേയസ് നായരെന്ന് സൂചന; വിവരങ്ങൾ ലഭിച്ചത് ഇരുവരുടെയും മൊബൈൽ ചാറ്റിൽ നിന്ന്; മൂവരും ചില പാർട്ടികളിൽ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്; ശ്രേയസ് ആഡംബര കപ്പലിലെ യാത്ര മാറ്റിയത് അവസാന നിമിഷം; ചോദ്യംചെയ്യലിനിടെ ആര്യന്‍ പൊട്ടിക്കരഞ്ഞു
സ്വന്തം ലേഖിക
മുംബൈ: ആര്യന്‍ ഖാന്‍ അറസ്റ്റിലായ മയക്കുമരുന്ന് കേസിന് മലയാളി ബന്ധവുമെന്ന് സംശയം.
മലയാളിയെന്ന് കരുതുന്ന ശ്രേയസ് നായരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) കസ്റ്റഡിയിലെടുത്തു. ആര്യനും അര്‍ബാസ് മര്‍ച്ചന്റിനും ശ്രേയസ് നായരാണ് മയക്കുമരുന്ന് നല്‍കിയതെന്നാണ് സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ചയാണ് ശ്രേയസിനെ കസ്റ്റഡിയിലെടുത്തത്. ആര്യന്റെയും അര്‍ബാസിന്റെ മൊബൈല്‍ ചാറ്റില്‍ നിന്നാണ് ശ്രേയസിന്റെ വിവരം എന്‍സിബിക്കു ലഭിച്ചത്.
ഇവര്‍ മൂവരും മുമ്പും ചില പാര്‍ട്ടികളില്‍ ഒരുമിച്ചു പങ്കെടുത്തിരുന്നതായി ചാറ്റില്‍ നിന്നു വ്യക്തമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആര്യനുള്‍പ്പെടെയുള്ളവര്‍ പോയ ആഡംബരക്കപ്പലില്‍ ശ്രേയസും യാത്ര ചെയ്യാനിരുന്നതാണ്. എന്നാല്‍ അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു.
ആരാണ് ലഹരിമരുന്നു നല്‍കിയതെന്ന് ആര്യനും അര്‍ബാസും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി എന്‍സിബി ആര്യനെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ട്.
മുംബൈയിലെ കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് ആര്യന്‍ ഖാനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. കപ്പലില്‍ നടക്കുന്ന പാര്‍ട്ടിയില്‍ നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്‍.സി.ബിയുടെ പരിശോധന. ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുന്മുന്‍ ധമേച്ച എന്നിവരെയാണ് എന്‍.സി.ബി ചോദ്യം ചെയ്തുവരുന്നത്.
നൂപുര്‍ സതിജ, ഇഷ്മീത് സിങ് ഛദ്ദ, മോഹക് ജയ്സ്വാള്‍, ഗോമിത് ചോപ്ര, വിക്രാന്ത് ചോക്കര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. ഇവരില്‍ നിന്ന് കൊക്കെയ്ന്‍, ഹാഷിഷ്, എം.ഡി.എം.എ തുടങ്ങിയ നിരോധിത മയക്കുമരുന്നുകളാണ് പിടികൂടിയത്.
എന്‍.സി.ബി നടത്തിയ ചോദ്യം ചെയ്യലിൽ നാലുവര്‍ഷമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ആര്യന്‍ ഖാൻ വെളിപ്പെടുത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനിടെ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ആര്യന്‍ ഖാന്‍ പൊട്ടിക്കരഞ്ഞതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ബ്രിട്ടനിലും ദുബായിലും താമസിച്ചിരുന്ന സമയത്ത് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും ആര്യന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ആര്യന്‍ ഖാന്റെ ലെന്‍സ് കെയ്‌സില്‍ നിന്നടക്കം ലഹരിമരുന്ന് കണ്ടെടുത്തതായി എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു. യുവതികളുടെ സാനിറ്ററി പാഡുകള്‍ക്കിടയില്‍ നിന്നും മരുന്ന് പെട്ടികളില്‍ നിന്നും ലഹരിമരുന്ന് കണ്ടെടുത്തിട്ടുണ്ട്. ചരസ്, എം.ഡി.എം.എ, കൊക്കെയ്ന്‍ തുടങ്ങിയ ലഹരിമരുന്നുകളാണ് ഇവര്‍ സൂക്ഷിച്ചിരുന്നത്.
ലഹരിമരുന്നുകളെ സംബന്ധിച്ച് ആര്യനും സുഹൃത്തുക്കളും നടത്തിയ വാട്‌സാപ്പ് ചാറ്റുകളും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. 13 ഗ്രാം കൊക്കെയ്നും 21 ഗ്രാം ചരസും 22 എംഡിഎംഎ ഗുളികകളും അഞ്ച് ഗ്രാം എംഡിയുമാണ് പിടിച്ചെടുത്തത്. 1.33 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടിയതായി എന്‍സിബി കോടതിയെ അറിയിച്ചു. ആര്യനും സുഹൃത്തുക്കളും ലഹരിമരുന്ന് വാങ്ങിയതിനും വിറ്റതിനും തെളിവുണ്ടെന്നും എന്‍സിബി കോടതിയില്‍ പറഞ്ഞു.
ആര്യന്‍ ഖാനാണ് കേസിലെ ഒന്നാം പ്രതി. ആര്യനെയും രണ്ട് സുഹൃത്തുക്കളെയും മുംബൈ കോടതി ഒരു ദിവസത്തേക്ക് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയില്‍ വിട്ടു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ആര്യനടക്കം എട്ട് പേരുടെ അറസ്റ്റ് എൻസിബി രേഖപ്പെടുത്തിയത്.